മനുഷ്യസൃഷ്ടി - (വേദവിഹാരം: കെ.വി.സൈമൺ)
കെ.വി.സൈമൺ ബൈബിളിലെ പഴയ നിയമത്തെ അധികരിച്ച് ദ്രാവിഡ വൃത്തത്തിൽ രചിച്ച മഹാകാവ്യമാണ് വേദവിഹാരം. മനുഷ്യൻ്റെ ഉത്പത്തിയെയും കർമ്മനൈരന്തര്യങ്ങളെയും വളരെ മനോഹരമായി പ്രതിപാദിക്കുന്ന കൃതിയാണത്. പ്രൗഢഗംഭീരമായ ഒരു മതഗ്രന്ഥത്തിന് ഉചിതമായ കാവ്യഭാഷ ചമയ്ക്കുകയായിരുന്നു കെ.വി.സൈമൺ. വേദവിഹാരം ഉത്തമമായ മഹാകാവ്യമാണ്.
അമ്പത് അദ്ധ്യായങ്ങളും ഏകദേശം ആറായിരം ഈരടികളുമുള്ള ഒരു ഇതിഹാസകാവ്യമാണ് വേദവിഹാരമെന്ന് 'മലയാളകവിതാ സാഹിത്യചരിത്ര'ത്തിൽ ഡോ.എം.ലീലാവതി പ്രശംസിക്കുന്നു. അനർഗ്ഗളമായ വചോവിലാസവും അഗാധമായ സംസ്കൃത ഭാഷാ പാണ്ഡിത്യവും നൂതനമായ കല്പനകളും സമൃദ്ധമായ ഉക്തി വൈചിത്ര്യങ്ങളും ഈ കൃതിക്ക് ആഴവും പരപ്പും നല്കിയിരിക്കുന്നുവെന്നാണ് ലീലാവതിട്ടീച്ചറുടെ വിലയിരുത്തൽ.
ഹൈന്ദവ സാഹിത്യത്തിനു വേണ്ടി എഴുത്തച്ഛൻ ചെയ്തതെന്തോ, അതു തന്നെയാണ് ക്രൈസ്തവ സാഹിത്യത്തിനു വേണ്ടി സൈമണും സാധിച്ചിരിക്കുന്നതെന്ന ശങ്കരൻ നമ്പ്യാരെന്ന നിരൂപകൻ്റെ അഭിപ്രായം ടീച്ചർ ഉദ്ധരിച്ചിട്ടുണ്ട്. എന്നിരുന്നാലും കവി ഉദ്ദേശിച്ച ഫലപ്രാപ്തിയിലേക്ക് എത്തിച്ചേരാനായോ എന്നുള്ളത് സംശയാസ്പദമാണ്. കവിയും ബഹുഭാഷാപണ്ഡിതനും ഗ്രന്ഥകാരനും അദ്ധ്യാപകനുമാണ് മഹാകവി കെ.വി.സൈമൺ. 1883 ൽ ഇടയാറന്മുളയിലാണ് ജനനം. ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. സംഗീതതല്പരൻ കൂടിയായിരുന്നു മഹാകവി. വേദ വിഹാരം കൂടാതെ നിശാകാലം (സംസ്കൃത കാവ്യം), സംഗീത രത്നാവലി (കീർത്തന സമാഹാരം), നല്ല ശമര്യൻ (കാവ്യം), ഉത്തമഗീതാ വ്യാഖ്യാ (സോളമഗീതങ്ങളുടെ വ്യാഖ്യാനം) എന്നീ കൃതികളും രചിച്ചു. 1931 ൽ വേദവിഹാരം ഉള്ളൂർ.എസ്.പരമേശ്വരയ്യരുടെ അവതാരിക, മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ പ്രസ്താവന, ഒ.എം.ചെറിയാൻ്റെ പ്രവേശകം എന്നിവ ചേർത്ത് ടിപ്പണി സഹിതം പ്രസിദ്ധീകരിച്ചു. 1943ൽ മഹാകവി കെ.വി.സൈമൺ വിടവാങ്ങി. വേദവിഹാരത്തെ ഗണനീയമായ ഒരു മഹാകാവ്യമായി 'കൈരളിയുടെ കഥ'യിൽ എൻ.കൃഷ്ണപിള്ള പരിഗണിക്കുന്നുണ്ട്.
ബൈബിൾ പഴയനിയമം ദൈവത്തിൻ്റെ സൃഷ്ടി പ്രവർത്തനങ്ങൾ വിശദമാക്കുന്നു. പഴയനിയമം ആരംഭിക്കുന്നതു തന്നെ, ' ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മീതെ പരന്നിരുന്നു. ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു'' എന്ന് പറഞ്ഞു കൊണ്ടാണ്. തുടർന്ന് വെളിച്ചം ഉണ്ടാകാൻ ദൈവം കല്പിക്കുന്നു. വെളിച്ചത്തെ ഇരുട്ടിൽ നിന്നും ദൈവം വേർതിരിച്ചു. വെളിച്ചത്തിന്നു പകൽ എന്നും ഇരുട്ടിന് രാത്രി എന്നും വിളിച്ചു. ഒന്നാം ദിവസത്തെ പ്രവൃത്തി ഇതായിരുന്നു. രണ്ടാം ദിവസം ആകാശം സൃഷ്ടിച്ചു. മൂന്നാം ദിവസം കര സൃഷ്ടിച്ചു. ചെടികളും വൃക്ഷങ്ങളും ഉളവായി. നാലാം ദിവസം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചു. നക്ഷത്രങ്ങളും സൃഷ്ടിക്കപ്പെട്ടു. അഞ്ചാം ദിനം ജലജീവികളെയും പക്ഷികളെയും സൃഷ്ടിച്ചു. ആറാം ദിനം വിവിധയിനം ജന്തുജാതികൾ ഉളവായി. അനന്തരം ദൈവം തൻ്റെ പ്രതിച്ഛായയിൽ തനിക്ക് സദൃശനായി, എല്ലാത്തിനും അധിപനായി, അധികാരം ഉള്ളവനായി മനുഷ്യനെ സൃഷ്ടിച്ചു. സന്താനപുഷ്ടിയോടെ പെരുകി, ഭൂമിയിൽ നിറഞ്ഞ് ഭൂമിയെ കീഴടക്കാൻ ദൈവം അനുഗ്രഹിച്ചു. "വിത്തുള്ള എല്ലാ ഇനം ചെടികളും വിത്തുള്ള ഫലം കായ്ക്കുന്ന എല്ലാ ഇനം വൃക്ഷങ്ങളും ഭൂമുഖത്ത് നിങ്ങൾക്ക് ഞാൻ തന്നിരിക്കുന്നു. അവ നിങ്ങൾക്ക് ഭക്ഷണമായിരിക്കും'' എന്ന് ദൈവം പറഞ്ഞു. ജീവശ്വാസം ഉള്ള സകലതിനും ആഹാരമായി പച്ചസസ്യങ്ങളെ ദൈവം നല്കി. ഇപ്രകാരമാണ് സൃഷ്ടികർമ്മത്തെക്കുറിച്ചുള്ള വർണ്ണന നല്കിയിട്ടുള്ളത്. വളരെ സരളവും സുതാര്യവുമായ ബൈബിൾ പ്രതിപാദനത്തെ ഹൃദ്യവും ആപാദമധുരവുമാക്കുകയാണ് കെ.വി.സൈമൺ. സ്രഷ്ടാവിൻ്റെ സൃഷ്ടിവൈഭവത്തെ കവി പുകഴ്ത്തുന്നു. ഓരോ ദിനവും വളരെ വൈവിദ്ധ്യമാർന്ന സൃഷ്ടികർമ്മങ്ങളിൽ വ്യാപൃതനായ ഈശ്വരൻ ഏറ്റവും വിശിഷ്ടമായതും മഹത്തായതുമായ സൃഷ്ടികർമ്മത്തിനൊരുങ്ങുകയാണ്.
എന്തിനു വേണ്ടിയാണ് എല്ലാ സൃഷ്ടികർമ്മങ്ങളിലും വെച്ച് മഹത്തും ഉജ്വലവുമായ മനുഷ്യസൃഷ്ടിക്ക്, സൃഷ്ടികളുടെ പൂർണ്ണത സാക്ഷാത്കരിക്കുന്നതിന് ഈശ്വരൻ ഒരുങ്ങിയത്? അതിന് വ്യക്തമായ ഉത്തരമുണ്ട്. ഈ ധരണിക്ക്, ഭൂമിക്ക്, ഒരു നാഥൻ, അഥവാ അധീശൻ വേണമായിരുന്നു. അതിനാൽ ഭൂമിയിലെ പൊടിയെടുത്ത് മനുഷ്യനെ സൃഷ്ടിക്കുകയും അവൻ്റെ മൂക്കിൽ ദൈവം ജീവശ്വാസം ഊതുകയും ചെയ്തു. ഇതോടെ ആദിയിൽ പുരുഷൻ്റെ പുറപ്പാടായി. ബുദ്ധിവൈഭവത്തോടു കൂടിയവനും കർമ്മത്തിൽ സ്വതന്ത്രനുമായ മനുഷ്യനെ അവൻ നിർമ്മിച്ചു. ഈ പ്രപഞ്ചത്തിൽ അവനെ ഏകനാക്കാൻ ദൈവത്തിന് താല്പര്യമുണ്ടായിരുന്നില്ല. അതിനാൽ ദൈവം അവനെ ഉറക്കിക്കിടത്തി. എന്നിട്ട്, അവൻ്റെ വാരിയെല്ലൊന്ന് എടുത്തു. അതിനെക്കൊണ്ട് ഏറ്റവും മനോഹരിയായ ഒരുവളെ, ആദി പുരുഷനായ ആദമിന് കൂട്ടായി സൃഷ്ടിച്ചു. ലോകൈകസുന്ദരിയും ലോകനാഥയും ലോകമാതാവുമായുള്ള ഒരു സ്ത്രീയെയാണ് ദൈവം ചമച്ചത്. അങ്ങനെ ആദമിന് കൂട്ടായി ഹവ്വയെ ദൈവം സൃഷ്ടിച്ചു. സൃഷ്ടികർമ്മത്തിനു ശേഷം ആ സുന്ദരിയെ ആദം ഉറക്കം വിട്ടെഴുന്നേൽക്കും സന്ദർഭത്തിൽ തന്നെ കാണാനായി, അവനെ അത്ഭുതപ്പെടുത്താനായി, മുന്നിൽ നിർത്തി. ആദമിൻ്റെ വിസ്മയലോകത്തെയാണ് കവി തുടർന്ന് വർണ്ണിക്കുന്നത്. ആദം സാവധാനത്തിൽ ഉറക്കം വിട്ടെഴുന്നേറ്റു. ആശ്ചര്യത്തിൻ്റെ അത്ഭുത പ്രപഞ്ചമാണ് അവനെ എതിരേറ്റത്. കനലിന് സമാനം കിഴക്ക് ഉദിച്ചുയരുന്ന സൂര്യനാണോ ഇതെന്ന് ആദം ആശങ്കപ്പെടുന്നു.തുടർന്നുള്ള അവൻ്റെ ആശങ്ക കവി ഹൃദയഹാരിയായി ആവിഷ്കരിക്കുന്നു:
''ഹന്ത! മിന്നലീഭൂവിൽ പിണ്ഡിതാകൃതിയായോ?
ചന്ദ്രനെ വെടിഞ്ഞിങ്ങു ചന്ദ്രിക വരാവതോ?
സാന്ദ്ര സൗഭാഗ്യമൂർത്തിയെന്തൊരു നവസൃഷ്ടി?
വാനപ്പരിഷയിലാരാനുമാണോ? വരി- ല്ലാനനാലികൾക്കല്പ ഭേദമുണ്ടോർത്തു കണ്ടാൽ"
പ്രഭാപൂരിതമായ മിന്നൽ ഈ ഭൂമിയിൽ രൂപമെടുത്തതാണോ? നിലാവ് ചന്ദ്രനെയുപേക്ഷിച്ച് വന്നതാണോ? സൗഭാഗ്യം രൂപമെടുത്തതുപോലുള്ള ഈ നവരൂപം ആശ്ചര്യകരം തന്നെ. സ്വർല്ലോകപ്പരിഷകളിലാരാനുമാണോ? ഓർത്തുനോക്കിയാൽ മുഖ, പ്രകൃതങ്ങൾക്ക് സ്വല്പം മാറ്റമുണ്ട്. അതിനാൽ അതാവില്ല. എൻ്റെ ഹൃദയത്തെ ഒരു വാനവനും - ദേവനും - ഇന്നോളം ഇതുപോലെ കവർന്നിട്ടില്ല. മുടിക്കെട്ടിൻ്റെ ഭംഗിയും ശരീരത്തിൻ്റെ കാന്തിയും താമരപ്പൂവുപോലെ ശോഭിക്കുന്ന മുഖവും അവർണ്ണനീയം തന്നെ. മൃഗങ്ങൾപോലും ആ വശ്യമനോഹരമായ പുഞ്ചിരിക്കടിപ്പെടും. ഇളംചെമപ്പു നിറമുള്ള ചുണ്ടുകളും കൊച്ചോളങ്ങൾ ഇളകും പോലുള്ള പുരികങ്ങളും മനോഹരങ്ങളായ ദന്തങ്ങളും അതിസുന്ദരമായ നാസികയും പേടമാൻപോലും കീഴ്പെടുന്ന സുന്ദരങ്ങളായ കണ്ണുകളും ഉറുമാമ്പഴം (ദാഡിമം) തോറ്റു പോകുംമട്ടിൽ അരുണാഭമായ കവിൾത്തടങ്ങളും അത്യാകർഷകം തന്നെ. വേഗത്തിൽ ഗമിക്കുന്നവനാണ് വായു. അവന് സമാനമായ മുഖപ്രസാദവും ആദമിന് അത്ഭുതമുണ്ടാക്കുന്നു. ഈ സൗന്ദര്യ ധാമത്തിന് മുന്നിൽ ദേവികൾ പോലും ആശ്ചര്യപരതന്ത്രരാകും.
അതുല്യമായ ഒരു ശക്തി ഈ സുന്ദരിക്കു സമീപത്തേക്ക് തന്നെ ആകർഷിച്ചു നയിക്കുന്നതായി ആദമിനു തോന്നി. ഇനിയും ഇങ്ങനെ കിടക്കുന്നത് ശരിയല്ല. പെട്ടെന്ന് അവളുടെ സമീപത്തേക്ക് ഓടിച്ചെന്ന് നിറഞ്ഞ കാന്തി ചൊരിയുന്ന അവളെ പ്രേമപൂർവം ആലിംഗനം ചെയ്യണമെന്ന അഭിനിവേശം അവനിലുളവായി. ഈ ആഗ്രഹം സ്വയം പറഞ്ഞുകൊണ്ട് അവൻ ആ സ്ത്രീരത്നം നില്ക്കുന്ന സ്വർണ്ണപ്രഭ ചിതറുന്ന ദിക്കിൽ വേഗമെത്തി. ഐശ്വര്യദായിനിയായ താമരപ്പൂവിൽ സംഗമദാഹത്താൽ - തേൻ നുകരുന്നതിനായി - വർദ്ധിതസന്തോഷത്തോടെ പാഞ്ഞണയുന്ന വണ്ടെന്നതുപോലെ അവളുടെ അംഗങ്ങൾ ആലിംഗനം ചെയ്ത് അവൻ നിർവൃതി പൂണ്ടു. അല്ലയോ സർവേശ്വരാ, ആശ്ചര്യകരം തന്നെ അങ്ങയുടെ വ്യാപാരങ്ങൾ. പ്രേമമാകുന്ന അഗ്നിയാൽ അങ്ങ് ദു:ഖത്തെ ഭസ്മമാക്കുന്നു. വളരെ ആഴത്തിൽ ചുഴിഞ്ഞിറങ്ങുന്നതാണ് ഈ പ്രണയം. അഗാധതയെപ്പോലും സമമായി കാണുന്ന അവസ്ഥ ഇതുളവാക്കുന്നു. പ്രണയം അഥവാ സ്നേഹം ഏകാകിതയില്ലാതാക്കും. രോഗോന്മുഖതയകറ്റുന്നു. ആരോഗ്യം പ്രദാനം ചെയ്യുന്നു. ജീവിതത്തെ അത് തൃണമാക്കുന്നു. നിമിഷത്തെ യുഗമാക്കുന്നു. ഭാവനാശക്തി വളർത്തുന്നു. ആശങ്കകളെ അത് നിരാകരിക്കുന്നു. ബന്ധനങ്ങളെ- തടവറകളെ - കെട്ടുപാടുകളെ - അത് അപ്രസക്തമാക്കുന്നു. ചങ്ങലക്കെടുകളെ പൊട്ടിച്ച് സ്വാതന്ത്ര്യത്തിൻ്റെ ഭൂമിയിലെത്താനുള്ള പ്രേരണ അത് നല്കുന്നു. ഘോര നരകത്തെപ്പോലും സ്വർഗ്ഗമാക്കാൻ ഇതിനാൽ സാധിക്കും. എന്താണ് പ്രണയത്താൽ അസാദ്ധ്യമായിട്ടുള്ളത്? ജ്ഞാനവും ആനന്ദവും അസ്തിത്വവും (നിലനില്പ്) ഈ മൂന്നു ഘടകങ്ങളും പ്രണയത്തിൽ ലയിച്ച ആത്മാവിൻ്റെ അഴകിൽ നിന്നുമൊഴുകുന്നതാണ്. സന്തോഷത്തിൻ്റെ കുളിരൊളി പകരുന്ന പ്രേമാസ്വാദനം ദു:ഖം നിറഞ്ഞ മനസ്സുകളെ വിശുദ്ധമാക്കാനുള്ള, ദു:ഖമകറ്റാനുള്ള, സിദ്ധൗഷധമാണ്.
ആദം അസാമാന്യമായ സന്തോഷ സമുദ്രത്തിലാണ്ടു. ഉറക്കെ അവൻ വിളിച്ചുപറഞ്ഞു:" ഈ സുന്ദരരൂപം എൻ്റെ മാംസാസ്ഥികളുടെ ഭാഗമാണല്ലോ. ഈശ്വരൻ നരനിൽ നിന്നാണ് ഇവളെ സൃഷ്ടിച്ചത്. അതിനാൽ, ഇവളെ നാരിയെന്ന് വിളിക്കാം. ഇക്കാരണത്താൽ, മാതാപിതാക്കളെ പിരിഞ്ഞ് അതുല്യമായ സ്നേഹ സമുദ്രമായ സ്വന്തം ഭാര്യയിൽ പുരുഷൻ പൂർണ്ണമനസ്സോടെ ചേരും. രണ്ടു വ്യക്തികൾ ഈ ബന്ധത്തിലൂടെ ഒന്നാകും.''
ആദിപുരുഷൻ ഇപ്രകാരം ഘോഷിക്കെ, വർദ്ധിച്ച സൗഹൃദത്തോടെ സ്രഷ്ടാവ് അനുഗ്രഹങ്ങൾ ചൊരിഞ്ഞു:
"സ്ത്രീ പുരുഷന്മാരാകുന്ന നിങ്ങൾ നിരവധി സന്താനങ്ങൾക്ക് കാരണമാവട്ടെ. സമുദ്രമടക്കമുള്ള സകല ചരാചരത്തെയും നിങ്ങൾ പരിപാലിക്കിൻ. നിങ്ങൾക്ക് തിന്നാനായി നല്ല പഴവർഗ്ഗങ്ങളെയും മറ്റും ഇതാ തരുന്നു. മറ്റു ജന്തുക്കൾക്കും അത് ഉപകാരപ്രദമാകും."
ഇപ്രകാരം പറഞ്ഞുകൊണ്ട് ഈശ്വരൻ ഭൂമിയിലുള്ള സൃഷ്ടി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഏഴാം നാളിൽ വിശ്രമിച്ചു. ആറു പകലിൽ ഈശ്വരൻ നിർവഹിച്ച ഗംഭീരമായ സൃഷ്ടികർമ്മം വിവിധ ദേശക്കാരുടെ പുരാവൃത്തങ്ങളിൽ പതിഞ്ഞു കിടപ്പുണ്ട്.
പഴയ നിയമത്തെ ഹൃദയഹാരിയായി ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവരിലേക്ക് പകരാനുള്ള ശ്രമമാണ് കെ.വി.സൈമൺ എന്ന മഹാകവി നടത്തിയിട്ടുള്ളത്. അതിൽ പ്രഥമ ഭാഗം മാത്രമാണ് ഇവിടെ ചർച്ച ചെയ്തിട്ടുള്ളത്. മഹാകാവ്യങ്ങളുടെ പൊതുവെയുള്ള ദുർഘട ഘടനയും ജനകീയ പ്രാപ്തിക്കുറവും പരിഹരിക്കാനുള്ള ശ്രമങ്ങൾ, ഭാഷാപദങ്ങൾക്ക് പ്രാധാന്യം നല്കിയും ദ്രാവിഡ വൃത്തം സ്വീകരിച്ചും തരണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മതവീക്ഷണത്തിലൂന്നുന്നതെങ്കിലും വേദവിഹാരം ഭാഷയുടെ ശ്രേഷ്ഠത വിളംബരം ചെയ്യാൻ ഉത്സാഹം കാട്ടിയിട്ടുള്ള കൃതി കൂടിയാണ്. അത് തെളിയിക്കുന്നതാണ് മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള വർണ്ണന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ