പൊൻകുന്നം വർക്കി': പുരോഗമന കലാപകാരി

 സുഹൃത്തുക്കളേ,


കലയും സാഹിത്യവും ഇന്നും ഭരണകൂടങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും നോട്ടപ്പുള്ളികൾ തന്നെയാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും സ്വതന്ത്ര ഇന്ത്യയിൽ ഉള്ള ആവിഷ്കാരസ്വാതന്ത്ര്യം പോലും ആരുടെയൊക്കെയോ ഔദാര്യമാണെന്ന അവസ്ഥ വന്നുചേർന്നിരിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ഭരണകൂടവിരുദ്ധവും ദേശദ്രോഹവുമായി മുദ്രകുത്തപ്പെടുന്നു. മത-ജാതി വിഭാഗങ്ങളിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും യുക്തിപൂർവം വിമർശിക്കുന്നവരെ  മത-ജാതി ആക്ഷേപകരെന്ന്  ബ്രാൻഡ് ചെയ്ത് പാരമ്പര്യവാദികൾ ക്രൂശിക്കുന്നു. അന്ധവിശ്വാസ നിർമ്മാർജ്ജനാർത്ഥം മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന പുരോഗമന പ്രവർത്തകർ വെടിയേറ്റ് കൊല്ലപ്പെടുന്നു. സിനിമകളിലും രംഗാവതരണങ്ങളിലും മത ദൂഷ്യപരാമർശമുണ്ടെന്ന്  ആരോപിച്ച് സെറ്റുകളും വേദികളും തകർക്കുന്നു. എഴുത്തുകാരനെയും കലാകാരനെയും വിലക്കുവാനുള്ള തൻ്റേടം വർഗ്ഗീയ വാദികൾക്കും സ്ഥാപിത പാരമ്പര്യവാദികൾക്കും പ്രതിലോമകർക്കും കൈവന്നിരിക്കുന്നു. ഇന്ന് സ്വന്തം കൈപ്പത്തിയെക്കുറിച്ച് ഓരോ അദ്ധ്യാപകനും ബോധവാനാണ്. സ്വന്തം കുടുംബത്തെക്കുറിച്ചുള്ള വേവലാതി ഓരോ സാമൂഹിക-പരിസ്ഥിതി പ്രവർത്തകനിലുമുണ്ട്. ഈ മൂർത്ത സാഹചര്യത്തിൽ വളരെ പരിമിതമാണ് ആവിഷ്കാരസ്വാതന്ത്ര്യമെന്ന തിരിച്ചറിവിലാണ്, രചനകൊണ്ട് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ കടുംകെട്ടുകളെയും വിലക്കുകളെയും  തകർത്തെറിഞ്ഞ പൊൻകുന്നം വർക്കിയെന്ന പ്രതിഷേധകനായ സാഹിത്യ നായകൻ്റെ പ്രസക്തി നാം തിരിച്ചറിയുന്നത്.


പൊൻകുന്നം വർക്കിയെന്ന പേര് ഇന്നും ഏതൊരു വായനക്കാരനെയും ആളിക്കത്തുന്ന വിപ്ലവജ്വാലയെ ഓർമ്മിപ്പിക്കുന്നു.  തൻ്റെ നിശിതമായ രചനകളിലൂടെ ഭരണകൂടാധികാരത്തെയും മതപൗരോഹിത്യത്തെയും ഇത്രമാത്രം വിഭ്രമിപ്പിച്ച മറ്റൊരെഴുത്തുകാരനുണ്ടാകില്ല. തകഴി, പി.കേശവദേവ്, ബഷീർ, പൊറ്റെക്കാട്, കാരൂർ മുതലായ സാഹിത്യകാരന്മാർക്ക് സമശീർഷനും എന്നാൽ, തൂലികയിൽ നിന്നും പ്രതിഷേധാഗ്നി ഒഴുക്കുന്നതിൽ അഗ്രഗണ്യനുമാണ് പൊൻകുന്നം വർക്കി. ഒരു കാലഘട്ടത്തിൻ്റെ സമരോജ്വലമായ ആവേശമാണ് അദ്ദേഹത്തിൻ്റെ രചനകളിൽ നിറഞ്ഞു നിന്നത്. കടുത്ത ദാരിദ്ര്യം കണ്ടും അനുഭവിച്ചും വളർന്ന ഒരു ബാല്യകാലം വർക്കിക്കുണ്ടായിരുന്നു. 1910 ൽ ആലപ്പുഴയിലെ എടത്വയിൽ ജനിച്ചു. ആറാം വയസ്സിലായിരുന്നു പിതാവിൻ്റെ മരണം. അതോടെ കോട്ടയത്തെ പൊൻകുന്നത്തുള്ള അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ജീവിതദുരിതങ്ങളോട് എന്നും മുഖാമുഖം നിന്ന അദ്ദേഹം മലയാളവിദ്വാൻ പരീക്ഷ പാസ്സായതിനെത്തുടർന്ന് കത്തോലിക്കാ സ്കൂളിൽ അദ്ധ്യാപകനായി. പള്ളിമേധാവികളുമായി കടുത്ത എതിർപ്പിലായ അദ്ദേഹം ആ ജോലിയിൽ തുടർന്നില്ല. പാമ്പാടി സർക്കാർ സ്കൂളിൽ അദ്ധ്യാപകനായെങ്കിലും നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ ആകൃഷ്ടനായതോടെ അതും ഉപേക്ഷിച്ച് സമരഭൂമികയിലേക്ക് ഇറങ്ങുകയായിരുന്നു.


വർക്കി പൗരോഹിത്യത്തെ എതിർക്കാൻ കാരണമെന്താണ്? വർക്കി പൊൻകുന്നത്ത് എത്തിയതോടെ അദ്ദേഹം കണ്ടത് ദരിദ്രരെയും അവശ വിഭാഗങ്ങളെയും പിഴിയുന്ന ചൂഷകരായ മതമേധാവികളെയാണ്. പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാത്ത മതം കൊണ്ട് എന്ത് ഗുണം? മതനന്മയെക്കുറിച്ചും ക്രിസ്തുവിൻ്റെ ത്യാഗത്തെക്കുറിച്ചും   വ്യക്തമായ ധാരണയുള്ള വർക്കിക്ക് അതിനെ പുരോഗമനവിരുദ്ധമായും സ്വാർത്ഥ താല്പര്യത്തോടെയും  പ്രയോഗിക്കുന്ന വരേണ്യവിഭാഗത്തോട്  യോജിക്കാനായില്ല. സാധുക്കളെ പരിഗണിക്കുന്നില്ലെന്നത് പോകട്ടെ, അവരെ നിസ്സാര കാരണത്താൽ ഹിംസിക്കുന്നതും ദാരിദ്ര്യത്തിൻ്റെ പേരിൽ ആക്ഷേപിക്കുന്നതും അദ്ദേഹത്തിന് അസഹ്യമായിരുന്നു. മാനവികത വറ്റിയ മത സമീപനങ്ങൾക്കെതിരായ ചാട്ടവാറാക്കി വർക്കി തൻ്റെ രചനകളെ മാറ്റി. മതമേധാവികളുടെ അസാന്മാർഗ്ഗിക ജീവിതവും മനുഷ്യത്വരാഹിത്യവും പല കഥകളിലും അദ്ദേഹം അവതരിപ്പിച്ചു. പാളേങ്കോടൻ, അന്തോണീ നീയുമച്ചനായോടാ?, രണ്ടു ചിത്രം, കുറ്റസമ്മതം മുതലായ കഥകൾ ഉദാഹരണം. അധികാരത്തോടുള്ള മതത്തിൻ്റെ അനാശാസ്യവേഴ്ച വർക്കിയെ പ്രകോപിതനാക്കി. 'അവരുടെ ഭ്രാന്തൻ' എന്ന കഥയിലെ ദരിദ്രവൃദ്ധൻ ഇല്ലായ്മയിൽ ആത്മഹത്യയ്ക്കൊരുങ്ങെ, ഇത് പാപമല്ലേ എന്നു ചോദിച്ച മകളായ സാറയോട് അവളുടെ ബൈബിൾ ചുടാൻ പറയുന്നു. കുടിക്കുവാൻ കഞ്ഞിയും ഉടുക്കുവാൻ വസ്ത്രവും കിടക്കുവാൻ സ്ഥലവുമില്ലാത്ത നിനക്ക് എന്തിന് ബൈബിൾ എന്നാണ് വൃദ്ധൻ്റെ ചോദ്യം. മനുഷ്യനേക്കാൾ വലുതല്ല ബൈബിൾ. മനുഷ്യനാണ് പ്രധാനമെന്ന ചിന്ത മാർക്സിസത്തിൽ നിന്നും അദ്ദേഹം കൈപ്പറ്റിയതാണ്. ഇല്ലായ്മ ദൂരീകരിക്കാനാകാത്ത മതം കൊണ്ട് എന്തുകാര്യമാണ് വ്യക്തിക്ക് ഉള്ളത്? രണ്ടു ചിത്രം എന്ന കഥ വികാരിയേക്കാളും അശരണസ്നേഹം വേശ്യക്കുണ്ടെന്ന് വാദിക്കുന്നു. ദുഷ്ടതയും പണാർത്തിയുമാണ് വികാരിയെ ദുരാചാരിയാക്കുന്നത്. ബൈബിൾ എന്ന കഥയും രൂക്ഷമായ മതവിമർശനം തന്നെ. മതപരിവർത്തനത്തിലൊളിഞ്ഞു കിടക്കുന്ന വഞ്ചനയിലേക്ക് കഥാകൃത്ത് മിഴി തുറക്കുന്നു. അന്തോണീ നീയുമച്ചനായോടാ എന്ന കഥ അസാന്മാർഗ്ഗികതയുടെ കൂടാരങ്ങളായി മാറിയ മതവക്താക്കളെ രൂക്ഷമായി അപലപിക്കുന്നു. സാധുക്കളുടെ നേർക്കുള്ള എല്ലാവിധ അധികാരപ്രയോഗങ്ങളെയും വർക്കി ഭർത്സിച്ചു. അദ്ദേഹത്തിൻ്റെ വിമർശവും ആക്ഷേപവും ഭരണകൂടങ്ങൾക്ക് വലിയ പ്രഹരമായിരുന്നു. അതിനാൽ കഥയെഴുതിയതിൻ്റെ പേരിൽ വർക്കി കാരാഗൃഹത്തിലായി. അന്നത്തെ ഭരണകൂടങ്ങൾ ജനാധിപത്യ - മതേതരത്വ-സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 

സാമാന്യജനങ്ങൾക്ക് നീതി ലഭിക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങളിലേർപ്പെട്ടപ്പോഴാണ് മാർക്സിയൻ ചിന്തകളിൽ ആകൃഷ്ടനായത്. ശബ്ദിക്കുന്ന കലപ്പ പോലെയുള്ള കഥകൾ കർഷകൻ്റെ ദൈന്യത്തെ മിഴിവോടെ, യഥാതഥം  തുറന്നു കാട്ടി. മണ്ണും കർഷകനും തമ്മിലുള്ള ബന്ധത്തിന് വിഛേദമുണ്ടാക്കുന്ന സമീപനങ്ങൾ ഈ ആധുനിക കാലവിശേഷതയായി പരാമർശിക്കപ്പെടുന്നുണ്ടല്ലോ. മണ്ണുമായുള്ള കർഷകൻ്റെ ബന്ധം എത്രമാത്രം തീവ്രതരമായിരുന്നുവെന്ന ഗൃഹാതുരത അനുഭവിക്കാൻ ഈ കഥ വായിച്ചാൽ മതി. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതയാതനകളും പോരാട്ടവും ചിത്രീകരിക്കുന്ന മറ്റ് കഥകളുമുണ്ട്. ഇടിവണ്ടി, അച്ഛൻ കൊമ്പത്തേ, തൊഴിലാളി, റേഷൻ, ആ വാഴവെട്ട് മുതലായവ ചിലതു മാത്രം. തീർത്തും കൗടുംബികവും വികാരപരതയ്ക്ക് ഊന്നൽ നല്കുന്നതുമായ കഥകളും വർക്കി രചിച്ചിട്ടുണ്ട്.



1937ൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ ഘടകം കേരളത്തിലും രൂപം കൊണ്ടു. സാധാരണക്കാരൻ്റെ നിശ്വാസങ്ങൾ സാഹിത്യത്തിൽ മുദ്രണം ചെയ്യപ്പെട്ടു. ഫ്യൂഡൽമട്ടിൽ വരേണ്യ വിഭാഗത്തിൻ്റെ കുത്തകയായിരുന്ന സാഹിത്യലോകം അശരണരുടെയും മർദ്ദിതരുടെയും ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു. ജീവിത യാഥാർത്ഥ്യങ്ങൾ സാഹിത്യത്തിൽ ആഖ്യാനം ചെയ്യപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി ഉയർന്നു. സ്വപ്നം കാണുകയല്ല, പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് സാഹിത്യത്തിൻ്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെട്ടു. ഇതിന് സാമൂഹിക പരിവർത്തനം അനിവാര്യമാണ്. അതിനുള്ള ഉപാധിയായി കലാ സാഹിത്യാദികളെ അംഗീകരിച്ചു. പുരോഗമന സാഹിത്യത്തിന് കനപ്പെട്ട സംഭാവനകളാണ് വർക്കി നല്കിയത്. എഴുത്തിനെ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമാക്കുകയായിരുന്നു വർക്കിയെപ്പോലുള്ള സാഹിത്യകാരന്മാർ. വർക്കിയുടെ സാഹിത്യരചനകളാകട്ടെ പുരോഗമന സാഹിത്യത്തിൻ്റെ മികവുറ്റ മുദ്രകളായി. പുരോഗമന സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്.


വിറളി പിടിച്ച പൗരോഹിത്യവും വിറപൂണ്ട തിരുവിതാംകൂർ ദിവാനും സ്വാഭാവികമായും വർക്കിയ്ക്കെതിരായി. എന്നാൽ വർക്കിയെ പിന്തുണച്ചു കൊണ്ട് ഇവിടത്തെ പ്രബല പുരോഗമന വിഭാഗം രം‌ഗത്തുവന്നു. ഇരുട്ടിൻ്റെ ശക്തികൾക്കെതിരെ അക്ഷരത്തിൻ്റെ അഗ്നി കൊണ്ടുള്ള പടയോട്ടമായിരുന്നു അദ്ദേഹം നടത്തിയത്. വ്യക്തി സ്വതന്ത്രനാണ്. ഒപ്പം സമൂഹത്തിൻ്റെ അവിഭാജ്യ ഘടകവും. അവൻ്റെ സ്വാതന്ത്ര്യത്തിനെതിരു നില്ക്കുന്ന എല്ലാ പ്രതിലോമശക്തികളെയും വർക്കി അപലപിക്കുന്നു.


കർഷകരുടെയും തൊഴിലാളികളുടെയും പക്ഷത്താണ് വർക്കിയുടെ സാഹിത്യം നിലയുറപ്പിച്ചത്. സഹനത്തിൻ്റെ പാതയേക്കാളും തിരിച്ചടിയുടെ രഥ്യയാണ് വർക്കിക്ക് കൂടുതൽ പ്രിയം. അധികാരം വളരെ ശക്തവും സുസജ്ജവുമാണ്. അതിനെതിരെ ബഹുജനൈക്യമില്ലാതെ പോരാടാൻ വയ്യ. അതിനായി എഴുത്തിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാനും അവരെ പ്രക്ഷോഭത്തിൻ്റെ പാതയിൽ അണിനിരത്താനും അദ്ദേഹം തൂലിക പ്രയോജനപ്പെടുത്തി. അതിനാൽ ആശയപ്രചരണ വ്യഗ്രത അദ്ദേഹത്തിൻ്റെ പല കഥകളുടെയും സ്വഭാവമാണ്. 


ശക്തവും തൻ്റേടം നിറഞ്ഞതുമായ വർക്കിയുടെ വർഗ്ഗപരമായ നിലപാടുകൾ വർഗ്ഗശത്രുപക്ഷത്തിന് ഇടിവാളായി. അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടായി. ഭരണകൂടവിരുദ്ധ കഥകളെഴുതിയതിനാൽ 1946ൽ ആറു മാസത്തോളം വർക്കിയെ തടവിലിട്ടു. അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ താല്പര്യപ്രകാരമായിരുന്നു, അത്. പക്ഷേ, ആ വിപ്ലവകാരിയെ തളർത്താൻ അതു കൊണ്ടൊന്നും സാധിച്ചില്ലെന്നത് ചരിത്രം. സ്വന്തം നിലനില്പിനേക്കാളും സമൂഹത്തിൻ്റെ വിപ്ലവകരമായ പുരോഗതിയായിരുന്നു വർക്കി ലക്ഷ്യമാക്കിയത്. 1946ൽ എഴുതിയ മോഡൽ എന്ന കഥ അമേരിക്കൻമോഡൽ അറബിക്കടലിൽ എന്ന ജനകീയ മുദ്രാവാക്യത്തെ ആവിഷ്കരിക്കുന്നു. സി.പി.രാമസ്വാമി അയ്യരെന്ന തിരുവിതാംകൂർ ദിവാനെ നഖശിഖാന്തം വിമർശിക്കുകയാണിതിൽ. സി.പി.ഫ്രാൻസിസിൻ്റെ അമേരിക്കൻ മോഡൽ ഷർട്ട് തിരസ്കരിക്കുകയാണ് പാപ്പൻ എന്ന സാധാരണക്കാരൻ. എൻ്റെ ഷർട്ടിൻ്റെ മാതൃക ഞാൻ തന്നെ നിശ്ചയിക്കുമെന്ന് അയാൾ പ്രഖ്യാപിക്കുന്നു. സമകാലിക രാഷ്ട്രീയത്തെയാണ് ഇവിടെ പ്രമേയമാക്കിയിട്ടുള്ളത്. സ്വേച്ഛാധിപതികൾക്കെതിരായ ശക്തമായ എക്കാലത്തെയും വിമർശനമാണ് ഈ കഥ. മന്ത്രിക്കെട്ട്, കരിനിഴലുകൾ, ക്വിറ്റിന്ത്യാ, നേതാജി, എൻ്റെ സമര പ്രതിജ്ഞ മുതലായ കഥകൾക്കും ശക്തമായ രാഷ്ട്രീയ മാനങ്ങളുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് ഭരണം തൊഴിലാളികളും കർഷകരും ഉൾപ്പെടുന്ന നിസ്വജനതയെ വിസ്മരിച്ചപ്പോൾ വർക്കി തീവ്രമായി പ്രതികരിച്ചു. അതിൻ്റെ ഫലമാണ് പളളിച്ചെരുപ്പ്, ഡമോക്രസി, യാത്രക്കാരുടെ വണ്ടി മുതലായ കഥകൾ. ജന്മിത്വത്തിൻ്റെ ക്രൂരതയ്ക്കിരയാകേണ്ടി വന്ന കീഴാള വർഗ്ഗത്തിൻ്റെ ദൈന്യത വ്യക്തമാക്കുന്ന കഥകളാണ് ചാത്തൻ്റെ മകൾ, ആത്മഹത്യ മുതലായവ.


ബഹുമുഖമായ രാഷ്ട്രീയ സാമൂഹിക പരിസരത്തിലാണ് വർക്കി തൻ്റെ ഇടം കണ്ടെത്തിയത്. 1939 ൽ തിരുമുൽക്കാഴ്ചയെന്ന ഗദ്യകവിതയിലൂടെയാണ് അദ്ദേഹത്തിൻ്റെ സാഹിത്യരംഗപ്രവേശം. ഇതിന് മദിരാശി സർവകലാശാലയുടെ പുരസ്കാരവും ലഭിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടം തീക്ഷ്ണമായ കാലഘട്ടം. സ്വാതന്ത്ര്യവും സമത്വവും ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും മുഖ്യ അജണ്ടയായ കാലം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ തീവ്രതയാർന്നു. അടിമത്തത്തിനും ചൂഷണത്തിനുമെതിരെ, ഭരണകൂടത്തിൻ്റെ മർദ്ദക നയങ്ങൾക്കെതിരെ ജനരോഷം ഇരമ്പി. ജാതി ജന്മി മേധാവിത്വം തകരേണ്ടതാണെന്ന ചിന്ത സമൂഹത്തിൽ പ്രചരിച്ചു.  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ചനീചത്വങ്ങളും ദൂരീകരിക്കപ്പെടേണ്ടവയാണെന്ന ചിന്ത സാർവത്രികമായി. അറിവും അക്ഷരവും കീഴാളനിലേക്ക് പ്രസരിച്ചു. ഓരോ കലാകാരനും സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമാകണമെന്ന ആഹ്വാനം ഉയർന്ന കാലമായിരുന്നു അത്. തൂലികയും തൂമ്പയും മാത്രമല്ല, വാളും തോക്കും കലാകാരന് വഴങ്ങുമെന്ന് ബോദ്ധ്യപ്പെട്ട കാലം. കലാകാരൻ്റെ സാന്നിദ്ധ്യം സമൂഹത്തിന് ആവേശം വിതച്ച ഈ കാലഘട്ടത്തിൽ ഗദ്യകവിതയേക്കാളും മികച്ച വഴി കഥയാണെന്ന് വർക്കി തിരിച്ചറിഞ്ഞു. മുതലാളിത്തവും മതവും രാജവാഴ്ചയും ഒറ്റക്കെട്ടായി ചൂഷണാധിഷ്ഠിത സമീപനം വെച്ചു പുലർത്തുന്ന വ്യവസ്ഥിതി അപകടകരമാണെന്ന് വർക്കിക്ക് ബോദ്ധ്യമുണ്ടായിരുന്നു. 

വർഗ്ഗീയ കലാപങ്ങളും ജാതീയ സംഘർഷങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടാലേ സമൂഹം സ്വസ്ഥമാകൂ. 


മത വിമർശനം, ഭരണകൂട വിമർശനം, ഏഴകളോട് ആഭിമുഖ്യം, പുരോഗമനോന്മുഖത, ക്രിസ്തുവും മാർക്സും തമ്മിലുള്ള സാജാത്യം മുതലായ വിശേഷതകൾ അദ്ദേഹത്തിൻ്റെ കഥകളെ വർഗ്ഗ പ്രത്യയശാസ്ത്രത്തിൻ്റെ ഭാഗമാക്കുന്നു. തൊഴിലാളി വർഗ്ഗം നയിച്ച വർഗ്ഗ ബഹുജന സമരങ്ങളോടുള്ള അനുഭാവം എപ്പോഴും വർക്കി പ്രകടമാക്കിയിരുന്നു. 


വളരെ ശക്തമായ രാഷ്ട്രീയകഥകൾ രചിച്ച വർക്കി കലാപരമായ മൂല്യത്തേക്കാളും ശ്രദ്ധ വെച്ചത് വസ്തുതാവതരണത്തിലാണ്. അതിനാൽ കാലികപരതകൊണ്ടാണ് വർക്കിയുടെ രചനകൾ ഓർമ്മിക്കപ്പെടുക. സാമൂഹിക പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന കൊടുത്തതെന്നതിനാൽ വിചാരാംശത്തിന് പല കഥകളിലും അമിതപ്രാധാന്യം കിട്ടിയിട്ടുണ്ട്. വായനക്കാരനിൽ ഇന്ന് അത് അരോചകത സൃഷ്ടിക്കാമെങ്കിലും അന്നത് വായനക്കാരനെ ഉദ്ബുദ്ധനാക്കാനുള്ള മികച്ച പോംവഴിയായിരുന്നു.


ഇടിവണ്ടി, വികാരസദനം, ശബ്ദിക്കുന്ന കലപ്പ, നാട്ടു വെളിച്ചം, നിവേദനം, ആരാമം, മോഡൽ തുടങ്ങി ഇരുപതോളം കഥാസമാഹാരങ്ങളും 12 ഓളം നാടകങ്ങളും വർക്കി സംഭാവന ചെയ്തിട്ടുണ്ട്. വള്ളത്തോൾ പുരസ്കാരവും എഴുത്തച്ഛൻ പുരസ്കാരവും നേടിയിട്ടുണ്ട്.


വർക്കി ഇന്നും വായനയുടെ ഭാഗമാണ്. ആർജ്ജവവും ചങ്കൂറ്റവുമുള്ള സാംസ്കാരിക നായകരുടെ അഭാവം കേരളം നേരിടുന്നു. ഇന്നിൻ്റെ അനീതികൾക്കെതിരെ പ്രതികരിക്കാൻ, തൂലികയെ പടവാളാക്കാൻ വർക്കിയെ മാതൃകയാക്കാവുന്നതാണ്. വിശേഷിച്ചും എഴുത്തോ കഴുത്തോ എന്ന ചോദ്യം ഉയരുമ്പോൾ. ജനാധിപത്യ വാഴ്ചയിലും അധികാര ധ്വംസനങ്ങൾ നടക്കുന്നു. മത പൗരോഹിത്യം പിന്തിരിപ്പൻ നയത്തിൽ നിന്നും മാറിയിട്ടില്ല. സാമൂഹിക നീതി അസംഘടിതർക്കും കീഴാളർക്കും ഇന്നും കിട്ടാക്കനിയാണ്. എഴുത്തും കലയും ഭരണകൂടങ്ങൾ വല്ലാതെ ഭയക്കുന്നു. അതിനാൽ കലാകാരന്മാർക്കെതിരായ വരേണ്യവർഗ്ഗ ആക്രോശങ്ങൾ വർദ്ധിക്കുകയാണ്. വർക്കി നയിച്ചതു പോലെയുള്ള സാഹിത്യപോരാട്ടത്തിന് മണിമുഴങ്ങാറായിരിക്കുന്നു. ഭരണകൂട ഭീകരതയ്ക്കെതിരെ മാനവികതയെ മുന്നിൽ നിർത്തി ആശയപരമായ കവച ധാരണം കൂടുതൽ ബലപ്പെടുത്തേണ്ടിയിരിക്കുന്നു. പൊൻകുന്നം വർക്കി പ്രസക്തനാകുന്നത് ഭരണകൂടങ്ങളുടെയും മതങ്ങളുടെയും ചൂഷണ പ്രവണത അന്നും ഇന്നും ഒരു പോലെയാണ് എന്നിടത്താണ്.   പ്രതിലോമതകൾക്കെതിരെ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്ത വർക്കിയെപ്പോലുള്ള ജനകീയ കലാകാരന്മാരുടെ വാക്കും എഴുത്തും ഓർമ്മയും പുതിയകാല അധർമ്മത്തിനെതിരെ, ആവിഷ്കാരസ്വാതന്ത്ര്യം ഉയർത്തിക്കാട്ടാൻ, സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാൻ,  ഊർജ്ജം പകരുവാൻ ഉപകരിക്കട്ടെ. നന്ദി.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ