നീലച്ചിത്രം - ഉണ്ണി ആർ. (കഥാസ്വാദനം)

ഉണ്ണി ആർ. എന്ന കഥാകൃത്തിൻ്റെ ശ്രദ്ധേയമായ കഥയാണ് നീലച്ചിത്രം. വായനക്കാരൻ്റെ/ പ്രേക്ഷകൻ്റെ/ ആസ്വാദകൻ്റെ ഇര തേടൽ സംസ്കാരത്തെയും ഭോഗലാലസതയെയും വിമർശവിധേയമാക്കുന്ന കഥയാണ് നീലച്ചിത്രം. വ്യക്തമായിട്ടുള്ള ഘടനയോ ഇതിവൃത്തമോ ഇല്ലാത്ത, ആഖ്യാനത്തിൽ സുഘടിതത്വം തീരെയില്ലാത്ത, ശിഥിലമായ പ്രമേയങ്ങളുടെ ഭാവപരമായ സുഘടിതത്വമാണ് ഈ കഥയുടെ വിശേഷതയെന്ന് പറയാം. ലോല വികാരങ്ങളുടെ കുത്തൊഴുക്കിലും ചാപല്യങ്ങളുടെ ഇരമ്പിക്കയറ്റത്തിലും മേനി നഷ്ടപ്പെട്ട കഥാപാത്രങ്ങളെയും ഏച്ചുകെട്ടിയ കഥാതന്തുക്കളെയുമാണ് നീലച്ചിത്ര സമാനം ഈ കഥയും വെളിച്ചപ്പെടുത്തുന്നത്. പക്ഷേ, ഇരയാക്കപ്പെടുന്ന / കച്ചവടത്തിനടിപ്പെടുന്ന / ഉപഭോഗതയുടെ പിടിയിൽ ജീവിതം ഹോമിക്കേണ്ടി വരുന്ന സ്ത്രീയെയും മുതലാളിത്തത്തിൻ്റെ കാപട്യത്തിന് മുന്നിൽ സംഘടിതനല്ലാത്തതിനാൽ ഉപജീവനത്തിന് വേണ്ടി അടിമയാകേണ്ടി വരുന്ന സാധാരണക്കാരൻ്റെയും നിശ്വാസങ്ങൾ ഈ കഥയിലുണ്ട്.


എന്താണ് ഈ കഥ? തുടക്കത്തിൽ അതൃപ്തനും നിരാശനുമായ കുമാരൻ എന്ന തൊഴിലാളിയെ അവതരിപ്പിക്കുന്നു. അയാൾ കഠിനമായ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു. തൻ്റെ മുതലാളിയും തൊഴിൽ ദാതാവുമായ, എന്നാൽ എല്ലാ അർത്ഥത്തിലും ദുഷ്ടനും ചൂഷകനുമായ പൗലോച്ചനെ അയാൾ വധിക്കാനൊരുങ്ങുകയാണ്. എന്നാൽ കൊല ചെയ്യാൻ പറ്റിയ ഉപകരണമൊന്നും അയാളുടെ കയ്യിലില്ല. ഉറങ്ങുമ്പോൾ പേടിവരാതിരിക്കാൻ പണ്ട് അമ്മ നലകിയ ചുണ്ണാമ്പുകറയുള്ള കത്തി മാത്രമുണ്ട്. ചെറിയ ബലം കൊടുത്താൽ തന്നെ ഒടിഞ്ഞു പോകുന്ന ഒന്ന്. എന്നാൽ, ദാവീദെന്ന ഇടയ ബാലൻ ഗോലിയാത്തെന്ന ഫെലിസ്ത്യമല്ലനെ തോല്പിച്ച ബൈബിളിലെ കഥയുടെ ആവേശമാണ് കുമാരൻ്റെ പിടിവള്ളി. ഒരു തോക്കുണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നുവെന്ന് കുമാരൻ ചിന്തിക്കുന്നു. ദുർബലനും അസംഘടിതനും ചൂഷിതനും ഇരയുമായ കുമാരൻ എതിരിടുന്നത് വേട്ടക്കാരനെയാണ്. അതിശക്തനെ;വലിയ പണക്കാരനെ;ചൂഷകനെ; ആൾബലവും കൈക്കരുത്തും ഉള്ളവനെ. അതിനാൽ കൂടുതൽ ശ്രദ്ധ വേണം. ഒരു പിഴവുമുണ്ടാകാൻ പാടില്ല. കത്തി പോരാ, തോക്കു തന്നെ വേണം. വ്യക്തമായ പ്ലാൻ സങ്കല്പത്തിലുണ്ട്. മുറിയിലേക്ക് പ്രവേശിക്കുന്ന മുതലാളി പൗലോച്ചന് വേണ്ടുവോളം മദ്യം നല്കി കാലുറക്കാത്ത അവസ്ഥയുണ്ടാക്കുക. പിന്നീട് തോക്ക് തലയിൽ ചേർത്തുവെച്ച് കാഞ്ചി വലിക്കുക.


എന്നാൽ പൗലോച്ചൻ്റെ ഡ്രൈവർ മുത്തു (മേനകയിൽ രാത്രി കളിക്ക് പെട്ടിയെത്തിക്കണമെന്ന സന്ദേശം കൈമാറാൻ) വിനെ കണ്ടപ്പോഴേക്കും വിവശനായ കുമാരൻ പേടിച്ചരണ്ടു പോയി. ഇങ്ങനെയുള്ള കുമാരൻ്റെ മുന്നിൽ പൗലോച്ചനാണ് എത്തിയിരുന്നതെങ്കിലോ? ചത്തുപോയേനെ കുമാരൻ. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്. പൗലോച്ചൻ കഥയിൽ പരന്നു കിടക്കുന്ന ഭീതിദമായ പശ്ചാത്തലം മാത്രമാണ്. നേരിട്ട് വരുന്നേയില്ല. അമൂർത്ത സാന്നിധ്യം എന്നൊക്കെപ്പറയാം.


പൗലോച്ചനെ കുത്തിമലർത്തുന്ന വീരനായകതൊഴിലാളി സങ്കല്പവും വ്യക്തിതലത്തിൽ അസംഘടിതനും അവശനും നിർദ്ധനനുമായ കുമാരനെന്ന യാഥാർത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യവും ഇവിടെ കാണാം. തുടർന്ന് കൂടുതൽ വിശദീകരണത്തിനൊരുങ്ങാതെ, സംഘർഷാത്മക രംഗങ്ങളൊരുക്കാതെ  കഥാകൃത്ത് സുഗുണനെന്ന മേനകയിലെ ജീവനക്കാരനിൽ അഭയം തേടുന്നു. സുഗുണൻ പൗലോച്ചൻ്റെ കച്ചവട തന്ത്രമായ ഇരപിടിക്കൽ രീതി വ്യക്തമാക്കുകയാണ്. ചുറ്റിലും ആരാധകരുണ്ട്. അവരുടെ വിടർന്ന കണ്ണുകളിലേക്കും ഉമിനീർ നിറഞ്ഞ വായയിലേക്കും ലോല വികാരങ്ങളുടെ മസാലച്ചേരുവ നിറക്കുകയാണ് അയാൾ. 


സുഗുണൻ മസാലച്ചിത്രത്തിൻ്റെ കഥാ സൂചന നല്കുന്നു. എന്നാൽ ശ്രോതാക്കളുടെ ആകാംക്ഷയെ മുൾമുനയിൽ നിർത്തി, സസ്പെൻസിലാഴ്ത്തുന്നു. ഇതിനിടയിൽ തന്നെ പുരുഷ ഗണത്തിൽ വൈകാരികത്തളളിച്ചയുളവാക്കാൻ പോന്ന ദൃശ്യങ്ങളൊക്കെ വിവരിച്ചു കഴിഞ്ഞു. എന്നാൽ താൻ കൊണ്ടുവരുന്ന ബോക്സിൽ മിസ് റാണിയെന്ന രതിപ്പടമാണെന്ന് കുമാരൻ അറിഞ്ഞിരുന്നില്ല. കുമാരനെ സംബന്ധിച്ച് അത് ജീവിതനൗകയെന്ന ക്ലാസ്സിക്കൽ മലയാളം ചിത്രമാണ്. സുഗുണനാണ് അത് മിസ് റാണിയാണെന്ന് കുമാരനെ അറിയിക്കുന്നത്.  ദേവകിയെന്ന സ്ത്രീ നടത്തുന്ന വേശ്യാലയത്തിെലെ ബാലികാ സുന്ദരിയുടെയും കാമുകരുടെയും ചപലതകളാണ് അതിലുള്ളത്. പ്രേക്ഷകനോ ആസ്വാദകനോ ആയ പുരുഷൻ്റെ ദുർബല വികാരങ്ങളെ ചൂഷണം ചെയ്തും സ്ത്രീയുടെ നഗ്നത വിപണി ചെയ്യാനുമുള്ള പൗലോച്ചൻ്റെ കുടിലതന്ത്രങ്ങളുടെ പരസ്യമാനേജരാകുന്നു, സുഗുണൻ എന്ന ദുർഗ്ഗുണൻ.


സുഗുണനെക്കുറിച്ചുള്ള പരാമർശം ഇവിടെ തീരുന്നു. വീണ്ടും ഫോക്കസ്സ് ചെയ്യപ്പെടുന്നത് കുമാരനിലേക്കാണ്. കുമാരൻ ജീവിതനൗകയുമേന്തി (മിസ് റാണി) നടത്തം ആരംഭിച്ചിരിക്കുന്നു. പലവിധ വിചാരങ്ങളുടെ സമ്മർദ്ദത്തിലാണ് അയാളുടെ നടപ്പ്. ചിന്ത താൻ നേരിടുന്ന കൊടിയ ചൂഷണത്തെപ്പറ്റിയും ഒരുവൻ തനിച്ച് അതിനെതിരെ പ്രതികരിക്കുന്നതും എപ്രകാരമാണ് അധാർമ്മികമെന്ന് പറയാനാവുക? എന്നാൽ തൻ്റെ വിചാരങ്ങളെപ്പോലും മണത്തറിയാനുള്ള കഴിവ് എതിരാളിക്കുണ്ട്. ഇങ്ങനെയാണെങ്കിൽ രക്ഷയെവിടെ? 


ഈ സന്ദർഭത്തിലാണ് പെട്ടിക്കുള്ളിൽ നിന്ന് ശബ്ദമുയർന്നത്. കുമാരൻ ചകിതനായി. ശബ്ദം അയാളെ കളിയാക്കി. കുമാരൻ പെട്ടിയിറക്കി വെച്ചു. പേടിച്ചു നിന്നു. മൂടി തുറക്കാൻ സ്വരം പറഞ്ഞു. കുമാരൻ 'ഞാനൊന്നും ചെയ്യില്ലെന്ന' ഉറപ്പിൽ പെട്ടിയുടെ മൂടി തുറന്നു. അപ്പോൾ മെലിഞ്ഞു വിളറി വെളുത്ത സുന്ദരി പുറത്തുവന്നു. കുമാരനെ കൂടെയിരുത്തി കുമാരൻ്റെ സ്വയം ശ്രദ്ധയില്ലായ്മയെക്കുറിച്ച്  പരിഭവിച്ചു.അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് പോകാതിരുന്നതിലും അവൾ പരിഭവിച്ചു. ചിരപരിചിതയായ ഒരുവളെപ്പോലായിരുന്നു സുന്ദരിയുടെ പെരുമാറ്റം. കുമാരൻ പൗലോച്ചനെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിച്ചതു പോലും അവൾ പറഞ്ഞപ്പോൾ കുമാരൻ വിരണ്ടു. നീയാരാണെന്ന് വിതുമ്പിക്കൊണ്ടുള്ള കുമാരൻ്റെ ചോദ്യത്തിന് ഓരോ കാണിക്കുമിടയിലും നിങ്ങളെ ഞാൻ തിരഞ്ഞിരുന്നുവെന്നും അവൾ വ്യക്തമാക്കി. ഇരുട്ടിൽ ഒരു പോലിരിക്കുന്ന കാണികൾക്കിടയിൽ കുമാരൻ ഉണ്ടാകരുതെന്നും അവൾ ആഗ്രഹിച്ചിരുന്നു. ഇവിടെ മറ്റു പുരുഷന്മാർ സ്ത്രീ നഗ്നത ആസ്വദിക്കാനിരിക്കുമ്പോൾ ആ കൂട്ടത്തിൽ കുമാരൻ ഉണ്ടാകരുതെന്ന അവളുടെ ആഗ്രഹം സ്വന്തം സ്വത്വം അയാളുടെ മുന്നിലെങ്കിലും കളങ്കമില്ലാതെ ഉയർത്താനാകണമെന്ന മോഹത്താലാകാം പ്രകടിപ്പിക്കുന്നത്. 


മറ്റൊരു സന്ദർഭത്തിൽ, താനൊരു ഇരമാത്രമായിരുന്നുവെന്ന യാഥാർത്ഥ്യം അവൾ വ്യക്തമാക്കുന്നു. മാനാകുമ്പോൾ ഒരു തോക്കും, മീനാകുമ്പോൾ ഒരു വലയും തന്നെ വേട്ടയാടുന്നു. താൻ ഇയാളെ സ്നേഹിക്കുന്നുവെന്ന് ഒരിക്കലും അറിയിച്ചിരുന്നില്ല. താൻ സ്നേഹിക്കുന്നവനാൽ തിരിച്ചറിയാതെ, പരസ്പര ബന്ധമില്ലാതെ പോയി. ഈ ഭാഗം കഥാകൃത്ത് ഇപ്രകാരം എഴുതുന്നു:'' ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഒളിച്ചിരുന്ന് സ്നേഹിക്കുന്ന പെണ്ണ് ആനന്ദത്തിൻ്റെ വെളുത്ത ചേല ചുറ്റിയ വിധവയാണ്.ഒരിക്കലും പ്രേമിക്കുന്നവനെ തൊടാൻ കഴിയാതെ, ഗന്ധമറിയാതെ, അയാളെ മാത്രം പിന്തുടർന്നു പോവുന്ന അടയാത്ത കണ്ണ്. യാത്രികരില്ലാത്ത ഒരു പായ്ക്കപ്പലായിരുന്നു നിങ്ങൾ. ഞാനോ, പാമരത്തിൽ ഒരിക്കൽപ്പോലും വന്നിരിക്കാതെ ആകാശത്ത് ചാഞ്ഞും ചെരിഞ്ഞും പറന്ന കടൽക്കാക്ക''. 

ഇപ്പോൾ മേനകയിലെ ക്യൂ ഒരിരയെ വിഴുങ്ങാനുള്ള ആർത്തിയോടെ ഉടൽ പെരുകി നീ ണ്ടിരിക്കുന്നു. ഈ രാത്രിയെങ്കിലും ആ കണ്ണുകളിൽ നിന്ന് തന്നെ ചേർത്തു പിടിച്ച് മറച്ചു പിടിക്കാൻ അവൾ ആവശ്യപ്പെടുന്നു.


അപ്പോൾ, നീലച്ചിത്രമെന്ന കഥ ഇവിടെ അവസാനിക്കുന്നു. കുമാരനും അവളും തമ്മിലുള്ള സംഗമരംഗമൊന്നും, നീലച്ചിത്ര പ്രേക്ഷകനോ നീലക്കഥാ വായനക്കാരനോ പ്രതീക്ഷിക്കുന്നതു പോലെ മുന്നോട്ടു കൊണ്ടു പോകുന്നില്ല. ഉമിനീരുചുരത്തുന്ന വലിയ വായുമായി കഥ നുണയുവാൻ കാത്തിരിക്കുന്ന വായനക്കാരുടെ മോഹം അസ്ഥാനത്താവുകയാണ്. അവസാന ഖണ്ഡികയിലെ സന്ദിഗ്ദ പ്രസ്താവനകളോടെ കഥ ഇവിടെ പൂർണ്ണമാകുന്നു. 


നിയതമായ ഒരു ഇതിവൃത്തം ഈ കഥയിലില്ല. കഥാപാത്രങ്ങളെയും കഥാഗതിയെയും ഇണക്കുന്ന ഒരു പൊതുപശ്ചാത്തലമുണ്ട്. അത് നിസ്വതയുടെയും കണ്ണീരിൻ്റെയും ഭാഷ്യമാണെന്ന് കാണാം. ചൂഷിതരുടെ പൊതു മാനസികാവസ്ഥകളാണ് ഇവിടെ കാണാവുന്നത്. ഇരയും വേട്ടക്കാരനും ഇതിൽ പ്രത്യക്ഷമാണ്. പൗലോച്ചനെന്ന മുതലാളിയുടെയും പുരുഷഭോഗ പ്രിയതയുടെയും ഇരകളാണിവർ. ആർത്തിപൂണ്ട സമൂഹത്തിനാൽ കൈകാര്യം ചെയ്യപ്പെടുന്നവർ. ഒറ്റപ്പെട്ടവനും ദുർബലനുമായ കുമാരന് ആ പെൺകുട്ടിയെ രക്ഷിക്കാനാകുമോ എന്ന ചോദ്യവും ദുർബലമാണ്. എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ശത്രുക്കൾ വലിയ ഭീഷണിയാകുന്നു. പുതിയ കാലഘട്ടം ഇരകളുടെ ദുരന്തകാലമാണെന്ന് ഈ കഥ അടയാളപ്പെടുത്തുന്നു. 

ഗണേശൻ.വി





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ