എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ മലയാളയാത്രാ വിവരണരംഗത്തെ കുലപതിയാണ് എസ്.കെ.പൊറ്റക്കാട്. കവി, കഥാകൃത്ത്, നോവലിസ്റ്റ്, സഞ്ചാര വിവരണകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. കവിയെന്ന നിലയിലാണ് സാഹിത്യ സപര്യ ആരംഭിച്ചതെങ്കിലും കഥ, നോവൽ മേഖലകളിലാണ് സർഗ്ഗാത്മക സാഹിത്യ രംഗത്ത് അദ്ദേഹം ശോഭിച്ചത്. കഥയിൽ കാല്പനികഭംഗി പ്രസരിപ്പിക്കുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാല്പനികഭാഷയും യാഥാതഥ്യത നിറഞ്ഞ പ്രമേയങ്ങളുമാണ് കഥ, കവിത എന്നീ സർഗാത്മക സാഹിത്യ മേഖലകളിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. യാത്രാവിവരണ മേഖലയെ സർഗാത്മക സാഹിത്യമേഖലകൾക്കൊപ്പം വളർത്തിയെടുത്തു, എസ്.കെ.പൊറ്റക്കാട്. നാമമാത്രമായ യാത്രാവിവരണങ്ങൾ മാത്രമാണ് സ്വാതന്ത്ര്യപൂർവഘട്ടത്തിൽ കേരളത്തിൽ എഴുതപ്പെട്ടിരുന്നത്. എന്നാൽ എസ്.കെ.ക്കൊപ്പം യാത്രാവിവരണശാഖയും പടർന്നു പന്തലിച്ചു. ഹൃദയാകർഷകമായ ശൈലിയാണ് എസ്.കെ.യുടെ കൈമുതൽ. അന്ന് ലഭ്യമായ പരമാവധി സാദ്ധ്യതകളൊക്കെ മുതലെടുത്തു കൊണ്ടാണ് എസ്.കെ. യാത്ര ചെയ്തത്. മലയാളിക്ക് തീർത്തും അപ്രാപ്യമായ ഇടങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. കണ്ട കാഴ്ചകളും അനുഭവങ്ങളും സഞ്ചാരമാർഗ്ഗങ്ങളും ഹൃദയ...