മൊട്ട: ആറ്റൂർ രവിവർമ്മയുടെ 'മൊട്ട' ഉയർത്തുന്ന പരിസ്ഥിതി വിചാരം

ആറ്റൂർ രവിവർമ്മയുടെ 'മൊട്ട' ആറ്റൂർ രവിവർമ്മയുടെ മൊട്ട പരിസ്ഥിതി വിചാരം നഷ്ടപ്പെട്ട ആധുനിക സമൂഹത്തിന്റെ നെടുകെയുള്ള ഛേദമാണ്. യന്ത്രങ്ങളുടെ കയ്യിൽ ഭൂമി പമ്പരമായി മാറുമെന്ന് ഇടശ്ശേരി ഗോവിന്ദൻ നായർ ദർശിച്ചിരുന്നു. ആ ക്രാന്തദർശിത്വത്തിന്റെ മികവുറ്റ ഉൽപന്നമായിരുന്നു കുറ്റിപ്പുറം പാലം എന്ന കവിത. പ്രസ്തുത കവിത മുന്നോട്ടു വെച്ച രാഷ്ട്രീയ സാമൂഹിക വെല്ലുവിളികളെ പൂരണം ചെയ്യുന്ന നിരവധി രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് അതിലൊന്നാണ് മൊട്ട . മുണ്ഡനം ചെയ്യപ്പെട്ട തല എന്നതാണ് മൊട്ട എന്ന വാക്കിന്റെ അർത്ഥം. മൊട്ട എന്നത് മിനുസവും തിളക്കവുമുള്ള ഇല്ലായ്മയുടെ കൗതുകം നിറഞ്ഞ ആഖ്യാനം മാത്രമല്ല, തരിശായി കിടക്കുന്ന മനസ്സിന്റെയും ഭൂമിയുടെയും തിക്താവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. കവി കുട്ടിക്കാലത്തെ അവതരിപ്പിക്കുന്നത് നന്മ നിറഞ്ഞ കാലത്തിന്റെ പ്രതിഫലനമായിട്ടാണ്. കഴുകൻ മല ഒരു പ്രതീകമാണ്. അത് സസ്യശ്യാമള സമൃദ്ധിയുടെ സൂചകം കൂടിയാണ്. കൂട്ടമായി കഴുകൻ മലയിൽ പ്രവേശിക്കുന്നതും അവിടത്തെ കുളിർമയും ഊഷ്മളതയും അനുഭവിക്കുന്നതും മലമുകളിൽ കയറി കാഴ്ചകൾ കാണുന്നതും കവി ഓർമിക്കുന്നു. തണലും തണുപ്പും ഫല...