പരിശീലകനെന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശുഭകരമായ ഒരു കാലഘട്ടത്തില്‍ കൂടിയല്ല കടന്നു പോകുന്നത്. വിവാദങ്ങളും കലഹങ്ങളും ടീമിന്‍റെ കൂടെത്തന്നെയുണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കോടികള്‍ കൊണ്ട് അമ്മാനമാടുന്ന അവസ്ഥ ഇന്ത്യന്‍ ക്രിക്കറ്റിന് വന്നു ചേര്‍ന്നത് നല്ലതിനല്ലെന്ന് കടുതല്‍ക്കൂടുതല്‍ സമൂഹത്തിന് ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ലെന്നുള്ള ചൊല്ല് അന്വര്‍ത്ഥമാക്കി ക്കൊണ്ട് അതു മുന്നോട്ടു പോയ്ക്കൊണ്ടി രിക്കുകയാണ്.
അനില്‍ കുംബ്ളെ എന്ന, വിവാദങ്ങളില്‍ നിന്നും എന്നും ഒഴിഞ്ഞു നിന്ന മാന്യനായ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിട്ട് കുറച്ചു മാസങ്ങളായി. ടീമിന്‍റെ ദുഷ്പ്രവണതകളെ നിയന്ത്രിക്കാനും നല്ലതു പറഞ്ഞുകൊടുക്കാനും നിയുക്തനായ ആ മാന്യദേഹത്തോട് ശരിയായ സമീപനമല്ല ടീം ക്യാപ്റ്റന്‍ സ്വീകരിച്ചിട്ടുള്ളത്. അത്തരം പ്രവൃത്തികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്‍റെ മാനേജ്മെന്‍റും സ്വീകരിച്ചിട്ടുള്ളതെന്നതിനാല്‍ പരിശീലക സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്.
ബിസിസിഐ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ്.കോടതിയെപ്പോലും കബളിപ്പിക്കാനുള്ള നീക്കങ്ങള്‍ അനുരാഗ് ഠാക്കൂര്‍ എന്ന മുന്‍ ബിസിസിഐ പരമാധികാരി നടത്തിയത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഇതിന്‍റെയൊക്കെ പിന്നിലുള്ള ഊര്‍ജ്ജം പണത്തിന്‍റേതാണ്. ഇന്ത്യന്‍ക്രിക്കറ്റ് ധനനിബിഡതയിലമര്‍ന്ന സുഖവാസകേന്ദ്ര മായിത്തീര്‍ന്നിരിക്കുന്നു.
ഇതില്‍ നടക്കുന്ന ജീര്‍ണ്ണത നിറഞ്ഞ പ്രവൃത്തികളില്‍ പ്രതിഷേധിച്ച് രാമചന്ദ്രഗുഹ എന്ന ബിസിസിഐ സമിതിയംഗം രാജി സമര്‍പ്പിച്ചത് ഓര്‍ക്കുക. അവിടെ നടക്കുന്ന തോന്നിവാസങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. എന്നിട്ടും അതൊന്നും കൂസാതെ, കോടതിയെപ്പോലും ധിക്കരിക്കുംമട്ടില്‍ തങ്ങളുടെ സ്വേച്ഛാധിപത്യം കാട്ടുകയാണിവര്‍.
കേരളീയനായ ക്രിക്കറ്റര്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിട്ടും അദ്ദേഹത്തെ പന്തെറിയാനനുവദിക്കാതെ ആ ചെറുപ്പക്കാരന്‍റെ ഭാവിക്കു ഭീഷണിയുയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത കശ്മലപ്രസ്ഥാനമായി അത് അധപതിച്ചിരിക്കുന്നു. ഇന്ത്യജയിക്കണം എന്ന് ആഗ്രഹിച്ച് ഒരു ദിവസത്തെ കൂലി വെടിഞ്ഞ്, പിറ്റേന്നാള്‍ ചെയ്യേണ്ട ഓവര്‍ടൈം ഡ്യൂട്ടി മധുരമായി കരുതി ഇന്ത്യയ്ക്കു ജയ് വിളിക്കുന്ന ആരാധകരെ പച്ചനോട്ടിന്‍റെ പുച്ഛത്തില്‍ കുളിപ്പിക്കുന്ന കളിക്കാരെ എന്തുകൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല...
ക്യാപ്റ്റനാണത്രെ ആരു കളിക്കണമെന്ന് ഇപ്പോള്‍ തീരുമാനിക്കുന്നത്. പരിശീലകന്‍റെ വാക്കിന് വിലയില്ലത്രെ. ഇങ്ങനെ പേക്കൂത്താടുമ്പോള്‍ അഭിമാനിയായ കുംബ്ളെ എന്തിന് പരിശീലകനായി തുടരണം..തന്‍റെ ആവശ്യ ടീമിനില്ലെന്നും പരിശീലകനെന്ന നിലയില്‍ താന്‍ അധികപ്പറ്റാണെന്നും കണ്ട മാത്രയില്‍ രാജിവെച്ചൊഴിയാനുള്ള മാന്യതയും തന്‍റേടവും കുംബ്ളെ കാണിച്ചു. പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന ചൊല്ലുള്ള നാട്ടില്‍ താന്‍ പറക്കുമെന്ന് അദ്ദേഹം തെളിയിച്ചു. പരിശീലകനെന്ന സ്ഥാനവും അതിനു കിട്ടുന്ന പണവും അവഗണിച്ച്, സ്വന്തം അഭിമാനവും നാടിന്‍റെ അന്തസ്സും ഉയര്‍ത്തിപ്പിടിച്ച കുംബ്ളെക്ക് ആശംസകള്‍....!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ