വായനയുടെ പാഠങ്ങള്‍


  ഒരാള്‍ വായിക്കുന്നു എന്നു പറയുമ്പോള്‍ അയാള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അര്‍ത്ഥമാക്കേണ്ടത്. പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് ജീവിക്കുന്നുവെന്നതിന്‍റെ അടയാളവും.  അപ്പോള്‍, വായന ജീവിതത്തെ അടയാളപ്പെടുത്തുന്ന മാസ്മരിക പ്രതിഭാസമാണ്.  അതിന്‍റെ  വക്താക്കളാകാന്‍ ആവശ്യമായിട്ടുള്ളത് അക്ഷരജ്ഞാനവും  പുസ്തകങ്ങളുമാണ്.  വായനയുടെ  ഉപകരണം  പ്രഥമമായും  അക്ഷരജ്ഞാനം  തന്നെ.

വായിക്കുമ്പോള്‍ സമൂഹത്തോട് അടുക്കുകയാണ് ചെയ്യുന്നത്. വായിക്കുന്നവന്‍ സമൂഹത്തെ അറിയുന്നു.  ഒരാള്‍ വായിക്കുന്നുണ്ടെങ്കില്‍  സമൂഹത്തിന് ധൈര്യപ്പെടാം, ആ വ്യക്തി സാധാരണഗതിയില്‍ സമൂഹത്തിന്  ഉപദ്രവകാരിയായിരിക്കില്ല - ഗുണം മാത്രമേ പ്രവര്‍ത്തിക്കൂ. ഇതാണതിന്‍റെ അടിസ്ഥാനം.   പുസ്തകത്തില്‍ എവിടെയൊക്കെയോ  നന്മ പരത്തുന്ന പൂത്തിരികള്‍ ഉണ്ട്.  നന്മയുടെ  ആവരണവും  ജ്ഞാനത്തിന്‍റെ വെളിച്ചവുമാണ് ഒരു പുസ്തകം.

ഒരു കൃതിയുടെ വായനക്കാരന്‍ സമൂഹത്തെ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു.  മഹാഭാരതവും  രാമായണവും ഇതിഹാസങ്ങളാണ്.  ഇതിഹാസങ്ങള്‍, ഇവിടെ  ഇപ്രകാരം സംഭവിച്ചുവെന്നതിന്‍റെ പ്രമാണങ്ങള്‍ മാത്രമല്ല, ത്യാഗവും സ്നേഹവും സന്താപവും സന്തോഷവും ജ്ഞാനവും മൂല്യവും അലകളായി ഉയരുന്ന  സാഗരമാണവ.  മണ്ണിനു വേണ്ടിയും പെണ്ണിനു വേണ്ടിയും കുത്സിതവൃത്തികള്‍ ചെയ്യുന്ന  മനുഷ്യന്‍ സ്വന്തക്കാരെും ബനധുക്കളേയും നിര്‍ലജ്ജം ഹനിക്കുന്നു. 

അതിരുകള്‍ ദേശാതിര്‍ത്തികള്‍ മാത്രമല്ല, അത് വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും ഭാഷയുടെയും മതത്തിന്‍റെയും ഗോത്രത്തിന്‍റെയും ഒക്കെയാകുന്നു.  മനസ്സില്‍  അതിരുകള്‍ തിട്ടപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അപകടം.   ഭൌതികമായ അതിരുകളേക്കാളും ആപത്ത് അതത്രെ.  അതിന്‍റെ ആഴങ്ങള്‍  നമുക്ക് നിര്‍ണ്ണയിക്കാവുന്നതിനപ്പുറമാണ്.  അതിരുകളെ മായ്ക്കാനും മറയ്ക്കാനും നമ്മെ സഹായിക്കുന്നത് പുസ്തകങ്ങളാണ്.  എത്രയോ ലോകരാജ്യങ്ങള്‍.  അവയിലെ എഴുത്തുകള്‍.  അവയുമായുള്ള സമ്പര്‍ക്കം ലോകത്തില്‍ മനുഷ്യന്‍റെ പ്രയാസങ്ങള്‍, ദുരിതങ്ങള്‍, ഒക്കെയും സമാനമാണ് എന്നുള്ള ചിന്ത  ഉണ്ടാക്കുന്നു.  വേഷ ഭാഷകള്ലില്‍ മാത്രമുള്ള വൈജാത്യം നിസ്സാരമാണെന്ന തിരിച്ചറിവില്‍  നാം എത്തുന്നു.

ഇതിഹാസങ്ങള്‍ക്കപ്പുറം  വിശ്വമാനവികതയുടെ സൌഹാര്ദ്ദത്തിന്‍റെ പന്തലുണ്ടെന്ന കാര്യം നം മറക്കരുത്.  അതുയര്‍ത്തണമെങ്കില്‍ നമ്മുടെ ഹൃദയം വലുതാകണം.  അതിരുകളില്‍ വിരിയേണ്ടത് പൂക്കളും വിളയേണ്ടത് ധാന്യവുമാണ്.  അതിരുകളുടെ കാവല്ക്കാര്‍- കാവല്ക്കാര്‍ എന്ന പദം സാങ്കല്പികമാണ്-  പട്ടാളക്കാരല്ല, കൃഷിക്കാരും തൊഴിലാളികളുമാകണം.  ഇതൊരു സുന്ദര സ്വപ്നം മാത്രം.

വായനയിലൂടെ സംസ്കാരം വളരുന്നു- സംസ്കാരം പുലരുന്നു എന്നു പറയാം. മികച്ച കൃതികള്‍ ഹൃദയത്തില്‍ ഉളവാക്കുന്ന ആന്ദോലനം സുഖകരവും അത് സമൂഹത്തിനുള്ളിലെ മൃദുലസ്പര്‍ശവുമാണ്.  വായിക്കുമ്പോഴാണ്  തിരിച്ചറിവുണ്ടാകുന്നത്.  മഹാന്മാരായ ലോകനേതാക്കളൊക്കെ തിരച്ചറിവുള്ളവരായിരുന്നു.  അന്യന്‍റെ സാദ്ധ്യതകളെയും തന്‍റെ പരിമിതികളേയും കുറിച്ചുള്ള അറിവാണ് തിരിച്ചറിവ്.  ഈ തിരിച്ചറിയലിന്‍റെ അഭാവമാണ് ലോകത്തെ യുദ്ധക്കളമാക്കുന്നത്.


പുസ്തകങ്ങളുടെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ, ഗ്രന്ഥാലയങ്ങളുടെ പ്രസക്തി  മനസ്സിലാക്കിയ അനുഗ്രഹീത  പ്രതിഭയാണ് പി എന്‍ പണിക്കര്‍.   പുസ്തകങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളികള്‍  എന്നും ഓര്‍ക്കേണ്ട വ്യക്തി.  അദ്ദേഹത്തിന്‍റെ ചരമദിനമാണ് ജൂണ്‍ 19. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്