വേണം വിശാല ഹൃദയം (കുറിപ്പ് )

     ഒരു രാജ്യത്തിന്റെ നേതൃപദവിയിലിരിക്കുന്ന വ്യക്തികള്‍ തീര്‍ച്ചയായും സഹിഷ്ണുതയും ഹൃദയവിശാലതയും ഉള്ളവരായിരിക്കണം . ഇല്ലെങ്കില്‍ ജനങ്ങള്‍ക്ക് സമാധാനത്തോടെ കഴിയാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും.
അതിന്റെ ഉത്തമോദാഹരണമാണ് അടുത്തിടെ ഭാരതത്തിലുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍. ദേശീയ രാഷ്ടീയത്തിലെ പ്രമുഖ വ്യക്തികള്‍തന്നെ പ്രകോപനപരങ്ങളായ പ്രസ്താവനകള്‍ ഇറക്കുന്നു. ചില സംഘടനകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് അസ്വാസ്ഥ്യം ഉളവാക്കുന്ന മട്ടില്‍ പെരുമാറുന്നു. ജാതി വൈരാഗ്യം കാരണം ചുട്ടുകൊന്ന രണ്ടു പിഞ്ചുകുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ വന്നപ്പോള്‍,  ബഹുമാന്യനായ ഒരു കേന്ദ്രമന്ത്രി ,
പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞെങ്കില്‍ അതിനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനില്ല എന്ന് പ്രസ്താവിച്ചതായി കണ്ടു. മേല്പറഞ്ഞ പ്രസ്താവന അദ്ദേഹത്തിന്റേതാണെങ്കില്‍, അത് തീര്‍ത്തും നിരുത്തരവാദിത്വപരമാണ്. ഹീനമാണ്. അദ്ദേഹം വാഴുന്നത് എന്തായാലും ഒരു ഫ്യൂ‍ഡല്‍ കാലഘട്ടത്തിലല്ല എന്നത് അദ്ദേഹം ഓര്‍ക്കേണ്ടാണ്. ഇത്തരം മനോഭാവം പ്രകടിപ്പിക്കുന്ന ഭരണാധികാരികള്‍ സങ്കുചിതത്വവും വിദ്വേഷവുമാണ് പ്രകടമാക്കുന്നത്. അക്രമികള്‍ക്ക് വളം വെച്ചു കൊടുക്കാനേ അത് ഉപകരിക്കൂ.

     പാക്കിസ്ഥാനുമായി ആരോഗ്യകരമായ നയതന്ത്രബന്ധം ഉണ്ടാക്കേണ്ടതും സദാ ജാഗ്രത പുലര്‍ത്തേണ്ടതും അനിവാര്യമാണ്. മതവാദികളുടെ അമിതമായ ഇടപെടല്‍ എല്ലായ്പോഴും പാക്കിസ്ഥാന്‍ രാഷ്ടീയത്തെ കലുഷമാക്കാറുണ്ട്. ഇവിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റു കളിക്കാന്‍ വന്നാല്‍ വളരെ മര്യാദയോടെ , നമുക്കുണ്ടെന്ന് പറയപ്പെടുന്ന എല്ലാ ആതിഥ്യഗുണങ്ങളും പ്രകടമാക്കി സന്തുഷ്ടരാക്കി,ഇന്ത്യയെ സംബന്ധിക്കുന്ന നല്ല ചിന്ത അവരില്‍ വ്യാപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതിന്നു പകരം പാക്ക് അമ്പയറെ അനുവദിക്കില്ല, ടീമിനെ പ്രവേശിപ്പിക്കില്ല, പാക്ക് കലാകാന്മാര്‍ക്ക് ഇവിടെ പാടാനും നടിക്കാനും പറ്റില്ല, ഗുലാം അലിയെ പാടാന്‍ വിടില്ല, എന്നിങ്ങനെ  പ്രകോപനം സൃഷ്ടിക്കുന്നതിനു പകരം പരസ്പര പ്രേമത്തിന്റേതായ സന്ദേശം പ്രചരിപ്പിക്കാന്‍ എന്തു കൊണ്ടു സാധിക്കുന്നില്ല ? ശത്രുരാജ്യത്തെ പൌരന്മാര്‍ ഇന്ത്യയില്‍ കടക്കേണ്ട എന്ന നയം ഇന്ത്യയെ എവിടെ കൊണ്ടെത്തിക്കും ? ആരാണ് പാക്ക് ജനതയെ ശത്രുക്കളെന്നു മുദ്രകുത്തിയത് ?

Image result for vivekananda images     പശുക്കളെ കടത്തി എന്ന് ആരോപിച്ച് ചുട്ടു കൊല്ലുക, ജാതി വൈരാഗ്യം കാരണം ചുട്ടു കൊല്ലുക, ബീഫ് കഴിച്ചെന്നാരോപിച്ച് ചവിട്ടിക്കൊല്ലുക, ഇങ്ങനെ എന്തൊക്കെയാണ്  ഇവിടെ  നടക്കുന്നത് ? ജാതിയും മതവും അക്രമത്തിനുള്ള ഉപാധികളായി മാറുന്നു. വിശദീകരണം നല്കേണ്ടവര്‍ ഒഴിഞ്ഞു മാറുന്നു. അഥവാ വളരെ സാവധാനത്തില്‍ പ്രതികരിക്കുന്നു. ലോകം ചുറ്റി വികസനം കൊണ്ടുവരാനുള്ള തത്രപ്പാടു കാട്ടുമ്പോഴും ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആപത്തു തന്നെ. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ജീവന്‍. പല ജാതി, പല മതം. പല ഭാഷ, പല ഗോത്രം.... അത്  നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . ദേശീയ വീക്ഷണമുള്ള നേതാക്കന്മാര്‍ക്കേ ഇന്ത്യയെ ഒരുമിപ്പിക്കാന്‍ സാധിക്കൂ.ഇന്ത്യയെ നന്നായി വായിക്കണം, അവളുടെ സംസ്കാരവും പൈതൃകവും ഉള്‍ക്കൊള്ളണം. പഠിക്കണം . അവള്‍ എന്തെന്ന് അറിയണം. അവളെ എങ്ങനെ സാന്ത്വനിപ്പിക്കാം എന്നു മനസ്സിലാക്കണം. അത്തരം നേതാക്കന്മാരുടെ അഭാവമല്ലേ കുറേ വര്‍ഷങ്ങളായി ഇവിടെ പ്രതിധ്വനിക്കുന്നത് ?

    വിവേകാനന്ദന്‍ പറഞ്ഞതു തന്നെയാണ് മനസ്സില്‍ കടന്നു വരുന്നത്, ഏതു കൊള്ള സംഘത്തിനും ആത്മീയതയുടെ പേരില്‍ ഭാരതത്തില്‍ വിഹരിക്കാം.

Image result for tj joseph images
    ഏതു തരം വര്‍ഗ്ഗീയതയും ആപത്തു തന്നെ. കേരളത്തില്‍ ജോസഫ് എന്ന അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയപ്പോഴും, സ്വന്തം സ്ഥാപനം നീതി നിഷേധിച്ചപ്പോഴും ഇവിടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ഇന്നത്തെപ്പോലെ കുപിതരായി കണ്ടില്ല. അതു നീതി കേടാണ്. പറയുന്നതിലും പ്രതികരിക്കുന്നതിലും കേരളത്തിലെ പുരോഗമനക്കാര്‍ പ്രകടിപ്പിക്കുന്ന പൊള്ളത്തരം ഗൌരവകരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കര്‍ണ്ണാടകത്തിലെ കെ.എസ് .ഭഗവാന്‍ എന്ന എഴുത്തുകാരനില്‍ നിന്നും അവര്‍ക്ക് ഒരു പാട് പഠിക്കാനുണ്ട്.

                   പരസ്പര പ്രേമത്തില്‍ അധിഷ്ഠിതമാണ് ഭാരതീയ ദര്‍ശനം.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ