മലയാളം പ്രോജക്ട് തയ്യാറാക്കുന്നതെങ്ങനെ?
1. മലയാളം പ്രോജക്ട് തയ്യാറാക്കുന്നതെങ്ങനെ?
ഗവേഷണം ചെയ്യുന്നതിനുള്ള പ്രാഥമികപരിചയം എന്ന നിലയ്ക്കാണ് പ്രോജക്ടുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഗവേഷണം ഒരു അറിവ് പൂർണ്ണതയിലെത്തിക്കാനുള്ള പ്രവർത്തനമാണ്. അതിനു മുന്നോടിയായുള്ള തയ്യാറെടുപ്പായാണ് ഡിഗ്രി പഠനാവസാന കാലഘട്ടത്തിൽ നിർവഹിക്കപ്പെടുന്ന പ്രോജക്ടുകൾ വിലയിരുത്തപ്പെടുന്നത്. അറിയേണ്ട കാര്യങ്ങളെന്തൊക്കെ?എങ്ങനെ/ എവിടെ നിന്ന് അറിയാൻ സാധിക്കും? എന്തു പ്രശ്നമാണ് പരിഹരിക്കാനായുള്ളത്? അറിഞ്ഞവ എങ്ങനെ എഴുത്തിൽ ഉപയോഗിക്കാം? പുതിയ അറിവ് എങ്ങനെ സൃഷ്ടിക്കാം? ഈ ബോദ്ധ്യമാണ് വിദ്യാർത്ഥി ആർജ്ജിക്കുന്നത്.
പുതിയ അറിവിലേക്കുള്ള മാർഗ്ഗം തുറക്കാനും സത്യത്തെ യുക്തിഭദ്രമായും ആധികാരികമായും അവതരിപ്പിക്കാനും സാധിക്കണം. ശരിയായ ഒരു പ്രശ്നം കണ്ടെത്തി കഴിയുന്നത്ര തൃപ്തികരമായി അതിനെ പരിഹരിക്കലാണ് ഗവേഷണത്തിൽ അന്തർഭവിച്ചിരിക്കുന്ന ഘടകമെന്ന് ‘ഗവേഷണം - പ്രബന്ധ രചനയുടെ തത്ത്വങ്ങൾ’ എന്ന കൃതിയിൽ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെടുന്നു (2011:18).
1.1 പ്രോജക്ടിൽ വേണ്ട ചേരുവകൾ
വിവിധമേഖലകളിലുള്ള സൈദ്ധാന്തിക സമീപനങ്ങളാലും കല, സാഹിത്യം, ചരിത്രം മുതലായ വിഷയ സമീപനങ്ങളാലും സമൃദ്ധമാണ് ഭാഷ. അതിൻ്റെ സങ്കീർണ്ണതയും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. അന്തർവൈജ്ഞാനിക പഠനമേഖലയായി രൂപപ്പെട്ടതിനാൽ ഏതാശയവും സിദ്ധാന്തവും പ്രയോഗിക്കാവുന്ന മേഖലയായി ഇതു വളർന്നിട്ടുണ്ട്.
സമഗ്രവും സർവരാലും അംഗീകൃതവുമായ ഒരു പ്രോജക്ട് സമീപനരേഖ തയ്യാറാക്കുകയെന്നത് വിഷമകരം തന്നെ. എന്നിരുന്നാലും അതിനായുള്ള ഒരു പ്രാഥമികരൂപമാണ് ചർച്ച ചെയ്യുന്നത്. പ്രോജക്ടിൽ ഉൾച്ചേർക്കേണ്ട ഘടകങ്ങളെക്കുറിച്ച് താഴെ പരാമർശിക്കുന്നു.
1. കവർ പേജ്
2. ടൈറ്റിൽ പേജ്
3. സാക്ഷ്യപത്രം
4.മുഖവുര/ നന്ദി
5. ചുരുക്കെഴുത്തു പട്ടിക
6.ഉള്ളടക്കം
7. ആമുഖം (സിനോപ്സിസ്)
8. അദ്ധ്യായം 1
9. അദ്ധ്യായം 2
10. ഉപസംഹാരം
11.നിഗമനങ്ങൾ
12.സഹായകഗ്രന്ഥ സൂചി
13. അനുബന്ധം (ഉണ്ടെങ്കിൽ)
1.1.1കവർ പേജ്
പ്രോജക്ട് ഹാർഡ് ബൈൻഡ് ചെയ്യണമെന്ന നിർദ്ദേശമാണ് സർവകലാശാല നല്കിയിട്ടുള്ളത്. കവർ പേജിൽ താഴെപ്പറയുന്ന വിവരങ്ങൾ യഥോചിതം നല്കണം.
ശീർഷകം
ഗവേഷകൻ്റെ പേര്, രജിസ്റ്റർ നമ്പർ
മാർഗ്ഗനിർദ്ദേശകൻ്റെ പേര്
വർഷം, മാസം
സർവകലാശാല
1.1.2. ടൈറ്റിൽ പേജ്
കവർ പേജിൽ പറഞ്ഞ കാര്യങ്ങൾ നിർബന്ധമായും ചേർക്കുക.
1.1.3. സാക്ഷ്യപത്രം
മുഖ്യമായും രണ്ട് സാക്ഷ്യപത്രങ്ങൾ വേണം.
1.ഗവേഷകൻ്റേത്
2.മാർഗ്ഗദർശിയുടേത്.
താൻ തയ്യാറാക്കിയ പ്രോജക്ട് മറ്റൊന്നിൻ്റെ പകർപ്പല്ലെന്നും താൻ സ്വയമേവ തയ്യാറാക്കിയതാണെന്നും ഗവേഷകൻ സാക്ഷ്യപ്പെടുത്തുകയാണ് വേണ്ടത്.
മാതൃക:
(വിഷയം)..... എന്ന വിഷയത്തിലുള്ള ഈ പ്രോജക്ട് ( ഗവേഷകൻ്റെ പേര്) ഞാൻ സ്വയമേവ തയ്യാറാക്കിയതാണെന്നും മറ്റൊരു പ്രോജക്ടിൻ്റെയൊ ഗവേഷണ പ്രബന്ധത്തിൻ്റെയോ ഗ്രന്ഥത്തിൻ്റെയോ പകർപ്പല്ലെന്നും ഏതെങ്കിലും സർവകലാശാലയിൽ ബിരുദത്തിനോ ഫെല്ലൊഷിപ്പിനോ സമർപ്പിച്ചതല്ലെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
പേര്
ഒപ്പ്
സ്ഥലം,തിയ്യതി.
മാർഗ്ഗദർശിയുടെ സാക്ഷ്യപത്രം
( ഗവേഷകൻ്റെ പേര്) (വിഷയം) വിഷയത്തിൽ സമർപ്പിച്ചിട്ടുള്ള ഈ പ്രോജക്ട് എൻ്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചാണ് തയ്യാറാക്കിയതെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
1.1.4.മുഖവുര/നന്ദി
പ്രോജക്ടിൽ ആത്മനിഷ്ഠമായി തുറന്നു പറയാവുന്ന ഒരേയൊരു ഇടം ഇതു മാത്രമാണ്. നന്ദി പറയാനും ഈ വിഷയത്തിലേക്കെത്താനുമുള്ള സാഹചര്യങ്ങൾ വിവരിക്കാനും ഇതുപയോഗിക്കാം. സഹായിച്ച ഗ്രന്ഥശാലകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ മുതലായവരോടുള്ള കടപ്പാട് വ്യക്തമാക്കാം.
1.1.5. ചുരുക്കെഴുത്തു പട്ടിക
പ്രോജക്ടിൽ നാമങ്ങളിലോ പ്രയോഗങ്ങളിലോ ചുരുക്കരൂപങ്ങൾ എവിടെയെങ്കിലും ഉദാഹരിച്ചിട്ടുണ്ടെങ്കിൽ, അതായത് ഗ്രന്ഥസൂചിയിലടക്കം, അത് വിശദമാക്കാൻ ഈ പുറം ഉപയോഗിക്കാം.
ഉദാ:
എഡി. - എഡിറ്റർ
പു.- പുറം
വി.ടി. - വി.ടി. ഭട്ടതിരിപ്പാട്
വിവ. - വിവർത്തകൻ
സ്ഥലവും സമയവും ലാഭിക്കാൻ ഇതിലൂടെ സാധിക്കുന്നു.
1.1.6 ഉള്ളടക്കം
ഇവിടെ മുതല്ക്കാണ് പ്രോജക്ട് ആരംഭിക്കുന്നത്. ഈ പ്രോജക്ടിൻ്റെ ഉള്ളിലുള്ള ശീർഷകങ്ങൾ, ഉപശീർഷകങ്ങൾ, പട്ടികകൾ മുതലായവയെക്കുറിച്ചും അത് ഉൾക്കൊള്ളുന്ന പേജിനെക്കുറിച്ചും കൃത്യമായ വിവരം ഇവിടെ നിന്നും ലഭിക്കണം. ആ വിധത്തിൽ ശ്രദ്ധയോടെയും പിശകില്ലാതെയുമാണ് ഇതു തയ്യാറാക്കേണ്ടത്.
ഉദാഹരണം:
ഉള്ളടക്കം
ആമുഖം 1 - 3
1.0 കല: സാമാന്യ പരിചയം 4-18
1. 1 കലയുടെ ആവശ്യകത
1. 1.1 കലാനിർവചനങ്ങൾ
1.2 കലയും സമൂഹവും
1.2.1 പ്രാചീനകാലം
1.2.2 വ്യവസായ വിപ്ലവം
1.2.3 ആധുനികത
1.3 കലയും ശാസ്ത്രവും
1.3.1 യന്ത്രങ്ങളും മനുഷ്യരും
2.0 കലയും സൗന്ദര്യശാസ്ത്രവും 19-45
2.1 പ്ലേറ്റോ
2.1.1 കവികൾക്കെതിരെ
2.2 അരിസ്റ്റോട്ടിൽ
2.2.1 പോയറ്റിക്സ്
2.2.2 ദുരന്തനാടകസങ്കല്പം
അടിക്കുറിപ്പുകൾ
ഉപസംഹാരം 46-49
നിഗമനങ്ങൾ 50-53
ഗ്രന്ഥസൂചി 54-57
അനുബന്ധം 58-60
ഈ രീതിയിലല്ലാതെയും (അദ്ധ്യായങ്ങളുടെ നമ്പർ ഡിവിഷനുകളില്ലാതെ)
വിഷയ വിവരണം ഉള്ളടക്കത്തിൽ നല്കാം.
ഉദാ. -
ഉള്ളടക്കം
ആമുഖം 1 - 3
1.0 കല: സാമാന്യ പരിചയം 4-18
2.0 കലയും സൗന്ദര്യശാസ്ത്രവും 19-45
അടിക്കുറിപ്പുകൾ
ഉപസംഹാരം 46-49
നിഗമനങ്ങൾ 50-53
ഗ്രന്ഥസൂചി 54-57
അനുബന്ധം 58-60
1.1.7 ആമുഖം (സിനോപ്സിസ്)
ഈ അദ്ധ്യായത്തിൽ പ്രബന്ധരൂപരേഖയാണ് നല്കേണ്ടത്. ആമുഖം എന്നോ പ്രവേശകം എന്നോ പേരു നല്കാം. പേജുനമ്പർ നല്കേണ്ടത് ഈ ഘട്ടം മുതലാണ്. സിനോപ്സിസ് അഥവാ പ്രബന്ധരൂപരേഖയിൽ വേണ്ട കാര്യങ്ങൾ എന്തൊക്കെ? കുറച്ചു വിശദമായി പ്രതിപാദിക്കാം.
ഒരു ഗവേഷണ പ്രബന്ധമായാലും പ്രോജക്ടായാലും പ്രബന്ധരൂപരേഖ എന്ന സിനോപ്സിസ് അനിവാര്യമാണ്. ഒരു ഗവേഷകൻ ചെയ്യാനുദ്ദേശിക്കുന്ന ഗവേഷണത്തിൻ്റെ സംക്ഷിപ്ത കരടുരൂപമായി പ്രബന്ധരൂപരേഖയെ വിശദീകരിക്കാം. പ്രബന്ധസാരം, പ്രബന്ധചുരുക്കം, പ്രബന്ധസംഗ്രഹം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. താൻ ചെയ്യാനുദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് ഗവേഷകനുള്ള (മുൻ)ധാരണകൾ രൂപരേഖയിൽ വ്യക്തമാക്കേണ്ടതുണ്ട്.
പ്രബന്ധരൂപരേഖ തയ്യാറാക്കുമ്പോൾ ഗവേഷകൻ ശ്രദ്ധിക്കേണ്ടവ:
താൻ ചെയ്യുന്ന പ്രോജക്ടിൻ്റെ സാദ്ധ്യത, പഠനരീതിയും ദത്ത സമാഹരണ മാർഗ്ഗവും - പ്രബന്ധത്തിനാവശ്യമായ വിവരങ്ങൾ എങ്ങനെ ശേഖരിക്കുന്നുവെന്നത് - വ്യക്തമാക്കണം.
പ്രബന്ധരൂപരേഖയിൽ അദ്ധ്യായ വിഭജനം വേണ്ട. ആമുഖം അല്ലെങ്കിൽ പ്രവേശകം അല്ലെങ്കിൽ ഉപോദ്ഘാതം ഇവയിൽ ഒരു ശീർഷകം സ്വീകരിച്ച് പേജു നമ്പർ ചേർത്താൽ മതി.
പ്രബന്ധരൂപരേഖയിൽ റഫറൻസ് സൂചനകളോ അടിക്കുറിപ്പുകളോ വേണ്ട.
പ്രബന്ധരൂപരേഖയിൽ ശീർഷകം നിർവചിക്കാവുന്നതാണ്. ചിലപ്പോൾ വിശദീകരണവും വേണ്ടി വരും. ഗവേഷണത്തിൻ്റെ ഉദ്ദേശ്യവും ഗവേഷകൻ്റെ മനോഭാവവും മനസ്സിലാക്കാൻ ഇതുപകരിക്കും.
വിഷയത്തിൻ്റെ വ്യാപ്തിയും ഗവേഷകൻ ഒതുക്കിയെടുക്കേണ്ടതുണ്ട്. ഗവേഷണത്തിൻ്റെ സുതാര്യതയ്ക്കും സുഗമമായ മുന്നോട്ടു പോക്കിനും ഇത് അനിവാര്യമാണ്.
പ്രബന്ധരൂപരേഖയിൽ ചേർക്കേണ്ട ഘടകങ്ങൾ
ശീർഷകം
ആമുഖം, പ്രവേശകം, ഉപോദ്ഘാതം എന്നിവയിലൊന്ന് സ്വീകരിക്കാം.
പ്രാരംഭ ഖണ്ഡിക
പ്രോജക്ട് ശീർഷകം പരാമർശിച്ചുകൊണ്ട് വിഷയത്തിൻ്റെ സാമാന്യസ്വഭാവം വിശദമാക്കുന്നതോടൊപ്പം ശീർഷകനിർവചനം കൂടി നല്കാം.
പഠനലക്ഷ്യം
ഈ പ്രോജക്ടുമുഖേന എന്തു പഠിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിവരിക്കണം. ചുരുങ്ങിയത് 4 വാക്യമെങ്കിലും എഴുതേണ്ടതാണ്. ഏതു പ്രശ്നത്തിൻ്റെ പരിഹാരമാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമായി ഇവിടെ രേഖപ്പെടുത്തണം. മുഖ്യലക്ഷ്യവും അനുബന്ധലക്ഷ്യവുമുണ്ടെങ്കിൽ അക്കമിട്ട് അവ നിരത്തണം. (ചാത്തനാത്ത് അച്യുതനുണ്ണി, 2011:25)
പഠനപ്രസക്തി
ചെയ്യുന്ന പ്രോജക്ടിന് സാഹിതീമണ്ഡലത്തിലും സമൂഹത്തിലുമുള്ള പ്രാധാന്യം വ്യക്തമാക്കണം. പ്രോജക്ടിൻ്റെ പിന്നിലുള്ള സാമൂഹിക പ്രതിബദ്ധത ഇവിടെ ചൂണ്ടിക്കാട്ടാം.
മിക്ക സന്ദർഭങ്ങളിലും ലക്ഷ്യവും പ്രസക്തിയും ഒന്നിച്ചെഴുതാറാണ് പതിവ്.
പഠനരീതി
ഓരോ വിഷയത്തിനും തനതായ പഠനരീതികൾ സ്വീകരിക്കണം. വിവരണാത്മകം, അപഗ്രഥനാത്മകം, ചരിത്രാത്മകം എന്നിങ്ങനെ വകഭേദങ്ങൾ ഉണ്ട്. ആകര സാമഗ്രികളെക്കുറിച്ചും ഇവിടെ വ്യക്തമാക്കാവുന്നതാണ്. ഗവേഷണവിഷയവുമായി ബന്ധപ്പെട്ട മൗലികകൃതികളോ വസ്തുതയോ ആണ് പ്രഥമാകര സാമഗ്രി. പി. വത്സലയുടെ കൃതികളെക്കുറിച്ചു ചെയ്യുമ്പോൾ പ്രഥമാ കരസാമഗ്രി അവരുടെ കൃതികൾ തന്നെ. അവയെ സംബന്ധിക്കുന്ന പഠനങ്ങളും നിരൂപണങ്ങളും മറ്റും ദ്വിതീയാകരവും ആനുകാലികങ്ങളിലും മറ്റും കിട്ടുന്ന വിവരങ്ങൾ ത്രിതീയാ കരസാമഗ്രിയുമാകും.
പഠനമേഖല
വിഷയത്തിൻ്റെ പഠനം ഏതൊക്കെ ഏരിയകളിലാണ് നിഷ്കർഷിക്കുന്നത് എന്നത് ഇവിടെ വ്യക്തമാക്കുന്നു. വിഷയപരിധി ഇവിടെ നിർണ്ണയിക്കാം.
പൂർവകാലപഠനങ്ങൾ
ഈ വിഷയത്തെക്കുറിച്ച് മുമ്പ് നടന്നിട്ടുള്ള പഠനങ്ങൾ കണ്ടെത്തേണ്ട ഉത്തരവാദിത്തം ഗവേഷകനുണ്ട്. അവ കണ്ടെത്തി പരാമർശിക്കണം. എങ്കിലേ തൻ്റെ വിഷയത്തിൻ്റെ നൂതനത്വം വിവരിക്കാനാകൂ. ഡിഗ്രി പ്രോജക്ടിന് ഇത് നിർബന്ധ ഘടകമല്ല.
പരികൽപ്പന
‘തൻ്റെ വിഷയത്തെക്കുറിച്ചുള്ള സങ്കല്പനങ്ങൾ സൂചിപ്പിക്കുകയാണിവിടെ. ഗവേഷണത്തിൻ്റെ പ്രാരംഭബിന്ദുവാണ് ഈ പരികൽപ്പനകൾ. ശാസ്ത്രീയമായ ചിന്തയുടെ ഫലമായുണ്ടാകുന്ന അനുമാനങ്ങളാണ് പരികൽപ്പനകൾക്കാധാരം. ഗവേഷണം മുന്നോട്ടുപോകുമ്പോൾ ഇതിൽ പലതും പിശകാണെന്ന് ബോദ്ധ്യപ്പെടാം. ഡിഗ്രി പ്രോജക്ടിന് ഇത് നിർബന്ധ ഘടകമല്ല.
പ്രോജക്ട് സ്വരൂപം
അദ്ധ്യായ വിഭജനം ഇവിടെ നല്കണം. ഓരോ അദ്ധ്യായത്തിൻ്റെ ശീർഷകവും അതിൽ വിവരിക്കാൻ ഉദ്ദേശിക്കുന്ന വസ്തുതകളുടെ സംക്ഷിപ്ത രൂപവുമാണ് ഇവിടെ നല്കേണ്ടത്.
ഇതാണ് പ്രബന്ധരൂപരേഖയുടെ പ്രസക്തിയും ഘടകങ്ങളും. ഇപ്പോൾ പ്രബന്ധരൂപരേഖയാകെ ഉപശീർഷകങ്ങൾ നല്കാതെ വിവരണരൂപത്തിലെഴുതുന്ന പതിവും കാണുന്നു. ഇതൊക്കെ മാർഗ്ഗദർശിയുടെ അഭിപ്രായമനുസരിച്ചാകാവുന്നതാണ്. ഗവേഷണ പ്രബന്ധത്തിനുണ്ടാകേണ്ട കാർക്കശ്യവും കൃത്യതയും സുതാര്യതയും ഡിഗ്രി തല പ്രോജക്ടിന് വേണമെന്ന് ശഠിക്കുന്നത് ശരിയല്ലല്ലോ.
1.1.8 അദ്ധ്യായം 1
പ്രോജക്ടായാലും ഗവേഷണപ്രബന്ധമായാലും അദ്ധ്യായങ്ങൾ തിരിച്ചെഴുതേണ്ടത് വളരെ പ്രധാനമാണ്. രണ്ട് അദ്ധ്യായമെങ്കിലും പ്രോജക്ടിൽ വേണം. ഗവേഷണ പ്രബന്ധത്തിൽ നാലോ അഞ്ചോ ആകാം. ഓരോ അദ്ധ്യായത്തിലും വേണ്ട റഫറൻസുകളും അടിക്കുറിപ്പു സൂചനകളും നല്കണം.
റഫറൻസ് സൂചനകൾ നല്കുന്ന വിധം
പ്രോജക്ടിൽ റഫറൻസ് സൂചനകൾ നല്കുമ്പോൾ (എഴുത്തുകാരൻ, വർഷം : പേജ് നമ്പർ) എന്ന ക്രമമാണ് ദീക്ഷിക്കേണ്ടത്. സാധാരണ ബ്രാക്കറ്റിലാണിവ നല്കേണ്ടത്.
[ (Author, Year: page number) ]
ഉദാ:
“ഒരു പ്രബന്ധത്തിലും ശേഖരിച്ച ദത്തങ്ങൾ മുഴുവൻ പ്രയുക്തമാകുന്നില്ല” (ഡി.ബെഞ്ചമിൻ, 2012: 31).
ഒരു പ്രബന്ധത്തിലും ശേഖരിച്ച ദത്തങ്ങൾ മുഴുവൻ പ്രയുക്തമാകുന്നില്ലെന്ന് ഡി.ബെഞ്ചമിൻ അഭിപ്രായപ്പെടുന്നു. (2012: 31).
ഒരേ എഴുത്തുകാരൻ്റെ രണ്ടു കൃതികൾ ഒരേ വർഷം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ തിരിച്ചറിയാനായി വർഷത്തിൻ്റെ കൂടെ എ, ബി, സി എന്നിങ്ങനെ നല്കാം.
ഉദാ:
(ഡി.ബെഞ്ചമിൻ, 2012 എ: 15)
അതേ വർഷം പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ മറ്റൊരു കൃതി നമ്മൾ റഫറൻസ് ചെയ്തിട്ടുണ്ടെങ്കിൽ
(ഡി.ബെഞ്ചമിൻ, 2012 ബി: 15)
എഡിറ്റഡ് ബുക്കിലെ ലേഖനം ഉദ്ധരിക്കേണ്ടി വരുമ്പോൾ ലേഖകനെയും ലേഖനത്തെയും പരാമർശിച്ചാൽ ഗ്രന്ഥസൂചിയിൽ കൃതി മാത്രം കാണിച്ചാൽ മതി.
ഉദാ:
കെ.സി. നാരായണൻ ‘പ്രതിബോധത്തിൻ്റെ സൗന്ദര്യശാസ്ത്രം’ എന്ന ലേഖനത്തിൽ വിനയത്തിൻ്റെ ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രമെന്ന് വീക്ഷിക്കുന്നു.
(ജി. മധുസൂദനൻ, 2002: 70).
മറ്റൊരു രീതിയിലും എഴുതാവുന്നതാണ്.
ഉദാഹരണം:
വിനയത്തിൻ്റെ ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രമെന്നും വ്യാഖ്യാനമുണ്ട്.
(ജി.മധുസൂദനൻ, 2002: 70).
ആനുകാലികങ്ങൾ രേഖപ്പെടുത്താൻ ആനുകാലികത്തിൻ്റെ പേര്, മാസം, പേജ് നമ്പർ എന്ന ക്രമം സ്വീകരിക്കാവുന്നതാണ്.
1.1.9 അടിക്കുറിപ്പ് നല്കൽ
പ്രോജക്ടിൽ അടിക്കുറിപ്പുകൾ വേണ്ടി വരും. താൻ വിവക്ഷിച്ച കാര്യങ്ങൾ ഉറച്ചു ബോദ്ധ്യത്തിൽത്തന്നെയെന്ന് ഉറപ്പുവരുത്താൻ അതുപകരിക്കും. പേരുകൾ, സാങ്കേതികപദങ്ങൾ, ആനുഷംഗിക പരാമർശങ്ങൾ, ചരിത്രസംഭവ സൂചനകൾ മുതലായവ വിശദീകരിക്കേണ്ടി വന്നാൽ ആ പദത്തിനോ ആശയത്തിനോ മീതെ ഘാതം എഴുതും മട്ടിൽ 1,2,3 ക്രമത്തിൽ സൂചിപ്പിച്ച് ഉപസംഹാരത്തിനു മുന്നിൽ, അവസാനത്തെ അദ്ധ്യായം അവസാനിക്കുന്ന ഇടത്തു നിന്നും നല്കുക.
1.1.10 ഉപസംഹാരം
മുഖ്യ ആശയങ്ങൾ ക്രോഡീകരിക്കുകയാണിവിടെ. ഇത് നാലു ഖണ്ഡികയിലധികം ആവശ്യമില്ല.
1.1.11 നിഗമനങ്ങൾ
നിഗമനങ്ങൾ വളരെ പ്രാധാന്യമുള്ളവയാണ്. ഈ പ്രോജക്ടിൻ്റെ ഉദ്ദേശ്യത്തെ സാധൂകരിക്കുന്നവയാകണം നിഗമനങ്ങൾ.
1.1.12 സഹായകഗ്രന്ഥ സൂചി
പ്രോജക്ട് തയ്യാറാക്കാൻ ഉപയോഗിച്ച മലയാളം പുസ്തകങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ, മലയാളം ആനുകാലികങ്ങൾ, ഇംഗ്ലീഷ് ആനുകാലികങ്ങൾ എന്നിങ്ങനെ അതതു ഭാഷകളിലെ അക്ഷരമാലാക്രമം അടിസ്ഥാനമാക്കി എഴുതുക.
വെബ്സൈറ്റുകളിൽ നോക്കി ലേഖനം പരാമർശിച്ചിട്ടുണ്ടെങ്കിൽ ലേഖകൻ, ലേഖനം, പ്രസിദ്ധീകരിച്ച തിയ്യതി, യു. ആർ. എൽ എന്ന ക്രമത്തിൽ നല്കാവുന്നതാണ്.
ആവേദകരുണ്ടെങ്കിൽ ആവേദ സൂചിയും നല്കണം.
സഹായഗ്രന്ഥസൂചി തയ്യാറാക്കാൻ കേരളാസർവകലാശാല മലയാളവിഭാഗം തയ്യാറാക്കിയ സ്റ്റൈൽ ഷീറ്റ് താരതമ്യേന എളുപ്പമാണ്. അത് മാതൃകയാക്കാം.
മലയാളം അക്ഷരക്രമം പാലിക്കുന്നതോടൊപ്പം താഴെപ്പറയുന്ന കാര്യങ്ങളിൽ ശ്രദ്ധവെക്കുക. ചിഹ്നങ്ങൾ പ്രധാനമാണ്. പ്രബന്ധ ശരീരത്തിലുപയോഗിച്ച ഫോണ്ട്സൈസ്, മാർജിൻ, സ്പെയിസ് എന്നിവ തുടരുക.
ഗ്രന്ഥസൂചിയിൽ ഒരാൾ എഴുതിയ പുസ്തകമാണ് നല്കേണ്ടതെങ്കിൽ:
എഴുത്തുകാരൻ്റെ പേര്, പുസ്തകത്തിൻ്റെ പേര്, പ്രസാധകർ, സ്ഥലം, പ്രസിദ്ധീകരണ വർഷം.
ഒരാളുടെ ഒന്നിലധികം പുസ്തകങ്ങൾ രേഖപ്പെടുത്തുന്നുണ്ടെങ്കിൽ രണ്ടാമത്തെ പുസ്തകം മുതൽ എഴുത്തുകാരൻ്റെ പേരിൻ്റെ ഇടം വിടുക. ബാക്കി വിവരങ്ങൾ ചേർക്കുക. വർഷത്തിൻ്റെ കാര്യത്തിൽ ആരോഹണക്രമം പാലിക്കുക. 1954, 1986, 2020 എന്നിങ്ങനെ.
രണ്ടുപേർ എഴുതിയ പുസ്തകത്തിൽ രണ്ടുപേരും ചേർത്ത ശേഷം മുകളിൽപ്പറഞ്ഞ വിശദാംശങ്ങൾ ചേർക്കുക.
എഡിറ്റ് ചെയ്ത പുസ്തകത്തിൽ നിന്നുള്ള ലേഖനം പരാമർശിക്കുമ്പോൾ:
ലേഖനകർത്താവ്,” ലേഖനം”, സമാഹാരത്തിൻ്റെ പേര്, (എഡി.) എഡിറ്ററിൻ്റെ പേര്, പ്രസാധകർ, സ്ഥലം, വർഷം.
വിവർത്തനം ചെയ്ത പുസ്തകം :
വിവർത്തകൻ്റെ പേര്, പുസ്തകത്തിൻ്റെ പേര്, (മൂലകൃതിയുടെ പേര്, എഴുത്തുകാരൻ്റെ പേര്) പ്രസാധകർ, സ്ഥലം, പ്രസിദ്ധീകരണ വർഷം.
ഗവേഷണ പ്രബന്ധമാണെങ്കിൽ:
ഗവേഷകൻ്റെ പേര്, ഗവേഷണവിഷയം, സർവകലാശാല, വർഷം.
ആനുകാലിക ലേഖനം:
ലേഖകൻ്റെ പേര്, “ലേഖനം”, ആനുകാലികത്തിൻ്റെ പേര്,വാള്യം, പ്രസാധകർ, സ്ഥലം,തിയ്യതി.
വെബ്സൈറ്റ് പ്രസിദ്ധീകരണങ്ങൾ:
ലേഖകൻ / അവതാരകൻ / സംവിധായകൻ/ പെർഫോമർ പേര്, “പരിപാടിയുടെ പേര്”, വെബ്സൈറ്റ് ശീർഷകം, പ്രസാധകർ, സന്ദർശിച്ച തിയ്യതി.
ഓൺലൈൻ മാസിക:
ലേഖകൻ്റെ പേര്, “ലേഖനം”, ഓൺലൈൻ മാസികയുടെ പേര്, വാള്യം, ലക്കം, പ്രസിദ്ധീകരണത്തിയ്യതി, ഡാറ്റാബേസ് ശീർഷകം, സന്ദർശിച്ച തിയ്യതി.
സിനിമ:
സിനിമയുടെ പേര്, സംവിധായകൻ്റെ പേര്, തിരക്കഥാകൃത്തിൻ്റെ പേര് (തിരക്കഥ), റിലീസ് ചെയ്ത വർഷം, ഭാഷ, സി.ഡി. / ഡി.വി.ഡി. ഇറക്കിയ കമ്പനി, സ്ഥലം, പുറത്തിറങ്ങിയ വർഷം.
ചിഹ്നങ്ങളുടെ കൃത്യമായ ഉപയോഗം, സ്പെയിസ് ഇടുന്നതിൻ്റെ കൃത്യത, ഇറ്റാലിക്സ് മുതലായവ പ്രധാനം.
1.1.13 അനുബന്ധം (ഉണ്ടെങ്കിൽ)
ഇതുവരെ പ്രസിദ്ധീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാത്തവ കണ്ടെത്തുമ്പോഴും, പ്രബന്ധത്തിലെ മൗലിക നിരീക്ഷണത്തിന് സഹായകമാകുന്ന ഘടകങ്ങൾ കണ്ടെത്തുമ്പോഴും അനുബന്ധങ്ങൾ വേണ്ടി വരും.
മറ്റുകാര്യങ്ങൾ:
ഫോണ്ട് സൈസ് 14 ഉപയോഗിക്കാം.
ഒരു പേജിൽ 20-23 വരികളാകാം.
ഡബിൾ സ്പേസ് നല്കണം.
ഞാൻ, എനിക്ക് മുതലായ ആത്മനിഷ്ഠപ്രയോഗങ്ങൾ പ്രബന്ധത്തിൽ പാടില്ല.
അക്ഷരത്തെറ്റും വ്യാകരണപ്പിശകും പാടില്ല. അതിനാൽ പ്രൂഫ് വായന അത്യന്താപേക്ഷിതമാണ്.
ഖണ്ഡികകൾ ഒരു വരിയുടെ വിടവ് നല്കി വേർതിരിക്കണം.
ആശയം സ്വീകരിച്ചതോ സംഗ്രഹിച്ചതോ ഉദ്ധരണിയായി നല്കിയതോ ആയ ഏതിൻ്റെയും ഉറവിടം രേഖപ്പെടുത്തണം. ഗവേഷണ സത്യസന്ധതയ്ക്ക് ഇത് അനിവാര്യമാണ്.
എഴുത്തുകാരൻ്റെ പേര്, പുസ്തകം പ്രസിദ്ധീകരിച്ച വർഷം: പേജ് നമ്പർ എന്ന A,Y: page രീതിയാണ് സ്വീകരിക്കേണ്ടത്.
ഉദ്ധരണിയുടെ ഇടയിൽ വിട്ടുകളയുന്ന ഭാഗം … എന്നിങ്ങനെ മൂന്നു കുത്തുകളാൽ സൂചിപ്പിക്കണം.
ഗ്രന്ഥസൂചിയും അനുബന്ധവും പുതിയ പുറത്തിൽ നല്കണം.
കണ്ണൂർ സർവകലാശാല നിർദേശിക്കുന്നത് ഒരു പ്രോജക്ട് ചുരുങ്ങിയത് 25 പേജെങ്കിലും വേണമെന്നാണ്. ഹാർഡ് ബൈൻഡ് ചെയ്യണമെന്നും നിർദ്ദേശിക്കുന്നു. ഭാഷാശുദ്ധിയും വിശകലനപാടവവും മൗലികതയും ഘടനയും പ്രബന്ധത്തിൻ്റെ വിലയിരുത്തൽ ഘടകങ്ങളാകും.
ഇത്രയുമാണ് പ്രോജക്ടിനെക്കുറിച്ചു പറയാനുള്ളത്. സംശയങ്ങൾ ഉയരുന്ന മുറയ്ക്ക് കൂടുതൽ വിശദീകരിക്കാം.
ganeshanmalayalam@gmail.com
8848672705
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ