പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ

പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം - കെ.സി. നാരായണൻ

[മുഖ്യാശയങ്ങൾ]

(കണ്ണൂർ സർവകലാശാലാ ഒന്നാം സെമസ്റ്റർ മെയിൻ മലയാളം - പരിസ്ഥിതി, ദളിത്, ലിംഗപഠനങ്ങൾ)

1. പ്രതിബോധത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന ലേഖനം എഴുതിയത് ചിന്തകനായ കെ.സി.നാരായണൻ ആണ്. പ്രതിബോധം എന്ന വാക്കിന് മുഖ്യമായും തിരിച്ചറിവ് എന്നർത്ഥം. [ഇവിടെ നിലനില്ക്കുന്ന സാമാന്യബോധത്തിന് എതിരായ പാഠം എന്ന വിശദീകരണം നല്കാം.]

പരിസ്ഥിതി സൗന്ദര്യശാസ്ത്രം പുതിയ സാഹിത്യ പദ്ധതിയാകയാൽ അതിന്റെ അതിരുകൾ കണ്ടെത്താനും സാഹിത്യത്തിൽ ഇതിന്റെ സ്വാധീനം വിശകലനം ചെയ്യാനുമുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

2. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയുന്നു. അതിനെ ആവോളം കവർന്നെടുക്കുന്നു. പ്രകൃതിയുടെ നാഥനാണ് താൻ എന്ന് മനുഷ്യൻ ഭാവിക്കുന്നു. ആധുനിക പരിഷ്കാരത്തിന്റേതായ ഈ പ്രകൃതി വീക്ഷണം രൂപം കൊണ്ടിട്ട് 400 വർഷം മാത്രമേ ആയുള്ളൂ.

3. ബലപ്രയോഗത്തിലൂടെയും അസമത്വത്തിലൂടെയും കണ്ണ് കെട്ടിയ വ്യാപനത്തിലൂടെയും ലോകത്തിലെ ഒരേയൊരു പരിഷ്കൃതിയെന്ന മട്ടിൽ ലോകമാകെ പരന്നിരിക്കുകയാണ് ആധുനിക പരിഷ്കാരത്തിന്റെ പ്രകൃതിവീക്ഷണം.

4. പ്രാരംഭം മുതൽ ഈ മനോഭാവത്തെ എതിർക്കുന്ന, ചൂഷണപരവും അധീശത്വപരവുമായ പ്രകൃതിവീക്ഷണമല്ല സമൂഹത്തിന് വേണ്ടതെന്നു വാദിക്കുന്ന പ്രതിബോധങ്ങൾ - തിരിച്ചറിവിന്റെ എതിർപാഠങ്ങൾ - യൂറോപ്പിൽ ഉണ്ടായിട്ടുണ്ട്. യൂറോപ്യൻ ചിന്തകരായ റൂസ്സോ മുതൽ അഡോണോ, ഫൂക്കോ വരെയുള്ളവർ പ്രകൃതിക്കുവേണ്ടി പ്രതിരോധം ചമയ്ക്കുവാൻ ശ്രമിച്ചവരാണ്.

5. ആഗോളതലത്തിൽ ഗാന്ധിജി മുതൽ ഫുക്കുവോക്ക വരെയുള്ളവർ ആധുനികപരിഷ്കൃതിയുടെ ഉൽപ്പാദനസമ്പ്രദായം, വൈദ്യസമ്പ്രദായം, അറിവുവിതരണ സമ്പ്രദായം, പുരുഷകേന്ദ്രീകൃത വീക്ഷണം ഇവയ്ക്കൊക്കെ എതിരായി നിലപാടെടുത്തു. 

6.ഇങ്ങനെ, ആധുനിക പരിഷ്കാരത്തിന്റെ പ്രകൃതിവീക്ഷണത്തിനെതിരെ രൂപംകൊണ്ട എതിർപാഠങ്ങളിൽ

പ്രധാനപ്പെട്ടതാണ് പരിസ്ഥിതിബോധം.

7.ശുദ്ധമായ ഭൂമി, ജലം, വായു എന്നിവയ്ക്കുവേണ്ടിയും അതിന് ആധുനിക മനുഷ്യൻ ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരായും ഉള്ള നിലപാടുകളാണ് പരിസ്ഥിതിബോധത്തിനും പരിസ്ഥിതിപ്രസ്ഥാനത്തിനും രൂപം നല്കിയത്.

8. കെ.സി. നാരായണൻ വ്യക്തമാക്കുന്നു : " ഈ പരിസ്ഥിതി ബോധം ലളിതമായ ഒരു പച്ചിലസ്നേഹം മാത്രമല്ല എന്നും ആധുനിക പരിഷ്കൃതിക്കുള്ളിൽ വികസിച്ചുവന്ന അതിനെതിരായുള്ള സമഗ്രമായ ഒരു പ്രതിരോധബോധമാണെന്നും അതിന്റെ ചരിത്രം വ്യക്തമാക്കുന്നു."

9. പുതിയ ഈ പരിസ്ഥിതിബോധത്തിലും ഒരു പ്രകൃതിവീക്ഷണം അടങ്ങിയിട്ടുണ്ട്.

  • പ്രകൃതി ഇഷ്ടം പോലെ ഉപയോഗിക്കാവുന്ന ഒന്നല്ല.
  • മനുഷ്യനും പ്രകൃതിയും തമ്മിൽ സർഗ്ഗാത്മകമായ ബന്ധമാണ് ആവശ്യം.
  • വിനയത്തിന്റെ ശാസ്ത്രമാണ് പരിസ്ഥിതിശാസ്ത്രം.

10. ഈ രണ്ടുതരം പ്രകൃതിവീക്ഷണങ്ങളെയും സാഹിത്യലോകം ഉൾകൊണ്ടിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് 1952 ലെ

വൈലോപ്പിള്ളിയുടെ 'സർപ്പക്കാട്,' (ആധുനിക പ്രകൃതിവീക്ഷണം) 1954 ലെ ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം (പുതിയ പരിസ്ഥിതിവീക്ഷണം) എന്നീ കവിതകൾ. നോവലിൽ വിഷകന്യകയും ആരണ്യകും ഉദാഹരണങ്ങൾ.

11. പുതിയ പരിസ്ഥിതിബോധത്തിന്റെ സ്വാധീനങ്ങൾ കാണിക്കുന്ന നിരവധികൃതികൾ 1970 കളുടെ അവസാനം മലയാളത്തിലുണ്ടായി.

  • അയ്യപ്പപ്പണിക്കർ, സുഗതകുമാരി, കടമ്മനിട്ട, ആറ്റൂർ, ഒ.വി.വിജയൻ മുതലായവരുടെ കൃതികൾ ഉദാഹരണം.

12. സാഹിത്യനിരൂപണത്തിൽ വരുമ്പോൾ മൂന്നു ബിംബങ്ങൾ ആവർത്തിക്കുന്നതായി കാണാം.

  • ഭൂമി, ജലം, സസ്യം എന്നിവയാണ് ഈ കൃതികളിലെ മൂന്ന് ഇക്കോളജിക്കൽ ബിംബങ്ങൾ.

13. മനുഷ്യന്റെ നിലനിൽപ്പിനാധാരമായ ഭൂമി, ജലം, സസ്യം എന്നീ സാന്നിദ്ധ്യങ്ങളുടെ രൂപകങ്ങളിലൂടെ ആധുനിക മനുഷ്യജീവിതത്തിന്റെ നേർക്ക് ഒരു കൃതി എത്രമാത്രം സമീപിക്കുന്നു എന്ന് അന്വേഷിക്കുന്ന രസവിചാരമാണ് പരിസ്ഥിതിസൗന്ദര്യശാസ്ത്രം.

14. പി.യുടെ കവിതകൾ :

  • വന്യമായും പ്രകൃതിപരമായും പരന്നുകിടക്കുന്ന കവിതകൾ.
  • പ്രകൃതിയുടെ ഒരുതരം ലാൻഡ്സ്കേപ്പു പെയിന്റിങ്ങുകളാണവ.
  • പ്രകൃതിഘടകങ്ങൾക്ക് അദ്ദേഹം മനുഷ്യരൂപവും ഭാവവും നല്കുന്നു.
  • മനുഷ്യന്റെ ഇടപെടലിനു മുമ്പുള്ള പ്രകൃതിയാണ് പി.യുടെ കവിതകളിലുള്ളത്.

15. വൈലോപ്പിള്ളി: 

  • വൈലോപ്പിള്ളിക്കവിതകളിലെ പ്രകൃതി കാടല്ല, പാടമാണ്. 
  • വെറും പ്രകൃതിയിലല്ല, പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലിലാണ് വൈലോപ്പിള്ളിക്ക് പ്രിയം.
  • പ്രകൃതിയുടെ മീതെ മനുഷ്യൻ/പുരുഷൻ നേടുന്ന വിജയം അദ്ദേഹം ഉയർത്തിക്കാട്ടുന്നു.
  • പരാമർശിച്ച കവിതകൾ- കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത്, സർപ്പക്കാട്, വിഷുക്കണി, ജലസേചനം, കണ്ണീർപ്പാടം,
  • തനിമയാർന്ന പ്രകൃതിയിൽ വൈലോപ്പിള്ളിക്ക് താൽപ്പര്യമില്ല.
  • മഴയില്ല, ജലസേചനമാണ് വൈലോപ്പിള്ളിക്കു താൽപ്പര്യം. ജലസേചനം എന്ന കവിത ഓർക്കുക. 
  • സർപ്പക്കാട് കാർഷിക കവിതയാണ്. സർപ്പക്കാവ് എന്നാണ് കവിതയിൽ ഉപയോഗിച്ചിട്ടുള്ളത്. സർപ്പക്കാടിന് കവി തീ കൊടുക്കുകയാണ്. സർപ്പക്കാട് പുരോഗതിക്കെതിരാണെന്നതാണ് കാരണം. 
  • കാടിനെ എരിച്ചും വെട്ടിയും നാടാക്കിയും പാടമാക്കിയും പരിഷ്കൃതമാക്കിയുമാണ് സർപ്പക്കാട് അവസാനിക്കുന്നത്.

16. ഇടശ്ശേരി: കുറ്റിപ്പുറം പാലം.1954

  • സർപ്പക്കാടിറങ്ങി രണ്ടു വർഷത്തിനു ശേഷം ഇടശ്ശേരി എഴുതിയത്.
  • മനുഷ്യവീര്യത്തിലും പരിഷ്കൃതിയുടെ മുന്നേറ്റത്തിലും സംശയം, വേദന, ആശങ്കകൾ സൂചിപ്പിക്കുന്നു.
  • പാലത്തിന്റെ നിർമ്മിതിയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുന്നു. എന്നാൽ അതോടൊപ്പം ഗ്രാമത്തിലേക്ക് കടന്നുവരുന്ന അശുഭങ്ങളെക്കുറിച്ച് വേവലാതി കാട്ടുന്നു.
  • അഴുക്കുചാലാകുന്ന പുഴ. വളരെയേറെ പ്രവചനാത്മകതയുള്ള കാവ്യബിംബമായിരുന്നു അത്.
  • പരിഷ്കൃതിയേൽപ്പിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള കുറ്റിപ്പുറം പാലമെന്ന കവിതയിലെ കൽപ്പനകളും ദീർഘദർശനവുമാണ് പില്ക്കാലക്കവിതകളിൽ ഇത്തരം ബിംബങ്ങളും ആശയങ്ങളും വർദ്ധിക്കാനുള്ള കാരണം.

17. പരിഷ്കൃതി വിമർശനവും പ്രകൃതിബോധവും കൂടിച്ചേർന്ന പദമാണ് പരിസ്ഥിതിബോധമെന്നത്. അത് വെറും പ്രകൃതിസ്നേഹമോ പച്ചിലസ്നേഹമോ അല്ല. 

  • പുതിയ പ്രകൃതിബോധത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ അടിമ-ഉടമ ബന്ധമല്ല വേണ്ടത്. പ്രതിബോധം അവയുടെ പാരസ്പര്യത്തിൽ ഊന്നുന്നു.

"ശക്തിയുടെ ഇരയോ, ചൂഷണത്തിന്റെ വിഷയമോ, മനുഷ്യൻ എന്ന യജമാനനു വിധേയമോ അല്ലാത്ത ഒരു പ്രകൃതിയെ കണ്ടെത്താനും, ആ പ്രകൃതിബിംബത്തെ ആധാരമാക്കി പുതിയൊരു ജീവിതരീതിയെ അന്വേഷിക്കാനും അതുയത്നിക്കുന്നു. വിശാലമായ അർത്ഥത്തിൽ ഇതിനെയാണ് പരിസ്ഥിതിബോധം എന്നു വിളിക്കുന്നത്."- കെ.സി. നാരായണൻ.

കെ.ജി.ശങ്കരപ്പിള്ള - കൊച്ചിയിലെ വൃക്ഷങ്ങൾ. കേരളത്തിന്റെ പതനം എന്ന അനുഭവസമ്പത്തിനെ കൊണ്ടുവരാൻ വൃക്ഷം/ വൃക്ഷത്തിന്റെ രൂപത്തിലുള്ള പുക എന്ന പരസ്പരവിരുദ്ധ ഘടകങ്ങൾ കവി ഉപയോഗിക്കുന്നു.

18. ആനന്ദ് - മരുഭൂമികൾ ഉണ്ടാകുന്നത്.(നോവൽ).

  • മണ്ണ് വരണ്ട് മണലായി മാറുന്ന പതനാവസ്ഥയെ കുറിക്കുന്ന നോവൽ. മനുഷ്യത്വത്തിന്റെ നിരാസം ഇതിൽ പ്രമേയമാകുന്നു.
  • ആധുനികസ്റ്റേറ്റിന്റെ സർവംഗ്രാഹകമായ വളർച്ചയിൽ നിസ്സഹായനായിപ്പോകുന്ന മനുഷ്യന്റെ ആന്തര ലോകം ആവിഷ്കരിക്കാൻ ഇവിടെ മരുഭൂമി എന്ന പരിസ്ഥിതിബിംബം ഉപയോഗിക്കുന്നു.

19."പ്രകൃതിയുടെ ഒരു മുറിവിലൂടെ പരിഷ്കൃതിയുടെ ഒരു രോഗത്തെ ആവിഷ്കരിക്കുക എന്നതാണ് ഇവിടെ പരിസ്ഥിതിപരമായ രചനകൾ ചെയ്യുന്നത്. ഈ ആവിഷ്കാര രീതിയെ തെളിയിച്ചു കാട്ടുന്ന രസവിചാരമാണ് ഇന്ന് ബീജരൂപത്തിലുള്ളതും നാളെ വരാനിരിക്കുന്നതുമായ പരിസ്ഥിതി സൗന്ദര്യശാസ്ത്രം." 

- കെ.സി. നാരായണൻ.

 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ