രാമച്ചി : വിനോയ് തോമസ്
കണ്ണൂർ ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ വിനോയ് തോമസിന്റെ മനോഹരമായ കഥയാണ് രാമച്ചി. പാരിസ്ഥിതികാവബോധത്തിന്റെ ആവശ്യകത ആ കഥ വിളിച്ചുപറയുന്നു. കരിക്കോട്ടക്കരി എന്ന നോവലിലൂടെയാണ് വിനോയ് തോമസ് ശ്രദ്ധേയനാകുന്നത്. പുറ്റ്, രാമച്ചി മുതലായ കൃതികളും പ്രശംസ പിടിച്ചുപറ്റി. തന്റെ നാട് ഒരു കിണറാണെന്ന് വിനോയ് തോമസ് രാമച്ചിയുടെ ആമുഖത്തിൽ പറയുന്നു. "എത്ര കഥയിൽ കോരിയാലും തീരാത്ത ജീവിതങ്ങളുമായി അതങ്ങനെ നിറഞ്ഞു തുളുമ്പാതെ സാധാരണമായി കിടക്കുന്നു "വെന്ന് അദ്ദേഹം എഴുതുന്നു. വളരെ സൂക്ഷ്മതയോടെയും മിതത്വം പാലിച്ചുമാണ് വിനോയ് തോമസ് കഥാഖ്യാനം നിർവഹിക്കുന്നത്. രാമച്ചിക്കെഴുതിയ അവതാരികയിൽ പ്രസിദ്ധ കഥാകൃത്ത് എൻ.പ്രഭാകരൻ വിനോയ് തോമസിന്റെ കഥകളെ പ്രശംസിക്കുന്നു. വിനോയ് തോമസിന്റെ കഥകൾ നല്കുന്ന വായനാനുഭവത്തെ വിശുദ്ധം എന്നാണ് എൻ.പ്രഭാകരൻ വിശേഷിപ്പിക്കുന്നത്. എൻ. പ്രഭാകരൻ എഴുതുന്നു: "വിനോയ് തോമസ് തന്റെ കഥകൾക്കാവശ്യമായ വിഷയങ്ങൾ ക്ലേശിച്ച് കണ്ടെത്തുന്ന എഴുത്തുകാരനല്ല. കഥാപാത്രങ്ങൾ അവരുടെ ജീവിതപരിസരങ്ങളുമായി ഇങ്ങോട്ടുവന്ന് എഴുത്തുകാരനുമായി ആത്മബന്ധം സ്ഥാപിച്ച് തങ്ങളെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്...