കഥാകദികെ -ഡോ.എ.എം.ശ്രീധരൻ

കഥാകദികെ - നിമഗ്നജനതയുടെ പ്രതിരോധം. തുളുഭാഷയിൽ ഒരു നൂറ്റാണ്ടോളമായി എഴുതപ്പെട്ട നിരവധി കഥകളിൽ നിന്നും വളരെ സമർത്ഥമായി തിരഞ്ഞെടുത്ത മികച്ച അമ്പത് കഥകളുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റമെന്ന നിലയിൽ വളരെ ശ്രദ്ധേയവും സവിശേഷവുമായ ഒരു വിവർത്തനകൃതിയാണ് ഡോ.എ.എം.ശ്രീധരൻ മൊഴിമാറ്റം ചെയ്ത കഥാകദികെ. തുളു ഭാഷാ സാഹിത്യമേഖലയെ വളരെ അവധാനതയോടെ സമീപിക്കുകയും മറഞ്ഞുപോയ സാംസ്കാരിക പൊലിമകളെ യഥാതഥം ഉണർത്തിയെടുത്ത് സമൂഹത്തിന്ന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഡോ.എ.എം.ശ്രീധരൻ. തുളുഭാഷാ സാഹിത്യമേഖലയിൽ ദീർഘകാല ഗവേഷണം നടത്തിവരുന്ന അദ്ദേഹത്തിന്റേതായി മികച്ച നിരവധി കൃതികൾ നമുക്ക് ലഭ്യമായിട്ടുണ്ട്. തുളു - മലയാളം നിഘണ്ടു, തുളു പാരമ്പര്യവും വീണ്ടെടുപ്പും, ദൂജികെമ്മെരെ എന്ന പേരിലുള്ള തുളു നാടോടിഗാന വിവർത്തന സമാഹാരം, സതികമലയെന്ന തുളുവിലെ ആദ്യനോവലിന്റെ പരിഭാഷ മുതലായവ തുളുവുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിനും ബോദ്ധ്യത്തിനും നിദർശനമാണ്. ഡി.കെ. ചൗട്ടയുടെ മിത്തബൈൽ യമുനക്ക എന്ന കൃതിയും മലയാളത്തിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. തുളുസംസ്കാരത്തിന്റെ കൊള്ള കൊടുക്കലുകളെ ഹൃദ്യമായി അവതരിപ്പിക്കുന്ന പ്രസ്ത...