തലശ്ശേരി - നവോത്ഥാനം കലാസാംസ്കാരിക മേഖലകളിൽ - പ്രധാന വസ്തുതകൾ
'തലശ്ശേരിയുടെ നവോത്ഥാന ചരിത്രം ' എന്ന ഡോ.ബി.പാർവതിയുടെ കൃതിയിൽ നിന്നും നാലാം സെമസ്റ്റർ ബി.എ.ക്കാർക്കുള്ള പാഠഭാഗമായ 'നവോത്ഥാനം കലാസാംസ്കാരിക മേഖലകളിൽ' എന്ന അദ്ധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ ചുരുക്കി:
1. കേരളീയനവോത്ഥാനം രാഷ്ട്രീയസാമൂഹിക മേഖലകളിലെന്നപോലെ സാംസ്കാരിക മേഖലയിലും വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ജ്ഞാനവാസിഷ്ഠം
2. 1847 - 1866 കാലഘട്ടത്തിൽ ബാസൽ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി കേന്ദ്രമാക്കി പത്രപ്രവർത്തനം നടന്നിരുന്നു. പിന്നീട് 1906 ൽ പ്രസിദ്ധീകരിച്ച ജ്ഞാനവാസിഷ്ഠം എന്ന വേദാന്തമാസികയോടു കൂടി പത്രപ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ജ്ഞാനവാസിഷ്ഠമെന്ന പൗരാണിക ഗ്രന്ഥത്തിന്റെ വ്യാഖ്യാനം തുടർച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം.
3. സാഹിത്യത്തിൽ നൂതനഭാവുകത്വം സൃഷ്ടിക്കാനും സാംസ്കാരികമായ ഉണർവുണ്ടാക്കാനും സാമൂഹികനവോത്ഥാനത്തിന്റെ വേഗം കൂട്ടാനും പത്രമാസികകൾക്ക് സാധിച്ചിട്ടുണ്ട്.
മിതവാദി - 1906
4.1906 ൽ പ്രസിദ്ധീകരിച്ച 'മിതവാദി'യുടെ പത്രാധിപർ മൂർക്കോത്ത് കുമാരനായിരുന്നു. കോൺഗ്രസ്സിലെ മിതവാദികളോട് തോന്നിയ താല്പര്യമാണ് ഈ പേരിനു പിന്നിൽ. വിദേശീയവും , പ്രാദേശികവുമായ വാർത്തകളും ശാസ്ത്രസാങ്കേതികം, നീതിന്യായവ്യവസ്ഥ സംബന്ധമായ വാർത്തകളും ലേഖനങ്ങളും ഇതിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
5. മിതവാദിയെ വാർത്തകൾ തിരഞ്ഞെടുത്ത് ക്രമീകരിക്കുന്നതിൽ മികച്ച മേന്മ കാട്ടിയ പത്രമെന്ന് മഹാകവി കുമാരനാശാനും അന്യായത്തെ പരിഹസിച്ച് സമുദായപരിഷ്കാരങ്ങൾക്ക് പരിശ്രമിച്ചു വിജയിച്ച പത്രമെന്ന് കേരളവർമ വലിയകോയിത്തമ്പുരാനും പ്രതിപക്ഷം തന്നെയാണ് ഈ പത്രമെന്ന് മൂർക്കോത്ത് കുഞ്ഞപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
6. മഹാകവി കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധികരിച്ചത് മിതവാദിയിലാണ്.
ഗജകേസരി - 1926
7. ഈ പത്രം 1926 ൽ ശ്രീ നാരായണഗുരുവിന്റെ ശിഷ്യനായ സ്വാമി ഗുരുപ്രസാദ് ആരംഭിച്ചു.
പത്രാധിപർ - മൂർക്കോത്ത് കുമാരൻ. എഴുത്തുകാര്യത്തിൽ എന്റെ കൈ പിടിച്ചുവെക്കരുതെന്ന് അദ്ദേഹം ഉടമകളോട് ആവശ്യപ്പെട്ടു.
8. കേരള പത്രിക മാസികയിൽ മൂർക്കോത്ത് ഉപയോഗിച്ച ഗജകേസരി എന്ന തൂലികാനാമമാണ് പേരിന് പിന്നിൽ.
9. വടക്കേ മലബാറിലെ തീയരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വോട്ടവകാശം വിനിയോഗിക്കുന്നതിന് ബോധവത്കരണവും നടത്തി. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തി.
സ്വാഭിമാനി
10.എ.കെ.ജിയുടെ ജ്യേഷ്ഠൻ എ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്വാഭിമാനിയുടെ പത്രാധിപർ. അഭിഭാഷക പ്രമുഖനായിരുന്ന കെ.ടി. ചന്തു നമ്പ്യാർക്ക് പങ്കാളിത്തം. മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗജകേസരിയുമായി തർക്കിക്കേണ്ടി വന്നു. രാഷ്ട്രീയ തർക്കങ്ങൾ മാത്രമല്ല, നായരും തീയരും തമ്മിലുള്ള ഉരസലുകൾക്കും ഇവ വേദിയായി.
രാമബാണവും കഠോരകുഠാരവും
11. ഗജകേസരിയിൽ വന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ കെ.ടി. ചന്തു നമ്പ്യാർ രാമബാണം എന്ന ചെറുപത്രം തുടങ്ങി. അതിന് ബദലായി മൂർക്കോത്ത് കഠോരകുഠാരവും ആരംഭിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രണ്ടുപത്രങ്ങളും നിലച്ചു.
12.കഠോരകുഠാരം ആരംഭിച്ചതിന്റെ കാരണം മൂർക്കോത്ത് വിശദമാക്കുന്നു: അതിലെ വിമർശനങ്ങൾ ഗജകേസരിയിൽ നല്ല ഭാഷയിൽ എഴുതാമായിരുന്നല്ലോ എന്നതാണ് ചോദ്യം. " മറപ്പുര ഒരാവശ്യമാണ്. അത് വീട്ടിൽ നിന്ന് കുറച്ച് വിട്ടിട്ടല്ലേ നല്ലത്?...കെട്ട പഴമാണ് ആളുകൾക്ക് വേണ്ടതെങ്കിൽ കെട്ട പഴം തന്നെ വില്‌ക്കേണ്ടി വരും, നല്ല പഴവുമായി അതിനെ തൊടീക്കരുത്." ഇതായിരുന്നു മൂർക്കോത്തിന്റെ പ്രതികരണം.
ധർമപ്രഭ - 1933
13. നാരായണദർശനം പ്രചരിപ്പിക്കുവാൻ ഗുരുശിഷ്യനായ കെ.എം. കുമാരസ്വാമി 1933 ൽ ആരംഭിച്ചു.
സത്യവാദി - 1934
14. സത്യജീവിതമാർഗ്ഗത്തിലൂടെ സത്യബോധമുണർത്തുവാൻ ഇച്ഛിച്ച പത്രം. പൗരാവകാശ സംരക്ഷണം, സാമുദായിക സൗഹാർദ്ദം എന്നിവ ലക്ഷ്യം. ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും മുനിസിപ്പാലിറ്റിയുടെ ശ്രദ്ധ ക്ഷണിച്ചു.
സ്വതന്ത്രഭാരതം
15.ക്വിറ്റിന്ത്യാസമര സമയത്ത് ദേശീയപ്രസ്ഥാനക്കാർ രഹസ്യമായി പ്രസിദ്ധീകരിച്ച വാരിക.
സരസ്വതി
16.തലശ്ശേരിയിൽ നിന്ന് ഇറങ്ങി. വിജ്ഞാനത്തിന് മുൻകൈ. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഒരു പൊട്ടബ്ഭാഗ്യം, മദിരാശിപ്പിത്തലാട്ടം എന്നിവ ഇതിൽ പ്രസിദ്ധീകരിച്ചു.
ദീപം
17.ചിത്ര മാസിക. പത്രാധിപർ മൂർക്കോത്ത് കുമാരൻ
പത്രമാസികകൾ : - മറ്റ് ദേശങ്ങളിൽ തലശ്ശേരിക്കാർ
18. തലശ്ശേരിക്കാർ മറ്റ് ദേശങ്ങളിൽ നിന്നിറങ്ങിയ പത്രങ്ങളുടെ പത്രാധിപസ്ഥാനം സ്തുത്യർഹമാം വിധം വഹിച്ചിട്ടുണ്ട്.
സഞ്ജയൻ
19.തലശ്ശേരിക്കാരനായ സഞ്ജയൻ (എം.ആർ.നായർ ) 1934 ൽ കോഴിക്കോട്ട് നിന്നും ഇറങ്ങിയ കേരളപത്രികയുടെ പത്രാധിപർ. 1936 ൽ സഞ്ജയൻ എന്ന പേരിൽ തന്നെ കോഴിക്കോട്ട് നിന്നും ഒരു മാസികയാരംഭിച്ചു. നാലു വർഷങ്ങൾക്കു ശേഷം വിശ്വരൂപം /എന്ന വിനോദ മാസിക തുടങ്ങി. നർമലേഖനങ്ങൾ, ഹാസ്യ കവിതകൾ, പാരഡികൾ, ഫലിത നുറുങ്ങുകൾ മുതലായവയ്ക്കും ആക്ഷേപഹാസ്യത്തിനും മുൻതൂക്കം.
മൊയാരത്ത് ശങ്കരൻ
20. തലശ്ശേരിക്കാരനായ മൊയാരത്ത് ശങ്കരൻ 1924 ൽ വടകര നിന്നും കേരളകേസരി പത്രം തുടങ്ങി. ദേശീയ ഉണർവിന് പത്രം സഹായിച്ചു. മറ്റ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം കവിതകളും ലേഖനങ്ങളും എഴുതി.
വാഗ്ഭടാനന്ദൻ
21. പാട്യംകാരൻ. 1914 ൽ ശിവയോഗിവിലാസം മാസിക, ആത്മവിദ്യാസംഘത്തിന്റെ മുഖ പത്രമായ ആത്മവിദ്യാകാഹളം - വാരിക -1924, അഭിനവ കേരളം മാസിക - 1927, യജമാനൻ സാഹിത്യമാസിക- 1939 എന്നിവ പ്രസിദ്ധീകരിച്ചു.
കെ.സി.നാരായണൻ നമ്പ്യാർ
22.തലശ്ശേരിക്കാരൻ. ജനരഞ്ജിനി,കവനോദയം മാസികകളുടെ പത്രാധിപർ. മലയാളമനോരമ, ഭാഷാപോഷിണി എന്നിവയുടെ സഹപത്രാധിപർ.
നീലഞ്ചേരി ശങ്കരൻ നായർ
23. കോട്ടയം കേരളവർമ കൂത്തുപറമ്പിൽ നിന്നും പ്രസിദ്ധീകരിച്ച സുജനവിനോദിനി മാസികയുടെ - 1909 - പത്രാധിപർ.
കെ.എം. കുഞ്ഞുലക്ഷ്മിക്കെട്ടിലമ്മ
ഒളവിലം സ്വദേശി. കവയിത്രി. സാമൂഹിക പ്രവർത്തക. മഹിളാരത്നം (1916) വനിതാ മാസികയുടെ പത്രാധിപ.
24. വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെയും സി.എച്ച്.കുഞ്ഞപ്പയെയും പരാമർശിക്കുന്നുണ്ട്. കൊളശ്ശേരി സ്വദേശി ഇടത്തട്ട നാരായണൻ ബ്ലിറ്റ്സ്, പേട്രിയറ്റ് എന്നീ മാദ്ധ്യമങ്ങളുടെ പത്രാധിപരായിരുന്നു. മയ്യഴി വിമോചന നേതാവും മാതൃഭൂമി പത്രാധിപ സമിതിയിൽ അംഗവുമായ മംഗലാട്ട് രാഘവനെയും പരാമർശിക്കുന്നു.
നവോത്ഥാനം സാഹിത്യത്തിൽ
25. 1850 - 1940 കൾ - സമൂഹത്തിൽ പുതിയ ഉണർവ്. ഇത് സാഹിത്യത്തിലും പ്രതിഫലിച്ചു.
കുഞ്ഞായിൻ മുസലിയാർ
26. തലശ്ശേരി ജനനം. - പുരാതന മുസ്ലീം കുടുംബാംഗം - മാപ്പിളപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - കപ്പപ്പാട്ട്, നൂൽമാല - പ്രധാന കൃതികൾ. കപ്പപ്പാട്ട് മനുഷ്യ ശരീരത്തെ ഒരു കപ്പലിനോടും ജീവിതത്തെ സമുദ്രത്തോടും ഉപമിച്ചെഴുതിയതാണ്.
ഡോ.ഹെർമൻ ഗുണ്ടർട്ട്
27.1839 ൽ ഇല്ലിക്കുന്ന് കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി - ജർമൻ മിഷണറി -പഴഞ്ചൊൽമാല - 1845, 1860 ൽ ഒരു വ്യാകരണം, 1872 ൽ മലയാളം ഇംഗ്ലീഷ് നിഘണ്ടു. മലയാള ഭാഷയിലെ ധാതുക്കളും അവയുടെ വ്യുൽപ്പത്തിയും പ്രതിപാദിക്കുന്ന നിഘണ്ടുവാണിത്. ചരിത്രകൃതി - കേരളപ്പഴമ. മലയാളഭാഷയ്ക്ക് വ്യാകരണപരവും കോശീയവുമായ അടിയുറപ്പ് നല്കി.
ശേഷഗിരി പ്രഭു
28. വൈയാകരണൻ. തലശ്ശേരിയിൽ ജനനം. വ്യാകരണമിത്രം, വ്യാകരണാദർശം,ബാലവ്യാകരണം മുതലായവ കൃതികൾ. ഏ ആറിന്റെ കേരളപാണിനീയത്തെ അടിമുടി വിമർശിച്ചു. ഇത് ഏ ആർ തന്നെ പ്രശംസിക്കുകയും ചെയ്തു.
ഒ. ചന്തുമേനോൻ
29. ലക്ഷണമൊത്ത ആദ്യ നോവലിന്റെ - ഇന്ദുലേഖ 1889 -കർത്താവ്. ഒയ്യാരത്ത് ചന്തുമേനോൻ - പരപ്പനങ്ങാടിയിൽ മുൻസിഫ് ആയിരുന്നു - ഭാര്യയുടെ ആവശ്യപ്രകാരം ഇന്ദുലേഖ എഴുതി. ശാരദ- 1892 - എന്ന നോവൽ എഴുതാനാരംഭിച്ചു. പൂർത്തിയാക്കിയില്ല. ചില കൃതികൾക്ക് വിമർശനാത്മക പഠനങ്ങൾ എഴുതി. വിവാഹ ബില്ലിനെപ്പറ്റി പഠിക്കാൻ മദിരാശി സർക്കാർ നിയോഗിച്ച കമ്മിറ്റിയിലെ അംഗം എന്ന നിലയിൽ മരുമക്കത്തായ വിവാഹരീതിയെക്കുറിച്ച് ചന്തുമേനോൻ തയ്യാറാക്കിയ പഠനം ഒരു ചരിത്രരേഖയാണ്.
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
30. കർമ്മരംഗം തലശ്ശേരി. വാസനാവികൃതി ആദ്യ ചെറുകഥ. ശാസ്ത്രസാങ്കേതിക അറിവ് കഥയിൽ അവതരിപ്പിച്ചു. കൃഷി ശാസ്ത്രത്തിൽ നല്ല അറിവ് . നിരവധി വൈജ്ഞാനിക ലേഖനങ്ങൾ. ശാസ്ത്രീയവും പുരോഗമനപരവുമായ അറിവുകൾ കാണാം. മാനുഷികതയുടെ വക്താവ്. ജന്മിമാർ വിദ്യാലയങ്ങളും കോളേജുകളും സ്ഥാപിച്ച് ആധുനികവത്കരണത്തിന് ആക്കം കൂട്ടണമെന്ന നിലപാടെടുത്തു. സ്വഭാഷ എന്ന ലേഖനത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. കോടതിഭാഷ മലയാളമാക്കണമെന്ന് വാദിച്ചു. ഭാഷാഭിമാനം വിദേശികൾക്ക് പണയം വെക്കാത്ത വ്യക്തിത്വമാണ് നായനാരുടേത്.
മൂർക്കോത്ത് കുമാരൻ
31. 1874 ൽ ജനനം. തലശ്ശേരിയുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ തിളങ്ങി. ശ്രീ നാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ചു. കഥാകൃത്ത്, നിരൂപകൻ, ജീവചരിത്രകാരൻ, ഉപന്യാസകാരൻ എന്നീ മേഖലകളിൽ സാഹിത്യത്തിൽ ശ്രദ്ധേയൻ. മിതവാദിയുടെ പത്രാധിപർ. വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ചു. ആശാനുമായി വ്യക്തിബന്ധം. 'ആശാൻ വിമർശനത്തിന്റെ ' എന്ന പേരിൽ ആശാൻ കവിതകളെക്കുറിച്ചുള്ള മൂർക്കോത്തിന്റെ കൃതി പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു സാമുദായിക നോവൽ (വസുമതി) ഒരു ചരിത്രനോവലും (വെള്ളിക്കൈ) എഴുതി. ഇലഞ്ഞിപ്പൂമാലയും ആശാകുലയും ദർശനമാലയും കവിതാസമാഹാരങ്ങൾ. ഒ. ചന്തുമേനോൻ, വേങ്ങയിൽ നായനാർ, ഗുണ്ടർട്ട്, നാരായണഗുരു എന്നിവരെക്കുറിച്ച് ജീവചരിത്രങ്ങൾ. ഗുരുവിനെക്കുറിച്ചുള്ള ആദ്യജീവചരിത്രഗ്രന്ഥമാണ് കുമാരന്റേത്. എഴുത്തിലൂടെ നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച മൂർക്കോത്ത് ഹാസ്യസാഹിത്യകാരനുമാണ്.
എം.ആർ.നായർ(സഞ്‌ജയൻ)
32. ഹാസ്യസാഹിത്യമേഖലയിൽ അതുല്യ സ്ഥാനം. മാണിക്കോത്ത് രാമുണ്ണി നായർ എന്ന് മുഴുവൻ പേര്. തൂലികാനാമം സഞ്ജയൻ. അദ്ധ്യാപകനായിരുന്നു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധൻ. ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ വിമർശം നടത്തി. 'സാഹിത്യനികഷം' മികച്ച കൃതി. ഷേക്സ്പിയറുടെ ഒഥല്ലോ വിവർത്തനം ചെയ്തിട്ടുണ്ട്.
കെ.സുകുമാരൻ
33. ആദ്യകാല ചെറുകഥാകൃത്തുക്കളിൽ ജനപ്രിയൻ. നർമബോധം നിറഞ്ഞ ചെറുകഥകൾ. സുകുമാരമഞ്ജരി എന്ന പേരിൽ 5 ഭാഗങ്ങളായി കഥകൾ പ്രസിദ്ധീകരിച്ചു. സുവോളജിയിൽ ബിരുദം നേടിയ അദ്ദേഹം ശാസ്ത്രലേഖനങ്ങളാലും ശ്രദ്ധേയനായി.
കക്കുഴി കുഞ്ഞിബാപ്പു ഗുരുക്കൾ, മാടായി മന്ദൻ ഗുരുക്കൾ
34. കുഞ്ഞി ബാപ്പു ഗുരുക്കൾ - പരമ്പരാഗത സംസ്കൃതപഠനത്തിലൂടെ അറിവ്. ഗുരു-ഊരാച്ചേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ. വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു.
മാടായി മന്ദൻ ഗുരുക്കൾ - സംസ്കൃത പണ്ഡിതൻ. ഇദ്ദേഹത്തിന്റെ നളചരിതം കാവ്യം ഉള്ളൂരിന്റെ പ്രശംസക്ക് കാരണമായിട്ടുണ്ട്.
രൈരുനായർ എന്ന പണ്ഡിതൻ ഗോപാലവിംശതിയടക്കം നിരവധി എന്ന സംസ്കൃതകൃതികൾക്ക് വ്യാഖ്യാനമെഴുതി.
തത്ത കണാരൻ തലശ്ശേരി ബി.ഇ.എം.പി.സ്കൂളിൽ ദീർഘകാലം ഇംഗ്ലീഷ്അദ്ധ്യാപകനായിരുന്നു. പ്രസിദ്ധിപെറ്റ ചില ഇംഗ്ലീഷ്കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. അതോടൊപ്പം ഇംഗ്ലീഷ് -മലയാളം തർജമാ സഹായിയും രചിച്ചു.
എം.കെ. ഗുരുക്കൾ കർമ്മം കൊണ്ട് തലശ്ശേരിക്കാരൻ. വിവിധ കോളേജുകളിൽ മലയാളം അദ്ധ്യാപകൻ. എഴുത്തുകാരനാണ്.ഇദ്ദേഹത്തിന്റെ ഗംഭീരമായ കൃതിയാണ് കലാവിദ്യാവിവരണം. ഇന്ത്യൻഭാഷകളിൽ തന്നെ സമാനതകളില്ലാത്ത ഗ്രന്ഥമാണിത്.
എൻ.കെ.കേരള പണ്ഡിതൻ
സംസ്കൃത പണ്ഡിതൻ. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയംഗം. കേരള പണ്ഡിതനെന്ന് വിളിച്ചത് കേരളവർമ്മ. കുമാരനാശാനുമായി അടുത്ത സൗഹൃദം. ആശാന്റെ ലീലാകാവ്യത്തിന് എഴുതിയ മണ്ഡനനിരൂപണം - ലീലാനിരൂപണം.
കെ.സി.നാരായണൻ നമ്പ്യാർ
അർത്ഥശൂന്യത നിറഞ്ഞ സംഗീതനാടകഭ്രമത്തിൽ നിന്നും മലയാള നാടകങ്ങളെ മോചിപ്പിക്കാൻ ചക്കീചങ്കരം എന്ന പരിഹാസനാടകം എഴുതി. കല്യാണി നാടകം താലികെട്ട് കല്യാണമെന്ന ദുരാചാരത്തെ വിമർശിച്ചെഴുതിയതാണ്.
പി.ശങ്കുണ്ണി
നാരായണ ഗുരുവിന്റെ ദൈവദശകവും ആശാന്റെ ചിന്താവിഷ്ടയായ സീതയും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഡോ.എസ്.രാധാകൃഷ്ണന്റെ പ്രശംസ നേടിയ കൃതിയാണ്,The God,One God,Only the God.
നീലഞ്ചേരി ശങ്കരൻ നായർ
മലയാള സംഗീതനാടക ചരിത്രത്തിൽ തലശ്ശേരിക്കും സ്ഥാനം നേടിക്കൊടുത്തു. പ്രൊഫഷണൽ നാടക സംഘവും അദ്ദേഹം രൂപപ്പെടുത്തി.
കെ.എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ
വളരെ വലിയ കവയിത്രി എന്ന് ഉള്ളൂർ വിശേഷിപ്പിക്കുന്നു. 1877 ൽ ജനനം.
വാഗ്ഭടാനന്ദൻ
ആത്മവിദ്യയുടെ രചയിതാവ്. ആത്മവിദ്യാസംഘത്തിന്റെ മാനിഫെസ്റ്റൊ എന്ന് ഈ കൃതിയെ വിശേഷിപ്പിക്കാം. ശിവയോഗിയുടെ ആനന്ദാദർശത്തെ എതിർത്തെഴുതിയതാണ് അദ്ധ്യാത്മയുദ്ധം. കവിതാസമാഹാരം - പ്രാർത്ഥനാഞ്ജലി.
മൊയാരത്ത് ശങ്കരൻ
ദേശീയപ്രസ്ഥാനത്തിന്റെ പ്രമുഖപ്രവർത്തകൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - എന്ന ചരിത്രഗ്രന്ഥം എഴുതി(1935). ചില ലഘുജീവചരിത്രങ്ങളും ചില നോവലുകളും രചിച്ചിട്ടുണ്ട്. നാടകം, കവിത, ലേഖനം എന്നീ മേഖലകളിലും ഇടപെട്ടിട്ടുണ്ട്. മൊയാരത്ത് അന്തരിച്ചതിനു ശേഷമാണ് അദ്ദേഹം എഴുതിയ ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ