ബാല്യകാലസഖി - ബഷീർ

 1944 ലാണ് ബഷീർ ബാല്യകാലസഖി എന്ന നോവൽ എഴുതുന്നത്. മുസ്ലീം സമുദായത്തിലെ ദീനതയും യാഥാസ്ഥിതികതയും വിവരിക്കുന്ന ഈ നോവൽ കടുത്ത അനുരാഗത്തിന്റെ ദീപ്തശോഭയേന്തുന്നതു കൂടിയാണ്. ബഷീറിന്റെ കൃതികളിൽ ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ട ബാല്യകാലസഖിയെ അന്നത്തെ പ്രശസ്ത സാഹിത്യനിരൂപകനായ എം.പി.പോൾ ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേട് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇരുണ്ട ജീവിത പശ്ചാത്തലമാണ് നോവലിൽ അനാവൃതമാകുന്നത്.


ഒരു പ്രേമ കഥയാണ് ബാല്യകാലസഖി. ദുഃഖപര്യവസായിയായ പ്രേമ കഥയെന്ന് പറയാം. വിധി നിർണ്ണായക പങ്കുവഹിക്കുന്ന നോവലാണിത്. ഇതിലെ മുഖ്യകഥാപാത്രങ്ങൾ മജീദും സുഹ്രയുമാകുന്നു. വളരെ നിഷ്കളങ്കമായ അവരുടെ ബാല്യകാലസൗഹൃദത്തിന്റെ രസകരങ്ങളായ നിരവധി മുഹൂർത്തങ്ങൾ നോവലിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. മജീദിന്റെയും സുഹ്രയുടെയും കുട്ടിക്കാലത്തെ കാപട്യമില്ലാത്ത ശത്രുത്വം തൈമാവിന്റെ സാക്ഷ്യത്തിൽ ആഴത്തിലുള്ള സൗഹൃദത്തിന് വഴി മാറുന്നു. മജീദിന്റെ വാപ്പ സമ്പന്നനായിരുന്നു. മജീദ് ഭാവിയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളെപ്പറ്റി പറയുമ്പോൾ മൂളിക്കേട്ട് ആനന്ദിക്കാനും അത്ഭുതം കൊള്ളാനും മാത്രമാണ് സുഹ്രയ്ക്ക് കഴിഞ്ഞിരുന്നത്. ഇതിന് വ്യക്തമായ കാരണമുണ്ട്. അത് ആ കുടുംബങ്ങളുടെ സാമ്പത്തികമായ അവസ്ഥയെ അനുസരിച്ചാണിരിക്കുന്നത്. മജീദിന്റെ വാപ്പ വലിയ തടിക്കച്ചവടക്കാരനായ പണക്കാരനാണ്. എന്നാൽ സുഹ്രയുടെ വാപ്പയോ? അയാൾ നിസ്സാരനായ അടയ്ക്കാക്കച്ചവടക്കാരൻ മാത്രമാണ്. അതുകൊണ്ട് സുഹ്രയ്ക്ക് കൂടുതൽ സ്വപ്നം കാണാനാകില്ല. മജീദ് ഭാവിയിൽ huനിർമ്മിക്കാൻ പോകുന്ന മണിമാളികയിലെ പട്ടമഹിഷിയായി അവളെ വിഭാവനം ചെയ്യും. സുഹ്ര കണക്കിൽ മിടുക്കിയായിരുന്നു. മജീദിനാണെങ്കിൽ അതൊന്നും വലിയ പിടിപാടില്ല. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഗുരുനാഥൻ ഒന്നും ഒന്നും കൂട്ടിയാൽ എത്രയാണെന്ന് മജീദിനോട് ചോദിച്ചത്. രണ്ടു നദികൾ സമ്മേളിച്ച് വലിയ നദിയാകുന്നതു പോലെ, രണ്ട് ഒന്നുകൾ കൂടിച്ചേർന്നാൽ വലിയ ഒന്നാകുന്നുവെന്ന ദർശനമാണ് മജീദിന് തോന്നിയത്. രണ്ടൊന്നുകൾ കൂടിച്ചേർന്നാൽ എങ്ങനെ രണ്ടാകും? അതിനാൽ അവൻ സംശയലേശമെന്യേ വ്യക്തമാക്കി: 'ഉമ്മിണി ബല്യ ഒന്ന്'. എന്നാൽ സുഹ്രയുടെ സഹായത്തോടെ അവൻ കണക്കിൽ മിടുക്കനായി. മജീദിന്റെ ജീവിതത്തിലെ സുന്നത്ത് കല്യാണച്ചടങ്ങും സുഹ്രയുടെ കാതുകുത്ത് കല്യാണവും പുതിയ ജീവിതാനുഭവങ്ങളിലേക്കുള്ള തുടക്കം കുറിച്ചു. മാർക്കച്ചടങ്ങ് കഴിഞ്ഞയുടനെ നടന്ന സുഹ്രയുടെ കാതുകുത്തുകല്യാണത്തിന് വേദന സഹിച്ചുകൊണ്ടുള്ള മജീദിന്റെ വരവ് സുഹ്രയോടുള്ള അവന്റെ നിഷ്കളങ്കമായ അനുരാഗത്തിന് തെളിവായിരുന്നു. മാർക്കച്ചടങ്ങ് ആ ഗ്രാമത്തിൽ ഏറെ പ്രശംസിക്കപ്പെട്ട സംഭവമായിരുന്നു. ഉണങ്ങിയ പാള മുറിക്കുന്നതിന് സമാനമായ അനുഭൂതിയാണത്രേ മജീദിനുണ്ടായത്. എന്നാൽ കാതുകുത്തുകല്യാണമാകട്ടെ, തീരെ ലളിതമായ ചെറിയ ചടങ്ങും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇവിടെ വ്യക്തമാക്കുകയാണ് ബഷീർ.


ഗ്രാമത്തിലെ സ്കൂളിൽ നിന്നു ജയിച്ചെങ്കിലും പട്ടണത്തിൽച്ചെന്ന് ഹൈസ്കൂളിൽ ചേർന്നു പഠിക്കാനുള്ള സുഹ്രയുടെ മോഹം നടപ്പായില്ല. കാരണം, ആ സന്ദർഭത്തിലാണ് അവളുടെ ബാപ്പ മരിച്ചത്. സുഹ്രയെ നല്ലവണ്ണം പഠിപ്പിക്കണമെന്ന ആഗ്രഹം ലോക പരിചയമേറെയുള്ള അവളുടെ ബാപ്പയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ ആ കുടുംബം തകർന്നു. വളരെ വ്യക്തമായ കാഴ്ചപ്പാടുള്ളയാളായിരുന്നു സുഹ്രയുടെ ബാപ്പ. 'വെളിയിലാണ് യഥാർത്ഥ മുസ്ലീങ്ങളുള്ളത്, ആ ഗ്രാമത്തിലുള്ളവരോ അന്ധവിശ്വാസികളും - എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സുഹ്രയേയും പഠിപ്പിച്ചാലെന്താ എന്ന് മജീദ് ചോദിച്ചു. ബാപ്പ സമ്മതിച്ചില്ല. ശകാരിച്ചു. മജീദ് എവിടെയെങ്കിലും പോയി രാജ്യവും ജീവിതവും ഒക്കെ മനസ്സിലാക്കീട്ടു വരട്ടെ എന്നായി ബാപ്പ. മജീദ് മണ്ടനാണെന്നാണ് ബാപ്പാ പറയുന്നത്. ഉമ്മയേയും ബാപ്പ അധിക്ഷേപിച്ചു. സുഹ്രയെ സംബന്ധിച്ച് ജീവിക്കാൻ അവളെ പ്രേരിപ്പിച്ച ഘടകം മജീദിനോടുള്ള സ്നേഹമായിരുന്നു. വല്ലാത്ത അനിശ്ചിതാവസ്ഥയെയാണ് അവൾ അഭിമുഖീകരിച്ചത്. സ്കൂളിൽ പോയി വരുമ്പോൾ വിഷക്കല്ല് കാച്ചി കിടപ്പിലായ മജീദിനെ സന്ദർശിക്കാൻ സുഹ്രയെത്തി. അന്ന് അവളിൽ നിന്ന് ആദ്യ ചുംബനത്തിന്റെ രുചി ബഷീർ അറിഞ്ഞു. തിണർത്തു കിടന്നിരുന്ന കുരു പൊട്ടുകയും ചെയ്തു. 


നിസ്സാരകാര്യങ്ങൾക്കു പോലും ബാപ്പ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുമ്പോൾ അവൻ പിടിച്ചു നിന്നത് സുഹ്ര അടുത്തുണ്ടെന്നതിനാലായിരുന്നു. പള്ളിക്കൂടം വിട്ടയുടനെ പാടത്തേക്കു വരണമെന്ന പിതാവിന്റെ ആജ്ഞ ലംഘിച്ചതിന്റെ പേരിൽ ബാപ്പ കഠിനമായി അടിച്ചു. പോടാ, പോ, രാജ്യമൊക്കെ ചുറ്റി പഠിച്ചു വാ. എന്നു പറഞ്ഞ് ആട്ടി. സുഹ്രയെ ഒന്നു കണ്ട ശേഷം വ്രണിത ഹൃദയനായ മജീദ് നാടുവിട്ടു. ഏഴോ പത്തോ കൊല്ലം സഞ്ചരിച്ചു. ഇതിനിടയിൽ വീട്ടിൽ നടന്നതും സുഹ്രയുടെ ജീവിതത്തിലുണ്ടായതുമായ സംഭവങ്ങളൊന്നും മജീദറിഞ്ഞില്ല. ലോകം കാണുക , അറിയുക - ഇതായിരുന്നു ലക്ഷ്യം. പണം സമ്പാദിക്കണമെന്ന് അവൻ മോഹിച്ചില്ല. മനുഷ്യർ എല്ലായിടത്തും ഒരേ വ്യാപാരങ്ങളിലാണ് അഭിരമിക്കുന്നതെന്ന് അവൻ മനസ്സിലാക്കി. സുഹ്രയെക്കെട്ടി സമാധാനപൂർവം ജീവിക്കണമെന്ന തീരുമാനത്തോടെ മജീദ് നാട്ടിൽ തിരിച്ചെത്തി.


അപ്പോഴേക്കും മജീദിന്റെ ബാപ്പ സാമ്പത്തികമായി തകർന്നിരുന്നു. കച്ചവടത്തിലെ നഷ്ടവും ചതികളും ബാപ്പയേയും കുടുംബത്തേയും ദുരിതത്തിലാഴ്ത്തി. കിടപ്പാടം കൂടി പണയത്തിലായി. സഹോദരിമാർ വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്നു. സുഹ്രയാകട്ടെ, വിവാഹിതയുമായിരിക്കുന്നു. മജീദ് കാശൊന്നും സമ്പാദിച്ചില്ലെന്ന് അറിഞ്ഞ നാട്ടുകാർ പരിഹസിച്ചു. ഉഗ്രപ്രതാപിയായ ബാപ്പയുടെ ദയനീയാവസ്ഥയോർത്ത് മജീദ് വല്ലാതായി. സുഹ്രയുടെ കൈ കൊണ്ട് നട്ട കട്ടച്ചെമപ്പു പൂക്കുള്ള ചെമ്പരത്തിയുടെ കീഴിലിരുന്ന് ചിന്തയും വായനയുമായി മജീദ്. ഒന്നും സമ്പാദിക്കാതെ വന്നതിൽ ബാപ്പയും മജീദിനെ പരിഹസിച്ചു. സുഹ്രയെ കാണണമെന്നുണ്ട്.


സുഹ്രയിപ്പോൾ ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യയാണ്. അവളുടെ യാതന നിറഞ്ഞ ജീവിതം കണ്ട മജീദ് വീണ്ടും അവൾക്ക് പ്രത്യാശ നല്കി. ഇനി അവൾ ഭർത്താവിന്റെ വീട്ടിലേക്കില്ല. എത്രയും വേഗം തന്റെ സഹോദരിമാരെ കെട്ടിച്ചയക്കണം. അതിന്ന് പൊന്നും പണവും ഉണ്ടാക്കണം. എന്നിട്ട് സുഹ്രയെ വിവാഹം കഴിക്കണം. അതിനായി സമ്പാദിക്കാൻ അവൻ നാടുവിട്ടു. വീടുവിട്ടിറങ്ങുമ്പോൾ സുഹ്ര എന്തോ പറയാനൊരുങ്ങി. പക്ഷേ, ബസ്സു വന്നതിനാൽ പറയാനായില്ല. കുറേ അലഞ്ഞതിനു ശേഷം അവന് സൈക്കിളിൽ കൊണ്ടുനടന്ന് വില്പന നടത്തുന്ന ഒരു തൊഴിൽ ലഭിച്ചു. ജീവിതപ്രതീക്ഷകൾ വീണ്ടും മുളച്ചുയർന്നു. അപ്പോഴാണ് എല്ലാം തകർത്തുകൊണ്ട് വിധിയുടെ കരുണാഹീനമായ ഹസ്തം ഇടപെട്ടത്. ജോലിക്കിടെ ഒരപകടം. ദിവസങ്ങൾ കഴിയേണ്ടി വന്നു,ഓർമ്മ തിരിച്ചു കിട്ടാൻ. അപ്പോഴേക്കും ഒരു കാല് പകുതി നഷ്ടപ്പെട്ടിരുന്നു. തന്റെ ദുരിതങ്ങൾ അവൻ ആരെയും അറിയിച്ചില്ല. വീണ്ടും ജോലിതേടിയിറങ്ങേണ്ടിവന്നു. കമ്പനി നല്കിയ തുകയിലേറെയും വീട്ടിലേക്കയച്ചു. മറ്റൊന്നും അറിയിച്ചില്ല. വീണ്ടും ജോലിക്കായി ഒരു സമ്പന്നനെ സമീപിച്ചെങ്കിലും അയാൾ കയ്യൊഴിഞ്ഞു. അങ്ങനെ അലയെ അവസാനം ഒരു ഹോട്ടലിൽ എച്ചിൽപ്പാത്രങ്ങൾ കഴുകുന്ന ജോലി കിട്ടി. സാവധാനത്തിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷ പുലർത്തെ, സുഹ്രയ്ക്കു സുഖമില്ലെന്ന വാർത്ത ഉമ്മ അറിയിച്ചു. അവൾക്കു സുഖപ്പെടുമെന്ന് അവൻ കരുതി. പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഒരു അശനിപാതം പോലെയായി ഉമ്മയുടെ അടുത്ത കത്ത്. സുഹ്ര ഈ ലോകത്തോടു വിട പറഞ്ഞു. ക്ഷയരോഗമായിരുന്നു. മജീദിന്റെ വീട് ജപ്തിയിലാണ്. എന്തു ചെയ്യണമെന്നറിയില്ല. ഈ പ്രപഞ്ചം നിശ്ചലമായതു പോലെ മജീദിന് അനുഭവപ്പെട്ടു. പിന്നെ വീണ്ടും ഉത്തരവാദിത്വത്തിലേക്ക് മജീദ് ഉണർന്നു.


ഹൃദയദ്രവീകരണക്ഷമമായ jiനോവലാണ് ബാല്യകാലസഖി. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. ശുഭപ്രതീക്ഷയുളവാക്കുന്ന വാക്കുകളോ കഥാഗതിയോ ഇതിൽ കാണാനാകില്ല. എല്ലാം ദു:ഖമയമായ ഇരുട്ട് മാത്രം. ജീവിതം ഇങ്ങനെയുമാണ്. വെണ്ണിലാവുപോലെയുള്ള ജീവിതം സങ്കല്പങ്ങളിൽ മാത്രം. സുഖദു:ഖ സമ്മിശ്രമാണ് ജീവിതമെന്ന് സാധാരണ പറയാറുണ്ട്. എന്നാൽ ബഷീർ അത്തരം പരമ്പരാഗത ചിന്തകളെ ഉല്ലംഘിക്കുന്നു. ബഹുഭൂരിഭാഗം ജനങ്ങളും കഴിയുന്നത് കണ്ണീർക്കയങ്ങളിലാണ്. ജീവിത സൗഭാഗ്യങ്ങളിൽ നിന്ന് മജീദിന്റെ ബാപ്പയും കുടുംബവും മൂക്കുകുത്തി വീഴുന്നത് ഇല്ലായ്മയുടെയും തകർച്ചയുടെയും ആഴങ്ങളിലാണ്. സുഹ്രയുടെ കുടുംബമാകട്ടെ, തീർത്തും നിർദ്ധനരായിരുന്നു. ബാപ്പയുടെ മരണത്തോടെ അതു തീവ്രമാകുകയും ചെയ്തു. ഒരു രണ്ടാം കെട്ടുകാരനുമായുള്ള അവളുടെ നിർബന്ധിത വിവാഹം അവളെ വിരൂപയും രോഗിണിയുമാക്കി. സ്ത്രീയുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും വിലങ്ങിടുന്ന ഒരു സമൂഹം. ജീവിതത്തെ പൊലിമയോടെ ആഘോഷിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളെയും പദ്ധതികളെയും നിരാകരിക്കുകയാണ് ബഷീർ. ഇതുവഴി ദാരിദ്ര്യത്തെയും അതു സൃഷ്ടിക്കുന്ന സാമൂഹികാസന്തുലനത്തെയും വിമർശവിധേയമാക്കുകയാണ്. ഒരു ഭാഗത്ത് സമ്പത്തിന്റെ ശൃംഗം. മറുഭാഗത്ത് ദാരിദ്ര്യത്തിന്റെ ഗർത്തം. ഒരു മനുഷ്യനായി ജീവിക്കാനും ഇടപെടാനും ഉയരാനും സാധിക്കാത്ത മട്ടിൽ സാമൂഹികവും മതപരവുമായ യാഥാസ്ഥിതികതയും പാരമ്പര്യവാദവും വ്യക്തികളെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. പൊന്നിനും പണ്ടത്തിനും വസ്തുവകകൾക്കും വേണ്ടി കാട്ടുന്ന ആർത്തിയെയും പാവങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹികവ്യവസ്ഥിതിക്കെതിരായ രോഷവും പ്രഖ്യാപിതമാകാതെ തന്നെ ഈ നോവൽ പ്രമേയത്തിലെ പുകച്ചുരുളുകളിൽ നിന്നുമുയരുന്നുണ്ട്. പ്രേമലേഖനത്തിലെന്നതു പോലെ, ബാല്യകാലസഖിയിലും സ്ത്രീധനം വരുത്തുന്ന വിപത്തുകൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ചൂഷണം കൊണ്ടും അറിവില്ലായ്മകൊണ്ടും തൊഴിലില്ലായ്മ കൊണ്ടും വെന്ത മനുഷ്യ ജീവിതങ്ങളുടെ നൊമ്പരങ്ങളാണീ നോവൽ - ഉജ്ജ്വലവും ദൃഢവുമായ പുരോഗമന സാഹിത്യം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ