ഉത്തരം കിട്ടാത്ത ചോദ്യം: വി.ടി.ഭട്ടതിരിപ്പാട്


ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവാണ് വി.ടി.ഭട്ടതിരിപ്പാട്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തി. സ്വന്തം  സമുദായത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ അദ്ദേഹത്തെ ചിന്താഭരിതനാക്കുകയും അവർക്ക് വിമോചനത്തിനുള്ള പാത ലഭ്യമാക്കാൻ പ്രവർത്തിക്കുകയും ചെയ്തു. .കണ്ണീരും കിനാവും' എന്ന ആത്മകഥയിൽ വി.ടി. ചൂണ്ടിക്കാട്ടിയതുപോലെ ഒരു കാലഘട്ടത്തിൽ ഭക്ഷണം പാകം ചെയ്യുക, വിളമ്പുക, പ്രസവിക്കുക എന്നിങ്ങനെയുള്ള വൃത്തികളിൽ നമ്പൂതിരി സ്ത്രീകൾ ഒതുക്കപ്പെട്ടിരുന്നു. നമ്പൂതിരി സമുദായത്തിലെ കുടുംബങ്ങളിൽ മൂത്ത ആൺ സന്തതിക്കു മാത്രമേ സ്വസമുദായത്തിൽ നിന്നു വിവാഹം കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇതു കാരണം വൃദ്ധരായാൽപ്പോലും മൂത്ത നമ്പൂതിരിമാർ സമുദായത്തിൽ നിന്നും നിരന്തരം വിവാഹം ചെയ്തു. പെൺകൊട നടത്താൻ പല നമ്പൂതിരി കുടുംബങ്ങൾക്കും മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ നമ്പൂതിരി സ്ത്രീകളിൽ അതൃപ്തിയും നിരാശയും നിറഞ്ഞു. വിധവകളുടെ എണ്ണം വർദ്ധിച്ചു. പുറംലോകവുമായുള്ള ബന്ധം നിഷേധിക്കപ്പെട്ടവരായിരുന്നു ഭൂരിഭാഗവും. ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ എണ്ണവും പരിമിതമായിരുന്നു. അന്ത:പുരങ്ങൾ അന്തർജനങ്ങളുടെ ജീവിതം ഹോമം ചെയ്യപ്പെട്ടു. വിധവാ വിവാഹം അന്ന് അനുവദനീയമായിരുന്നില്ല. ഇങ്ങനെ അസ്വാതന്ത്ര്യത്തിൻ്റെ പ്രതീകങ്ങളായി കഴിയാൻ വിധിക്കപ്പെട്ട അന്തർജനങ്ങളെ സ്വതന്ത്രരാക്കാൻ യത്നിച്ച പുരോഗമനാശയക്കാരനായ പരിഷ്കർത്താവാണ് വി.ടി. എന്നറിയപ്പെടുന്ന വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട്. നേരിട്ട് കർമ്മരംഗത്തിറങ്ങുന്നതു കൂടാതെ പത്രപ്രവർത്തനം, സാഹിത്യരചന മുതലായ മാർഗ്ഗങ്ങളും  സാമൂഹിക പരിഷ്കരണത്തിന് അദ്ദേഹം സ്വീകരിച്ചു. അന്തർജനങ്ങളെപ്പോലെ നമ്പൂതിരി കുടുംബങ്ങളിലെ സന്താനങ്ങളിൽ ഇളയവർ (അപ്ഫൻ നമ്പൂതിരിമാർ) നേരിട്ട വിവേചനവും സമുദായത്തിൽ പ്രതിഷേധജ്വാലകളുയർത്തി. മൂസ്സ് (മൂത്ത നമ്പൂതിരി ) നമ്പൂതിരിയെപ്പോലെ കുടുംബത്തിൽ അധികാരം ഉള്ളവരായിരുന്നില്ല, അവർ. ഊണും ഉറക്കവും അവശ്യമായിരുന്നതിനാൽ കുടുംബത്തെ ആശ്രയിക്കാതെ തരമില്ലായിരുന്നു. വിവാഹം നിഷേധിക്കപ്പെട്ട കൂട്ടരായിരുന്ന അവർ മറ്റു സമുദായങ്ങളിലാണ് ബന്ധങ്ങൾ തേടിയത്. യാഥാസ്ഥിതികരായ നമ്പൂതിരിമാർക്ക് നല്ല പിൻബലം ഉള്ള കാലഘട്ടമായിരുന്നെങ്കിലും നവോത്ഥാനത്തിൻ്റെ അലയൊലിയിൽ പുരോഗമനേച്ഛുക്കളായ യുവ നമ്പൂതിരിമാർ അണി ചേർന്ന് പടയൊരുക്കം ആരംഭിച്ചതോടെ പ്രാമാണിത്തം അടി തകർന്നുപതിക്കാൻ തുടങ്ങി. വി.ടി, ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട്, എം.ആർ.ഭട്ടതിരിപ്പാട് മുതലായവർ നേതൃത്വം നല്കി. നമ്പൂതിരിയെ മനുഷ്യനാക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് അവർ കണ്ടു.

അതിനുള്ള പരിശ്രമമാണ് അവർ നടത്തിയത്.

കഥാചുരുക്കം:

വി.ടി. ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ താൻ അഭിമുഖീകരിച്ച ഒരു മൂർത്തപ്രശ്നത്തെ മുൻനിർത്തിയാണ് ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥ രചിച്ചത്. ഒരു സമുദായ പരിഷ്കർത്താവെന്ന നിലയിൽ ഒട്ടുമിക്ക സാമുദായിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ടിരുന്ന അദ്ദേഹത്തെപ്പോലുള്ളവർ പോലും വളരെ വൈകി മാത്രം അറിഞ്ഞ, വി.ടി.തന്നെ സാക്ഷ്യം വഹിച്ച ഒരു സ്ത്രീയുടെ ആത്മാഹൂതിയിലൂടെ തിരിച്ചറിവിലേക്കെത്തിയ, ഗൗരവതരമായ സാമുദായിക പ്രശ്നത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വി.ടി.യുടെ കഥാവതരണത്തിൻ്റെ മുഖ്യ സവിശേഷതയായ സ്വാനുഭവതലം ഈ കഥയ്ക്കും മാറ്റുകൂട്ടുന്നു. ഇത് കഥയാണോ വി.ടി.യുടെ അനുഭവവിവരണമാണോ എന്ന സംശയം ന്യായമായും വായനക്കാരനുണ്ടാകും.


സ്വന്തം സമുദായത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന നീറ്റൽ വി.ടി. അറിഞ്ഞിട്ടുണ്ട്. അത് പരിഹരിക്കാനുള്ള ആത്മാർത്ഥമായ പ്രയത്നം വി.ടി.യെ അറിയപ്പെടുന്ന ആളാക്കി. കൂരിരുട്ടും ഘോരമായ മഴയും കാറ്റും നടമാടുന്ന സന്ദർഭത്തിൽ പട്ടാമ്പി റയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി തൃത്താലയിലേക്കുള്ള റോട്ടിലൂടെ നടന്ന് വി.കെ.കടവ് എന്നറിയപ്പെടുന്ന വരണ്ടുകുറ്റിക്കടവിലെത്തി. അവിടെ വെച്ചാണ് മൂടിച്ചതച്ച ഒരു പ്രാകൃത രൂപം പ്രത്യക്ഷപ്പെട്ടത്. അത് ഒരു സ്ത്രീയായിരുന്നു. ഇരുട്ടുള്ള രാത്രി, വിജനമായ പുഴവക്ക്, കോരിച്ചൊരിയുന്ന മഴ- ഈ അന്തരീക്ഷത്തിൽ ഒറ്റയ്ക്കൊരു സ്ത്രീയോ എന്ന് വി.ടി. അത്ഭുതപ്പെട്ടു. ഒറ്റയ്ക്ക് ഈ വിജനതയിൽ അസമയത്ത് സഞ്ചരിക്കാൻ എന്താണ് കാരണമെന്ന് ആരാഞ്ഞപ്പോൾ, 'നിങ്ങളെപ്പോലെത്തന്നെ ' എന്ന ശക്തമായ മറുപടിയാണ് അവൾ നല്കിയത്. ഇത്രയും ആത്മധൈര്യം വി.ടി. പ്രതീക്ഷിച്ചില്ല.  തുടർന്നുള്ള സംസാരത്തിൽ നിന്നും ആത്തേമ്മാരെ രക്ഷിക്കാൻ പ്രയത്നിക്കുന്ന വി.ടി.യാണ് തൻ്റെ മുന്നിൽ എന്നവൾ മനസ്സിലാക്കി. അദ്ദേഹത്തെ കാണണമെന്ന് ഏറെ നാളായി അവൾ മോഹിക്കുന്നത്രെ. ഉത്കണ്ഠാകുലനായി പിരിമുറുക്കത്തിലായ വി.ടി.യോട് അവൾ തൻ്റെ കഥ പറഞ്ഞു.


പോത്തനൂരിലാണ് അവളുടെ ഇല്ലം. പഴമയും പ്രാകൃതത്വവും മാത്രം കൈമുതലായ ഇടം. ഈ ചെറിയ വയസ്സിനിടയ്ക്ക് അവിശ്വസനീയമായ പലതും തനിക്കനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അവൾ പറയുന്നു. അങ്ങനെയുള്ളവരുടെ രക്ഷയ്ക്ക് വേണ്ടിയാണല്ലോ സഭ എന്ന് വി.ടി. പ്രതിവചിക്കുന്നു. ഒരാത്തേമ്മാരുടെ കഷ്ടതകൾ മുഴുവൻ നിങ്ങൾക്ക് മനസ്സിലായിട്ടില്ലെന്ന് അവൾ വാദിച്ചു. പിന്നെന്തിനാണ് സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനവും വിധവാ വിവാഹ പ്രസ്ഥാനവുമെന്ന വി.ടി.യുടെ ചോദ്യത്തിന്, അതിനേക്കാൾ ആപത്കരമായ പലതും സമൂഹത്തിൽ നടക്കുന്നുവെന്നായിരുന്നു അവളുടെ പ്രതികരണം. ഇത് വി.ടി.യെ ഞെട്ടിച്ചു.


അവൾ സ്വന്തം കഥ പറയാൻ തുടങ്ങി. മധുരമായ ഭാവി കൊതിച്ച്, വിധി കയ്പ് മാത്രം സമ്മാനിച്ച സ്വന്തം ജീവിതത്തെപ്പറ്റി. അവളുടെ അച്ഛന് 5 മക്കൾ. അതിൽ മൂന്നാമത്തേതാണ് കഥാനായിക. അഞ്ചു പേരോടും ഒരു ഭേദവുമില്ലാത്ത പ്രിയമാണ് അച്ഛനുണ്ടായിരുന്നത്. മക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചു. ഏടത്തിമാരുടെ വിവാഹപ്രായമെത്തിയപ്പോൾ അവരെ വേളി കഴിപ്പിച്ച് പറഞ്ഞയച്ചു. ഇതോടെ ഇല്ലത്തെ ജന്മം മുഴുവൻ കടത്തിലായി. മൂന്നു പെൺമക്കളെക്കൂടി പറഞ്ഞു വിടാനുണ്ട്. ചില ബന്ധുക്കൾ മാറ്റക്കല്യാണത്തിന് നിർബന്ധിച്ചെങ്കിലും അച്ഛന് ധൈര്യമുണ്ടായില്ല. ഒരു ദിവസം സന്ധ്യയ്ക്ക് അമ്മയോട് പുറത്തു നിന്ന് ഒരു നമ്പൂരി വന്നിട്ടlണ്ടെന്ന് പറയുന്നതു കേട്ടു. അനുജത്തിമാരോട് ചോദിച്ചപ്പോൾ  അമ്മ കരഞ്ഞിരുന്നുവെന്നു മാത്രം പറഞ്ഞു. എന്നാൽ വിവാഹത്തിൻ്റെ ഒരുക്കങ്ങളൊന്നും കണ്ടില്ല. ഗദ്ഗദ കണ്ഠനായി മംഗലാപുരത്തോളം ഒന്നു പോണം. വേഗം പുറപ്പെട്ടോളൂ എന്ന് അച്ഛൻ പറഞ്ഞു. കഥാനായികയ്ക്ക് അതിൻ്റെ അർത്ഥം പിടികിട്ടി. അവൾ ഞെട്ടി. അമ്മ ഒന്നും പറഞ്ഞില്ല. കണ്ണീരോടെ യാത്രയാക്കി. മംഗലാപുരത്ത് സ്റ്റേഷനിൽ കാറുമായി മൂന്നു പേർ കാത്തു നിന്നിരുന്നു. ഒരു സ്ത്രീയും രണ്ടു പുരുഷൻമാരും. അച്ഛനോടൊപ്പം അവൾ കാറിൽ കയറി. അച്ഛൻ വഴിയിലിറങ്ങിയത് അവളറിഞ്ഞില്ല. മംഗലാപുരത്ത് ഒരു വില്പനച്ചരക്കായി അവൾ മാറി. ഇതു വരെ കാണാത്ത കറുത്തു തടിച്ച കൂറ്റനായ മനുഷ്യൻ്റെ ഇരയായി ആദ്യദിനം തന്നെ. തുടർന്ന് ഇത്രയും വി.ടി.യെ അറിയിച്ച അവൾ പിടഞ്ഞെണീറ്റ് കടവത്തേക്ക് നടന്നു. തോണി അടുത്തു. എന്നാൽ അവളെ കണ്ടില്ല. വിളിച്ചു. എന്നാൽ മറുപടി കിട്ടിയില്ല. ഒരു പ്രഹേളികയായി അവൾ. നിങ്ങളെങ്ങനെ രക്ഷപ്പെട്ടുവെന്ന വി.ടി.യുടെ ചോദ്യത്തിന് ഇനിയൊരിക്കലും പ്രതികരണമുണ്ടാകില്ല.


വളരെ വ്യക്തമായ അനുഭവബോദ്ധ്യമാണ് ഈ കഥയുടെ ജീവൻ എന്നു പറയാം. എത്രമാത്രം സമുദായത്തിൻ്റെ ഉള്ളറിയാൻ ശ്രമിച്ചാലും പിടികിട്ടാത്ത നിരവധി പ്രഹേളികകൾ സമുദായത്തിലവതരിക്കും. ഇതു വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത നൂതനമായ മംഗലാപുരം കല്യാണമെന്ന, നിർദ്ധന നമ്പൂതിരി കുടുബത്തിൻ്റെ അവസാന പ്രതീക്ഷ എത്ര ശോച്യമായ സാമൂഹിക സ്ഥിതിഗതികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആലോചിച്ചു നോക്കുക. ഇങ്ങനെ വളരെ സജീവവും മൂർത്തവുമായ യഥാതഥ പ്രശ്നത്തെ അവതരിപ്പിക്കുന്നതിലൂടെ യഥാതഥ കഥാലോകത്ത് തൻ്റെ സ്ഥാനം അദ്ദേഹം ഉറപ്പിക്കുന്നു.


മൂർത്തമായ ഒരു സാമൂഹിക പ്രശ്നം അവതരിപ്പിക്കുന്നതോടൊപ്പം, അക്കാലത്തെ ഭരണകൂട വിരുദ്ധ നിലപാടും, യാഥാസ്ഥിതികരായ നമ്പൂതിരി മേലാളന്മാർക്കെതിരായ പ്രതിഷേധവും ഈ കഥയിൽ അടക്കിയിരിക്കുന്നു. തൃത്താലയിലേക്ക് തീവണ്ടി മാർഗ്ഗം സഞ്ചരിക്കുമ്പോൾ, കടുത്ത മഴയേയും തീവ്രമായകാറ്റിനെയും ഘോരമായ ഇടിമുഴക്കത്തേയും വെല്ലുവിളിച്ച് പ്രതികൂലമായ പ്രകൃതിയെ വകവെയ്ക്കാതെ പായുന്ന തീവണ്ടിയെ 'പൊതുജനാഭിപ്രായത്തെ വിഗണിച്ച് മുമ്പോട്ടു പോവുന്ന ' ഭരണകൂടവുമായാണ് അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. യുവതിയുമായുള്ള സംസാരത്തിൽ അവളുടെ ആർജ്ജവവും ധീരതയും കുറിയേടത്ത് താത്രിയെ ഓർമ്മിപ്പിച്ചു. ഈ സന്ദർഭത്തിൽ വി.ടി. ഉപയോഗിക്കുന്നത്, 'സമുദായം കീറത്തുണി പോലെ വലിച്ചെറിഞ്ഞ' എന്ന പ്രയോഗമാണ്. ഇത്തരത്തിൽ സാമ്പ്രദായികതയ്ക്കെതിരെയും സ്ഥാപനവത്കരണത്തിനെതിരെയും പ്രതിഷേധവും പ്രതിരോധവും ഉൾക്കൊള്ളുന്നതാണ് വി.ടി.കഥകൾ. വി.ടി.യുടെ ചില കഥകളെ ബാധിച്ച ആശയപ്രചരണാർത്ഥമുള്ള വാചാലത ഈ കഥയെ ബാധിച്ചിട്ടില്ല. നല്ല ഒതുക്കവും മിതത്വവുമുള്ള ഈ കഥ എഴുത്തുകാരൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ മീതെയുള്ള പൊൻ തൂവലാണ്.


ഗണേശൻ.വി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ