മദിരാശിപ്പിത്തലാട്ടം: കേസരി നായനാർ

 മദിരാശിപ്പിത്തലാട്ടം

വടക്കേ മലബാറിന്റെ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ(1861 - 1914). കേസരി എന്ന് അദ്ദേഹം അറിയപ്പെട്ടു. കേസരിയെന്ന തൂലികാനാമം കൂടാതെ വജ്രബാഹു, വജ്രസൂചി എന്നീ നാമങ്ങളും എഴുത്തിന് സ്വീകരിച്ചു. കുറ്റൂരിലുള്ള വലിയ ജന്മി കുടുംബമായ വേങ്ങയിൽ തറവാട്ടിൽ കുഞ്ഞാക്കമ്മയുടെ മകനായാണ് നായനാർ ജനിച്ചത്. ഏകദേശം രണ്ടുലക്ഷത്തോളം ഏക്കർ സ്ഥലം കൈവശമുണ്ടായിരുന്ന ഭൂവുടമകളാണ് വേങ്ങയിൽ തറവാട്ടുകാർ. ജന്മിത്വത്തിൻ്റെയും നാടുവാഴിത്തത്തിൻ്റെയും പ്രതിരൂപങ്ങൾ. ഇംഗ്ലീഷ് വിദ്യാഭ്യാസവും കാർഷിക ശാസ്ത്രത്തിൽ ബിരുദവും ശാസ്ത്രീയമായ കൃഷിരീതികളോട് ആഭിമുഖ്യവുമുള്ള, സമൂഹ സേവനതല്പരനായ കേസരി ആ കുടുംബത്തിൽ നിന്നാണ് ഉയർന്നു വന്നത്.  പത്രപ്രവർത്തന രംഗത്തും കുലപതിയാണ് കേസരി നായനാർ. ഇന്ന് പയ്യന്നൂരിന് സമീപം എരമം കുറ്റൂർ പഞ്ചായത്തിലാണ് വേങ്ങയിൽ തറവാട് സ്ഥിതി ചെയ്യുന്ന കുറ്റൂർ എന്ന ഗ്രാമം ഉൾപ്പെടുന്നത്. കേസരിയുടെ  രചനകൾ വടക്കെ മലബാറിന്റെ തനതു ഭാഷാശൈലിയെ പ്രതിഫലിപ്പിക്കുന്നു. . ചെറുകഥകളും നിരൂപണവും സരസോപന്യാസങ്ങളുമാണ് നായനാരുടെ മുദ്ര പതിഞ്ഞ സാഹിത്യ മേഖലകൾ. എഴുത്തിന്റെ സാമൂഹിക സാദ്ധ്യതകളെ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ തിരിച്ചറിഞ്ഞ വടക്കേ മലബാറുകാരനാണദ്ദേഹം. അദ്ദേഹത്തിന്റെ ഭാഷ ലളിതവും സരസവുമാണ്. അവതരണം ഹൃദ്യവും. ഭാഷയുടെ സുതാര്യതയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സൃഷ്ടികളെ അനന്യമാക്കുന്നത്. 

സരസത ജീവനാഡിയാക്കുന്നവയാണ് അദ്ദേഹത്തിൻ്റെ രചനകൾ. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകവും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകവുമാണ് കേസരി നായനാരുടെ സാഹിത്യരചനകളുടെ കാലം.  



1891 ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ച 'വാസനാവികൃതി'യാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി വിശേഷിപ്പിക്കപ്പെടുന്നത്. രചയിതാവോ?  സാക്ഷാൽ കേസരി. പ്രസ്തുതകഥ സംക്ഷിപ്തതയും കഥാ ഗുണങ്ങളും (ആദിമദ്ധ്യാന്തപ്പൊരുത്തം, പരിണാമഗുപ്തി) (ഏകദേശം) ഒത്തിണങ്ങിയ കഥയ്ക്ക്  മാതൃകയാണ്. തലമുറയായി മോഷണശീലം കൈമാറി വന്ന ഒരു കുടുംബത്തിൽ പിറന്ന  ഇക്കണ്ട കുറുപ്പ് എന്ന കള്ളന് ജന്മവാസന കൊണ്ട് സംഭവിച്ച അമളിയാണ് വാസനാവികൃതിയിലെ പ്രതിപാദ്യം.  


'ദ്വാരക' എന്ന കഥ (1893) രചിക്കുമ്പോഴേക്കും കേസരിയുടെ രചനാ നൈപുണ്യവും കഥന സാമർത്ഥ്യവും കൂടുതൽ വൈപുല്യമാർജ്ജിക്കുന്നതായി കാണാം. കഥ പറയുന്നിതിലെ സരസത നിലനിർത്തുന്നതോടൊപ്പം വായനക്കരനെ അമ്പരപ്പിക്കുന്ന മട്ടിലുള്ള കഥാന്ത്യവും അതിൻ്റെ വിശേഷതയാണ്. കടൽ വഴി ടെലഗ്രാം ലൈൻ സ്ഥാപിക്കുമ്പോൾ കമ്പി കുടുങ്ങുന്നതും അത് പരിശോധിക്കാനായി മുങ്ങൽക്കുപ്പായമണിഞ്ഞ് കടലിലിറങ്ങുന്നതും കടലിൻ്റെ അടിത്തട്ടിൽ പുരാണത്തിലെ ദ്വാരകയുടെ അവശിഷ്ടങ്ങൾ കാണുന്നതും ആ നിർമ്മിതി വൈദഗ്ദ്യം കണ്ട് അമ്പരക്കുന്നതുമാണ് പ്രതിപാദ്യം. ഇതൊരു സ്വപ്നമായിരുന്നുവെന്ന് അവസാനമേ വായനക്കാരന് മനസ്സിലാകൂ. ഈ രചനാതന്ത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ, ചെറുകഥ വികസിച്ചു വരുന്ന ഒരു കാലയളവിൽ ഒരെഴുത്തുകാരനുണ്ടായി എന്നതാണ് കേസരിയെ സവിശേഷനാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ പ്രതിഫലനവും ഈ കഥയിലുണ്ട്.  


 'മദിരാശിപ്പിത്തലാട്ടം' എന്ന കഥ നഗരവിഭ്രമങ്ങൾ അവതരിപ്പിക്കുന്നു.  മദിരാശി നഗരത്തിൽ എത്തപ്പെട്ട സാധാരണക്കാരനായ ഒരു മലയാളിക്കുണ്ടായ ചാപല്യങ്ങളാണ് ആ കഥയിൽ ആഖ്യാനം ചെയ്തിട്ടുള്ളത്.  നഗര ദൃശ്യങ്ങളിൽ വിസ്മയിച്ചു നടക്കെ പരിചയപ്പെട്ട ഒരുവൻ അയാളെ നന്നായി പറ്റിക്കുന്നു.  വർത്തമാനം പറഞ്ഞും കാഴ്ചകൾ കാട്ടിയും മോഹിപ്പിച്ച് വലിയൊരു ഹോട്ടലിലേക്ക് കൂട്ടി കൊണ്ടുപോവുന്നു.  അവിടെ നിരവധി ഭക്ഷ്യ സാമഗ്രികൾ ഓർഡർ ചെയ്യുന്നു. വിശിഷ്ട ഭോജ്യങ്ങൾ മിന്നിത്തിളങ്ങുന്ന പാത്രങ്ങളിൽ എത്തിച്ചേരുന്നു.  ചില ജാലവിദ്യകളും പ്രകടിപ്പിക്കുന്നു.  ഫ്രീ മെസനാണോ എന്ന ചോദ്യത്തിന് അല്ലെന്ന മറുപടി നല്കുന്നു.  എങ്കിൽ ആ ക്ലബ്ബിൽ ചേർക്കാം എന്നു പറഞ്ഞ് കണ്ണുകെട്ടിയിരുത്തി.  ദീർഘനേരം കഴിഞ്ഞ് കെട്ടഴിച്ച്  കണ്ണു തുറന്നു നോക്കെ സുഹൃത്തില്ല.  അയാൾ പറ്റിച്ച് സ്ഥലം വിട്ടിരുന്നു. ഭക്ഷണം വിളമ്പിയ വിശിഷ്ട സാമഗ്രികളും കഥാനായകൻ്റെ കോട്ടും പേഴ്സും മറ്റും 'സുഹൃത്ത്' മോഷ്ടിച്ചു കൊണ്ടുപോയി. ഹോട്ടലുകാരുടെ രോഷം മുഴുവനും കഥാനായകൻ്റെ നേർക്കായി. ഭാഗ്യവശാൽ സ്വന്തം ദു:സ്ഥിതി ഉടമയായ വെള്ളക്കാരനെ ബോദ്ധ്യപ്പെടുത്താനായതിനാൽ വല്ല വിധേനയും മലയാളി അവിടെ നിന്ന് തടി കഴിച്ചിലാക്കി.


ഈ മലയാളി ഒരു അഭ്യസ്തവിദ്യനാണ്. ഇംഗ്ലീഷ് അല്പാല്പം അറിയാം. ഈ മുറിയിംഗ്ലീഷ് പകർന്ന ആത്മധൈര്യത്തിലാണ് അയാൾ നാടുവിടുന്നത്. മലയാളിക്ക്‌ ഇംഗ്ലീഷ് പറയുന്നവരോടുള്ള മാനസിക വിധേയത്വത്തെ അപഹസിക്കാൻ കൂടിയാണ് ഈ കഥാപാത്രസൃഷ്ടി. 'അന്നെനിക്ക് ഇംഗ്ലീഷ് പറഞ്ഞാൽ കുറച്ചൊക്കെ മനസ്സിലാവും. ഒക്കെ മറന്നുപോയി' എന്ന് ഇംഗ്ലീഷ് പഠനത്തിൻ്റെ ഫലശൂന്യത അയാൾ വെളിപ്പെടുത്തുന്നുണ്ട്. വെളുത്ത നിറമുള്ള സായ്പിനൊപ്പം കറുത്ത നിറമുള്ളവർക്കും ഉയരാനാകുന്നല്ലോ എന്ന ചിന്തയാണ് തമിഴനോടുള്ള അതിരു കടന്ന താല്പര്യത്തിന് കഥാനായകനെ പ്രേരിപ്പിക്കുന്നത്. എന്തായാലും, 'കറുത്ത സായ്പ്' കഥാനായകനെ പറ്റിച്ച് കടന്നു കളഞ്ഞു. ' എന്നെ നല്ല പറ്റിക്കൽ പറ്റിച്ചു' എന്നാണ് കഥാവസാനവാക്യം. കഥാകൃത്ത് കൂടുതൽ വിശദീകരിക്കുന്നില്ല. കഥയിലേക്ക് പ്രവേശിക്കാനും കഥാന്ത്യം ഔചിത്യപൂർവം വരുത്താനുമുള്ള സൃഷ്ടിപരമായ മിടുക്കാണ് ഇവിടെ കേസരി പ്രകടമാക്കുന്നത്.


സായ്പായി ചമയാനും, സായ്പിനെ അനാവശ്യമായി വണങ്ങാനും ഇംഗ്ലീഷിനെ കുലീനഭാഷയായി കാണാനുമുള്ള പ്രവണത സാധാരണക്കാരിൽ പോലും പ്രവർത്തിക്കാനാരംഭിച്ചുവെന്നത് ഈ കഥയിൽ കാണാം. അത് പലപ്പോഴും വിനയാകുന്നുണ്ടെങ്കിലും സാമൂഹ്യമായി ഉയരാനുള്ള അഭിവാഞ്ഛയ്ക്ക് ഉദാഹരണവുമാണ്. പഠിക്കാനും ഉന്നതങ്ങളിലെത്താനുമുള്ള അവസരം തറവാടുകളിൽ മരുമക്കൾക്ക് നിഷേധിക്കപ്പെടുന്നതിലുള്ള പ്രതിഷേധവും ഈ കഥയിൽ കാണാം. കഥാനായകൻ തന്നെ ഒരു ഉദാഹരണമാണ്. " അനന്തരവന്മാരുടെ കാര്യം മഹാമോശമാണ്" എന്ന് കഥാനായകൻ പറയുന്നു. എന്നാൽ, ഇതേ അനന്തരവന്മാർ കാരണവന്മാരാകുമ്പോൾ മുമ്പ് അവരനുഭവിച്ച ദുരിതങ്ങൾ ഓർക്കുന്നുമില്ല. ഇതും അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളിലേക്കുള്ള വെളിച്ചംവീശലാണ്. സാമ്പ്രദായികവും പാരമ്പര്യാടിസ്ഥാനത്തിലുള്ളതുമായ കൂട്ടുകുടുംബവ്യവസ്ഥിതിയെയും കുടുംബാന്തരീക്ഷത്തെയും വിമർശവിധേയമാക്കുകയാണ് കേസരി. ഇങ്ങനെ ഫ്യൂഡൽസംസ്കൃതിയോടുള്ള വിമർശം ഈ കഥയിലുണ്ട്. അതോടൊപ്പം അന്ധമായ ഇംഗ്ലീഷാഭിമുഖ്യത്തേയും കഥ നിഷേധിക്കുന്നുണ്ട്.


നാഗരിക സംസ്കൃതി രൂപപ്പെട്ടു വരുന്ന കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ കഥ നഗര ജീവിത ദുരന്തങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.  മനുഷ്യത്വം വരണ്ട ഇടമാണ് നഗരം.  ശുദ്ധന്മാരെ കബളിപ്പിക്കുന്ന ഇടം. യാന്ത്രികതയും പരിഷ്കാരവും നന്മയെ ഹരിക്കുമെന്ന സന്ദേശവും കഥ നല്കുന്നു. കഥ മനുഷ്യജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ നാന്ദിയായി 'മദിരാശിപ്പിത്തലാട്ടം' എന്ന കഥയെ കാണാം. സുതാര്യമായ ഭാഷയും ആദി മധ്യാന്തപ്പൊരുത്തമുള്ള കഥാഘടനയും മദിരാശി പ്പിത്തലാട്ടത്തിനുണ്ട്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ