ശരത് വർണ്ണനവും കൃഷ്ണഗാഥാകാരനും


പാരിസ്ഥിതിക മൈത്രിയുടെ ആഖ്യാന ചാതുരി

മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാണ് കൃഷ്ണഗാഥ. വടക്കൻ കേരളക്കാരനായ ചെറുശ്ശേരി നമ്പൂതിരിയാണ് കൃഷ്ണഗാഥയുടെ രചയിതാവ്‌. കൃഷ്ണഗാഥ രചിക്കാൻ അദ്ദേഹം ഉപജീവിച്ചത് ഭാഗവതം ദശമസ്കന്ധത്തെയാണ്. പതിനഞ്ചാം നൂറ്റാണ്ടാണ് കൃഷ്ണഗാഥയുടെ കാലം. ഉദയവർമ്മൻ എന്നു പേരായ കോലത്തിരിയുടെ ആശ്രിതനായിരുന്നു അദ്ദേഹം. ചെറുശ്ശേരിയുമൊത്ത് ചതുരംഗം കളിക്കുകയായിരുന്ന ഉദയവർമ്മന് തോല് വി പിണയുന്നത് കണ്ട രാജ്ഞി താരാട്ടുപാട്ടിൻ്റെ ഈണത്തിൽ ആളെയുന്താൻ നിർദ്ദേശം കൊടുത്തെന്നും അപ്രകാരം കാലാളിനെ ഉന്തി ഉദയവർമ്മൻ വിജയിയായെന്നും ഐതിഹ്യമുണ്ട്. തൻ്റെ രാജ്ഞിയുടെ ബുദ്ധിവൈഭവത്തിൽ സംതൃപ്തനായ രാജാവ് ചെറുശ്ശേരിയോട് രാജ്ഞി പാടിയ പാട്ടിൻ്റെ ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരമത്രെ കൃഷ്ണഗാഥ വിരചിതമായത്.  തൻ്റെ കാവ്യത്തിൽ കോല ഭൂപനായ ഉദയവർമ്മൻ്റെ ആജ്ഞ പ്രകാരമാണ് താൻ കാവ്യം രചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദണ്ഡി തൻ്റെ കാവ്യശാസ്ത്ര ഗ്രന്ഥമായ കാവ്യാദർശത്തിൽ പരാമർശിക്കുന്ന ലക്ഷണങ്ങൾ യോജിക്കുന്ന കൃതിയാണിത്. സർഗ്ഗ വിഭജനം, ധീരോദാത്ത നായകൻ, പുരാണേതിഹാസങ്ങളിൽ നിന്നെടുത്ത പ്രതിപാദ്യം  എന്നീ ഘടകങ്ങളാലും മനോഹര വർണ്ണനകളാലും ഈ കൃതി പ്രാധാന്യമർഹിക്കുന്നു.

കൃഷ്ണൻ്റെ ഉത്പത്തി മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥയാണ് 47 അദ്ധ്യായങ്ങളിൽ കൃഷ്ണഗാഥയിൽ വർണ്ണിച്ചിട്ടുള്ളത്. കൃഷ്ണൻ്റെ ജനനം തന്നെ രസകരവും അനുഭൂതി ദായകവുമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. നിരവധി അസുരന്മാരെ വധിക്കാനും അമ്പാടിയിലെ ധീരസാഹസിക പാത്രമായി വളരാനും അവന് സാധിച്ചു. ശിശു ഘാതകയായ പൂതനയെ വധിച്ചത് പ്രത്യേക പരാമർശം അർഹിക്കുന്ന സംഭവമാണ്: ശകടാസുരനും തൃണാവർത്തനും വത്സനും മറ്റു ചില അസുരന്മാരും തുടർന്ന് മാതുലനായ കംസനും  കൊല്ലപ്പെട്ടു. ഇതു വഴി കുട്ടിക്കാലത്തിൽ തന്നെ വീര്യത്തിൻ്റെയും ശൗര്യത്തിൻ്റെയും പ്രതീകമായി അവൻ വളർന്നു. ഇത്തരം കൃത്യങ്ങൾ മാത്രമല്ല, വേണ്ടുവോളം കുസൃതിയും അവൻ പ്രകടിപ്പിച്ചു. ഗോപികമാരുടെ വസനം കവർന്നതും വെണ്ണയും മോരും മോഷ്ടിക്കുന്നതും ഗോപികമാരുടെ മാനസപുത്രനാകുന്നതും രാധയുടെ കാമുകനായി വിളങ്ങുന്നതും ഒക്കെ ആനന്ദദായകമായ രംഗങ്ങളാണ്. മുതിർന്നപ്പോഴും കുസൃതിയും കൗശലവും പ്രണയവും ശൗര്യവും കൃഷ്ണൻ കൈവിട്ടില്ല. അതിനാൽ ആബാലവൃദ്ധം ജനങ്ങളും എന്നും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കൃഷ്ണൻ. പുരാണേതിഹാസങ്ങളിൽ ഇത്രയും ഭാവ വൈവിദ്ധ്യവും പ്രവൃത്തി വൈവിദ്ധ്യവും കാണിക്കുന്ന കഥാപാത്രങ്ങൾ വേറെയില്ല. അതിനാൽ കൃഷ്ണകഥകൾ വ്യക്തികളുടെ വൈകാരിക മണ്ഡലവുമായി എന്നും ബന്ധപ്പെട്ടവയാണ്. അതു കൊണ്ടു തന്നെയാണ് കൃഷ്ണകഥ ആഖ്യാനം ചെയ്ത കൃഷ്ണഗാഥ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവയാകുന്നത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യം എന്ന വിശേഷണത്തിൽ കൃഷ്ണഗാഥയുടെ മഹത്വം ഒതുക്കി നിർത്താനാവില്ലെന്ന് എൻ.കൃഷ്ണപ്പിള്ള പറയുന്നു.

ഗാഥയെന്ന വാക്കിന് പാട്ട് എന്നാണർത്ഥം. ഗാഥായെന്ന പദം ഏറെ പ്രാചീനമാണ്. പഴയ പേർഷ്യൻ ഭാഷയിലെ കാവ്യശകലങ്ങൾക്ക് ഗാഥയെന്നാണ് പേരെന്ന് എൻ. കൃഷ്ണപ്പിള്ള ചൂണ്ടിക്കാട്ടുന്നു. ചിലപ്പതികാരത്തിലും 'കാതൈ ' എന്നു പ്രയോഗിച്ചിട്ടുണ്ട്. മഞ്ജരി വൃത്തത്തിലാണ് കൃഷ്ണഗാഥയുടെ രചന. കൃഷ്ണഗാഥയുടെ സ്വാധീനത്താൽ ഗാഥാവ്യത്തമെന്ന പേരും അതിനു ലഭിച്ചു. ഈ വൃത്തത്തിന് മലയാള ഭാഷയിൽ സ്വീകാര്യത നേടിക്കൊടുത്തത് കൃഷ്ണഗാഥയാണ്. സൗന്ദര്യം, സ്നേഹം, ആനന്ദം എന്നിവയുടെ പ്രതീകമായാണ്  ചെറുശ്ശേരി കൃഷ്ണനെ അവതരിപ്പിക്കുന്നത്. ശൃംഗാരത്തിനും വീരത്തിനും കൃഷ്ണഗാഥയിൽ പ്രാമുഖ്യം കാണാം. അളവു നോക്കിയാൽ ശൃംഗാരമാകും മുന്നിട്ടു നില്ക്കുക.
ഉപമയും ഉത്പ്രേക്ഷയും മറ്റ് നിരവധി അലങ്കാരങ്ങളും കളിയാടുന്ന ഇടമാണ് കൃഷ്ണഗാഥ. പക്ഷേ, കവിക്ക് കൂടുതൽ പ്രിയം ഉത്പ്രേക്ഷയോടാണ്. അതു താനല്ലയോ ഇത് എന്ന് ശങ്കിക്കുവാനുള്ള അവസരം ഉത്പ്രേക്ഷ സമൃദ്ധമായി നല്കുന്നു. കവിക്ക് പ്രിയപ്പെട്ട അലങ്കാരമാകയാൽ ഉത്പ്രേക്ഷാ കൃഷ്ണഗാഥായാം എന്നു പറഞ്ഞു വരുന്നു.

കൃഷ്ണഗാഥ മധുര മനോഹരമായ കാവ്യമാണ്. വായനക്കാരന് അനായാസം സൗന്ദര്യം ആസ്വദിക്കാനാകും വിധമാണ് അതിൻ്റെ ഘടന. പുരാണത്തിലെ  സാഹസികനും സമർത്ഥനുമായ കൃഷ്ണനെ അളവറ്റ വാത്സല്യത്തോടെയാണ് ചെറുശ്ശേരി സമീപിച്ചിട്ടുള്ളത്. മിക്കവാറും സന്ദർഭകളിൽ പുത്ര വാത്സല്യം തന്നെയാണ് പ്രകടമാക്കുന്നത്.

ലളിതസുന്ദര പദാവലികളാൽ സമ്മോഹനമാണ് കൃഷ്ണഗാഥ. ആശയക്കുഴപ്പമുളവാക്കുന്ന പദാവലികളില്ല. സംസ്കൃതമാണെങ്കിൽ വിരളമായേ പ്രയോഗിച്ചിട്ടുള്ളൂ. മണി പ്രവാളത്തിൻ്റെ പ്രത്യേകതയായ സൗന്ദര്യോദ്ഘോഷം വേണ്ടുവോളം നിർവഹിച്ചിട്ടുണ്ട്. വായനക്കാരനെ കാവ്യത്തിലേക്ക് ചുഴറ്റിയിറക്കുന്ന കാന്തിക ശക്തി ഈ കാവ്യത്തിൽ അനുഭവിക്കാം. കാവ്യസൗന്ദര്യത്തിൻ്റെ വിജയപതാക മലയാള സാഹിത്യത്തിൽ പറത്തിയ മഹാകവിയാണ് ചെറുശ്ശേരി. നാടൻ പദങ്ങളാലും ഗ്രാമ്യ പ്രയോഗങ്ങളാലും പ്രത്യേകിച്ച് ഒരർത്ഥവും ധ്വനിക്കാത്ത, എന്നാൽ മധുരതരമായ ശബ്ദങ്ങളാലും സമൃദ്ധമാണ് കൃഷ്ണഗാഥ. ചെറുശ്ശേരിയുടെ വാങ്മയ ചിത്രങ്ങൾ അനുഭൂതി പകരുന്നവയാണ്. പദലാളിത്യവും പദസൗകുമാര്യവും എടുത്തു പറയേണ്ട മറ്റു സവിശേഷതകളാണ്. വാങ്മയ ചിത്രങ്ങളാകുന്ന വസ്ത്രങ്ങൾ തൂക്കിയിടാനുള്ള അയയായി കാവ്യശരീരത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. വേണുനാദത്തിൻ്റെ മാധുരിയും ചൈതന്യവുമാണ് പ്രസ്തുത കാവ്യത്തിൽ പ്രസരിയ്ക്കുന്നത്.

ഈ കാവ്യത്തിലെ അനുപമമായ അവതരണമാണ് ശരത്കാല വർണ്ണനം. ഋതുക്കൾ ആറാണ്. വസന്തം, ഗ്രീഷമം, വർഷം , ശരത്, ഹേമന്തം, ശിശിരം. ഇതിൽ ഗ്രീഷ്മ കാലത്തിലെ കടുത്ത താപവും വരൾച്ചയും വർഷ കാലത്തിലെ കടുത്ത മഴയും ജലപ്രവാഹവും സൃഷ്ടിച്ച അസ്വസ്ഥ്യങ്ങൾ ശരത്തിൻ്റെ ആഗമനത്തോടെ അവസാനിക്കുകയാണ്. ആകാശം തെളിയുന്നു. മനസ്സ് നിറയുന്നു. അന്തരീക്ഷം സംഗീത ഭരിതമാകുന്നു. മനസ്സ് ആനന്ദതുന്ദിലമാകുന്നു. ഋതുക്കളെ മനുഷ്യൻ്റെ ജീവിത വ്യാപാരങ്ങളുമായി ബന്ധപ്പെടുത്താനുള്ള വ്യഗ്രത ഇവിടെ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മൈ ക്യത്തിൻ്റെ പ്രകാശനം ഇതിൽ കാണാം. ഋതുക്കൾ അവതരിപ്പിക്കുന്ന ഭാവങ്ങൾ മനുഷ്യൻ്റെ വൈകാരിക തലം തന്നെ. വർഷവും ഗ്രീഷ്മവും മനുഷ്യൻ്റെ സുഗമമായ പ്രവർത്തനങ്ങളെയും ചിന്തയെയും ഇരുളിലാഴ്ത്തുമ്പോൾ ശരത്തും ഹേമന്തവും വസന്തവും നന്മയുടെയും സന്തോഷത്തിൻ്റെയും പൂക്കാലം സൃഷ്ടിക്കുന്നു. അത് കൂടിയോ കുറഞ്ഞോ ആകാം. മനുഷ്യൻ്റെ ഭാവമാറ്റങ്ങൾ ഋതുപ്പകർച്ചയെ ആശ്രയിച്ചിരിക്കുന്നു.

ശരത് കാലം വന്നു. അപ്പോൾ കാർമുകിൽക്കൂട്ടങ്ങൾ അപ്രത്യക്ഷമാവുകയും അന്തരീക്ഷം പ്രസന്നമാവുകയും ചെയ്തു. എന്നാൽ, ഈ അന്തരീക്ഷ മാറ്റത്തെ മാനുഷികരിക്കാനാണ് കവി മുതിരുന്നത്. കൃഷ്ണൻ്റെയും ബലരാമൻ്റെയും വ്യത്യസ്ത നിറങ്ങളിൽ ഊന്നിയാണ് കവിയുടെ കല്പന. കൃഷ്ണൻ നീലനിറമുള്ളവനും ബലരാമൻ വെളുത്തവനുമാണ്. അപ്പോൾ ഇതുവരെ കൃഷ്ണനോടുള്ള അനുഭാവമാണ് മേഘങ്ങൾ പ്രകടമാക്കിയിരുന്നത്. അതായത് കാർമുകിലുകളുടെ സാന്നിധ്യം. ശരത് കാലം വന്നപ്പോൾ ആകാശം ധവളമായി. കണ്ണനോട് അമിത സ്നേഹം കാട്ടി, കണ്ണൻ്റെ നിറം പോലും സ്വാംശീകരിച്ച മേഘങ്ങളോടുള്ള അപ്രീതി എൻ്റെ കാന്തിയെ നിങ്ങൾക്ക് വേണ്ടയല്ലോ എന്ന് ബലരാമൻ പ്രകടമാക്കുന്നത് ഭയന്നിട്ടെന്ന വണ്ണമാണ് ആകാശം രാമവർണ്ണം സ്വീകരിച്ചത്. ഉത്പ്രേക്ഷാലങ്കാരത്തിൻ്റെ മനോമോഹനമായ വ്യാപാരം ഇവിടെ പ്രകടമാണ്.

ചൂടു വർദ്ധിച്ചു വന്നു. പ്രസ്തുത സാഹചര്യത്തെ ദു:ഖിതരുടെ മനസ്സിനോട് കവി സാദൃശ്യപ്പെടുത്തുന്നു. ദു:ഖിതരുടെ മനസ്സ് എല്ലായ്പ്പോഴും തപിച്ചു കൊണ്ടിരിക്കും. ശരത് കാലം വന്നപ്പോൾ ജീവജാലങ്ങൾ അതിൻ്റെ ഗുണകരമായ  മാറ്റം അനുഭവിച്ചു തുടങ്ങി. അത്തരം മാറ്റങ്ങളെയാണ് തുടർന്ന് കവി ചിത്രീകരിക്കുന്നത്. നിരവധി ചിത്രങ്ങളാണ് കവി പകരുന്നത്. മായയിൽ പെട്ട് മന്ദരായ മനുഷ്യർ (വ്യാമോഹങ്ങളിൽ ഉഴലുന്ന മനുഷ്യർ ) ആയുസ്സ് പോകുന്നത് അറിയുന്നില്ല. അതു പോലെയാണ് ജലജീവികളായ മത്സ്യങ്ങൾ ജലം കുറഞ്ഞത് അറിയാതെ പോയത്. അത്ര മാത്രം അവയ്ക്ക് ജീവിതം ആസ്വാദ്യകരമായി തോന്നിത്തുടങ്ങിയെന്നർത്ഥം. 

വർഷപാതത്താൽ കലങ്ങിയൊഴുകിയ പുഴകളെല്ലാം തെളിഞ്ഞൊഴുകാനാരംഭിച്ചു. ഗോവിന്ദനിൽ മനസ്സുറപ്പിച്ച ഒരാളുടെ മനസ്സ് എപ്രകാരമാണോ ശാന്തമാകുന്നത് അതുപോലെ. പ്രിയപ്പെട്ട ഭർത്താവിനെ കാണുന്നേരം സ്ത്രീകളുടെ മുഖം വിടരുന്നതു പോലെ താമരപ്പൂക്കൾ ജലത്തിൽ പ്രശോഭിച്ചു. വർഷം കാരണം ജലാശയങ്ങൾ ഉപേക്ഷിച്ച അരയന്നങ്ങൾ തിരികെ വന്നു. സ്ത്രീകളിൽ ചിലരുടെ ഭർത്താക്കന്മാർ കാരണം നാടുവിടേണ്ടി വന്ന ജാരന്മാർ (രഹസ്യക്കാരൻ ) തിരികെ വരുമ്പോലെ ആവേശത്തോടെയും വികാരവായ് പോടെയുമാണ് അവ വന്നത്.  മഴക്കാലത്ത് കുത്തിയൊഴുകിയിരുന്ന നദികളുടെ ഒഴുക്ക് കുറഞ്ഞു. അവ മന്ദഗതിയാർജ്ജിച്ചു. കാമുകിമാരോടുള്ള സ്നേഹം കുറയുമ്പോൾ അവരെ സമീപിക്കാനുള്ള താല്പര്യം കാമുകരിൽ കുറയും. ഈ മാനുഷികാവസ്ഥയോടാണ് പ്രസ്തുത പ്രകൃത്യനുഭവത്തെ കവി സാദൃശ്യപ്പെടുത്തുന്നത്.

ശരത് കാലത്ത് ആകാശത്ത് ചന്ദ്രൻ പ്രകാശം തൂകി. കാലിപ്പിള്ളരാൽ വലയം ചെയ്യപ്പെട്ട ശോഭിക്കുന്ന കൃഷ്ണൻ്റെ ചിത്രമാണ് കവി പകരം വെക്കുന്നത്. ശരത് കാല ചന്ദ്രൻ്റെ തിളക്കം കാമുകരെ പ്രചോദിപ്പിച്ചു. അവർ തങ്ങളുടെ പെണ്ണുങ്ങളുടെ കൂടെ ഉല്ലസിച്ചു.  വണ്ടുകൾ സന്തോഷ പുരസ്സരം പാറിപ്പറന്നു. കണ്ണൻ വിളങ്ങുന്ന കാട്ടിലേക്ദേവന്മാർ ഓടി എത്തും പോലെ ധൃതിയിലും ചാഞ്ചല്യത്തിലുമാണ് വണ്ടുകൾ വിഹരിച്ചത്. അന്തരീക്ഷം താമരക്കണ്ണൻ്റെ കാന്തിയിൽ ശോഭിച്ചു. ചകോരങ്ങളും (ചക്രവാകങ്ങൾ) നിലാവ് ഭക്ഷിച്ച് തൃപ്തരായി. കണ്ണൻ്റെ മുഖകാന്തി കണ്ട് സന്തുഷ്ടരായ ഗോപികമാരെപ്പോലെയായി ചകോരങ്ങൾ.

ശീതം അകന്നിരിക്കുന്നു. പൂന്തോട്ടത്തിൽ നിന്നും പ്രസരിക്കുന്ന പൂമണം എങ്ങും പരന്നു. ഇളം കാറ്റ് ആസ്വദിച്ച് എല്ലാവരും നിന്നു. താമരക്കണ്ണനായ കൃഷ്ണനാകട്ടെ, ഓടക്കുഴൽ നാദത്താൽ സ്ത്രീഹൃദയങ്ങളെ വശത്താക്കി. കാമബാണമേറ്റ അവർ കൃഷ്ണൻ്റെ ഓടക്കുഴൽ നാദത്തിനനുസൃതമായി പാടി.

ശരത്കാലത്തിൻ്റെ വരവ് ആഖ്യാനം ചെയ്യുന്ന കവി പ്രകൃതിയുമായും അതിൻ്റെ പ്രതിഭാസങ്ങളുമായും മനുഷ്യനെ രഞ്ജിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആ തലത്തിലും ഇതര കാവ്യങ്ങൾക്ക് മാർഗ്ഗദർശിയാകുന്നു കൃഷ്ണഗാഥാകാരൻ.
സാഹിത്യം അതിൻ്റെ വിശുദ്ധമായ ലക്ഷൃം കൈവരിക്കുന്നത് ഇവിടെ കാണാം.

തട്ടിക്കൂട്ടിയത്:

ഗണേശൻ വി.



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ