മഹാബലിയുടെ ഔന്നത്യം
കുനിയേണ്ടതു വാമനത്വം തന്നെ................................ഗണേശന്‍ വി
തൃക്കാക്കര ക്ഷേത്രത്തില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയാണുള്ളത്. വാമനന്‍
പ്രതിഷ്ഠയായുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര. വാമനമൂര്‍ത്തി തന്നെയാണ് തൃക്കാക്കരയപ്പന്‍. ഓണമാണ് ഇവിടത്തെ പ്രധാന ഉത്സവം. അസുരചക്രവര്‍ത്തിയായ മഹാബലിയോട് അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ച് ഭവിഷ്യത്തുകള്‍ ബോദ്ധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഇടപെട്ടു നടത്തിയ ചവിട്ടിത്താഴ്ത്തലാണ് ഓണമായത്. അന്ന് മഹാബലി വരുമെന്നും കേരളീയരുടെ സംതൃപ്തിയും സുഖവും കണ്ട് സന്തുഷ്ടനായി തിരികെപ്പോകുമെന്നുമാണ് വിശ്വാസം. പുരാണങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാല്‍ ഏറ്റവും വലിയ കുടില തന്ത്രശാലികളും അക്രമികളുമാണ് ദേവന്മാര്‍. എന്തൊക്കെയാണോ ദേവത്വമായി കരുതുന്നത്, അതൊന്നും തീരെ അവകാശപ്പെടാനില്ലാത്ത ഇന്ദ്രനാണ് അവരുടെ നേതാവ്. സ്വന്തം കസേല സുരക്ഷിതമാക്കുകയെന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതു സാധിക്കുന്നതിനായയി എന്തു കുതികാലുവെട്ടും നടത്തും. സന്മാര്‍ഗ്ഗികത, വീര്യം, സാധുക്കളോട് അലിവ്, ദുഷ്ടന്മാരോട് ദൌഷ്ട്യം, സത്യനിഷ്ഠ, ധര്‍മ്മബോധം മുതലായവ ദേവഗുണങ്ങളായെടുത്താല്‍ അതിന്നനുസൃതമായി പ്രവര്‍ത്തിച്ച ഏതു ദേവനാണ് ഉള്ളത്.... വേണമെങ്കില്‍ ഗണപതിയേയോ മറ്റോ ചൂണ്ടിക്കാട്ടാം.. അത്രമാത്രമേ സാധിക്കൂ.
മഹാബലിപ്രതിമ സ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം തീരുമാനിച്ചിരിക്കുന്നു. അതിനെതിരെ ഒരു മതസംഘടന രംഗത്തു വന്നിരിക്കുന്നു. ക്ഷേത്രത്തിന്‍റെ ചൈതന്യം ക്ഷയിക്കുമെന്നും നോട്ടത്തിനു കുറവുണ്ടാകുമെന്നും ഉള്ള അസംബന്ധങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. മഹാബലിയെയാണ് യഥാര്‍ത്ഥത്തില്‍ ദേവനായി മലയാളികള്‍ ആരാധിക്കേണ്ടത് എന്നതാണ് വസ്തുത. കാരണം യാതൊരു മനം മടുപ്പും കൂടാതെ നിഗ്രഹം ഇരന്നു വാങ്ങിയ ആ വീരന്‍ വര്‍ഷാവര്‍ഷം സവര്‍ണ്ണാഭിമുഖ്യം വെച്ചു പുലര്‍ത്തുന്ന കേരളീയരെ കാണാന്‍ വരുന്നല്ലോ, അതാണ് ഏറ്റവും ദയനീയമായ വസ്തുത. ഇവിടെയും എപ്പോഴും സവര്‍ണ്ണാഭിമതം മാത്രമേ വിജയിച്ചുള്ളൂ എന്നതിനു ഉത്തമ തെളിവാണ് വാമനപൂജ. യഥാര്‍ത്ഥത്തില്‍ ഇളക്കി മാറ്റേണ്ടത് ഈ വാമനപ്രതിഷ്ഠയെ അല്ലേ എന്നാണ് ഇവിടെയുളവാകുന്ന സംശയം.
പ്രതിമയും പ്രതിഷ്ഠയും അവിടെയിരിക്കട്ടെ. അധോമുഖവാമനരായി നന്മയെ ചവിട്ടിത്താഴ്ത്തുന്ന മനുഷരെക്കുറിച്ച് കവി പാടിയിട്ടുണ്ട്. ഇവിടെയും മനുഷ്യത്വവും ഔചിത്യബോധവും തന്നെയാണ് പതിവുപോലെ മലയാളികള്‍ക്കു നഷ്ടപ്പെടുന്നത്. ജാതിമതവിശ്വാസാദികളിലേക്കും ആചാരകര്‍മ്മങ്ങലിലേക്കും പിന്‍മടങ്ങുന്നതിനു പകരം കൂടുതല്‍ ശുഭകരം ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും അവധൂതനായ ബലിയെ വാഴ്ത്തുന്നതിലല്ലേ ....അതിലല്ലേ കൂടുതല്‍ മാനവികതയുള്ളത്.....
അതിനാല്‍ ബലിയെ നാം വാഴ്ത്തുക; അതൊരു മിത്തു മാത്രമെന്ന ചിന്തയോടെ. വാമനന്‍ ഒരു റിയാലിറ്റിയാണ്. അത് നമ്മിലെല്ലാവരിലും നിറഞ്ഞിരിക്കുന്നതുമാണ്. അസഹിഷ്ണുത, സങ്കുചിതത്വം, അക്രമം, അസൂയ, വിത്തപ്രതാപം, വിനയനന്മാദികളുടെ അഭാവം എന്നിവ അതിലുണ്ട്. ഈ വാമനത്വത്തെ തിരസ്കരിക്കുന്നവര്‍ക്കു മാത്രമേ ബലിയുടെ ത്യാഗത്തെ അംഗീകരിക്കാനാകൂ. കാരണം ബലി വിശാലതയും ഔന്നത്യവുമാണ്, സാര്‍വദേശീയതയാണ്, സര്‍വോപരി സോഷ്യലിസ്റ്റാണ് ബലി. ഒരു മൃഗീയാധിനിവേശത്തിന്‍റെ ചരിത്രപരമായ സത്യം ബലിയുടെ ത്യാഗമെന്ന മിത്തില്‍ അലിഞ്ഞുകിടക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ