ഒളിമ്പിക്സ്......

  ഒളിമ്പിക്സിന് തിരശ്ശീല വീണിരിക്കുന്നു.  ഐക്യത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും  പുതിയഗാഥകള്‍ വിരചിക്കപ്പെട്ടിരിക്കുന്നു. ലോകം തീവ്രവാദഭീഷണിയിലും  വംശീയവാദത്തിലും പതറി നില്ക്കുന്ന അവസരത്തിലാണ്  പതിന്നാറു ദിവസം നീണ്ട റിയോ ഒളിമ്പിക്സ് അരങ്ങേറിയത്.  തീവ്രവാദികളുടെ ആസുരമുഖം അവിടെ പത്തിനിവര്‍ത്തിയില്ലെന്നത് സന്തോഷകരമാണ്.  204 ലോകരാഷ്ട്രങ്ങളിലെ കായികതാരങ്ങള്‍ മത്സരത്തിനിറങ്ങി.  78 ലോകരാജ്യങ്ങള്‍ക്ക് എന്തെങ്കിലും മെഡല്‍ ലഭിക്കുകയും ചെയ്തു.  ലോകരാജ്യങ്ങള്‍ ആരോഗ്യകരമായ മത്സരത്തിലേര്‍പ്പെട്ട  ദിവസങ്ങളായിരുന്നു കടന്നു പോയത്.  വിനാശകരമായ നിമിഷങ്ങളെ  അകറ്റാനും വിവിധ സംസ്കാരങ്ങള്‍ തമ്മില്‍ ഐക്യപ്പെടാനും മാനവസൌഹാര്‍ദ്ദവും മാനവികചിന്തയും ഊട്ടിയുറപ്പിക്കാനും ഒളിമ്പിക്സ് കാരണമായി.


          കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ബ്രസീലില്‍ ഒളിമ്പിക്സ് അരങ്ങേറിയത്.  എന്നിട്ടും തങ്ങളുടെ സാംസ്കാരിക  മേന്മ വിളിച്ചോതാന്‍ അവര്‍ക്കു സാധിച്ചു.  കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങളുടെ ഭാരം ഇനിയും ആ രാഷ്ട്രത്തിന്  വഹിക്കേണ്ടതായി വരും.  കുടിയൊഴിപ്പിക്കലും  ചേരികളെ നിഷ്കാസനം ചെയ്തതും  ചര്‍ച്ചയായി വരാം. ആക്ഷേപങ്ങളുടെയും  അഴിമതിയുടെയും ഭാണ്ഡങ്ങള്‍ അഴിക്കപ്പെടുന്ന കാലം ആഗതമായിരിക്കുന്നു. പാവങ്ങളും പാര്‍പ്പിടം നഷ്ടപ്പെട്ടവരും സര്‍ക്കാരിനെ ശപിച്ചുവെന്നു വരാം.  പക്ഷേ,... ഇവിടെ അവര്‍ വിജയികളായിരിക്കുന്നു.  കാരണം മഹത്തായ രീതിയില്‍ ഒളിമ്പിക്സ് സംഘടിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു.


                          ഒളിമ്പിക്സിന്‍റെ സാമൂഹിക പ്രതിബദ്ധത എടുത്തു പറയേണ്ടുന്ന ഒന്നാണ്.  എല്ലാ ലോകരാജ്യങ്ങളും പങ്കാളികളാകുന്ന  സ്ഥിതിയാണ് രൂപപ്പെടേണ്ടത്.  വര്‍ഗ്ഗീയവും വിഭാഗീയവുമായ ചിന്താഗതികള്‍ക്ക് പതിന്നാറു നാളെങ്കിലും ലോകം അവധി നല്കിയില്ലേ... .. ലോക നേതാക്കന്മാര്‍ പരസ്പര സംവാദം അവസാനിപ്പിച്ചില്ലേ  ... അതു തുടരാനുള്ള സാഹചര്യം രൂപപ്പെടണം.  ലോകയുദ്ധങ്ങള്‍ക്കു ശേഷമുള്ള  ഒളിമ്പിക്സില്‍ യുദ്ധകാരണക്കാര്‍ക്കു  പ്രവേശനം നിഷേധിച്ചിരുന്നു.  അതിന്നു ശേഷം വന്‍ശക്തികള്‍ തമ്മിലുള്ള ശീതസമരം  ഒരു വിഭാഗത്തിന്‍റെ ബഹിഷ്കരണത്തിനു കാരണമായി.  അത് ആവര്‍ത്തിക്കാതിരിക്കാനുള്ള  മുന്‍കരുതല്‍, യുദ്ധവും ശീതസമരവും, അത്യാവശ്യമാണ്. ഒളിമ്പിക്സില്‍ ലോകരാഷ്ട്രങ്ങള്‍  പ്രകടിപ്പിച്ച  ഐക്യം എല്ലാ മേഖലകളിലും സംജാതമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകണം.  ലോകത്തെ കാര്‍ന്നു തിന്നുന്ന പ്രേമരാഹിത്യത്തില്‍ നിന്നും ഉടലെടുക്കുന്ന മദമാത്സര്യങ്ങള്‍ക്ക് അന്ത്യമുണ്ടാകണം.


                             ബോള്‍ട്ടിന്‍റെ കുതിപ്പും   ഫെലിപ്സിന്‍റെ  കണിശതയും നമ്മള്‍ കണ്ടു കഴിഞ്ഞു.  ടീമിനങ്ങളും വ്യക്തിഗത ഇനങ്ങളും ഒക്കെ കഠിനമായ മത്സരത്തിനു വിധേയമായി.  ഇക്കൂട്ടത്തില്‍ നമ്മള്‍ എന്തു നേടി എന്നതും പരിശോധിക്കപ്പെടണം.  ആക്ഷേപങ്ങളും പടലപ്പിണക്കങ്ങളും  ഒളിമ്പിക്സിനു പുറപ്പെടുമ്പോള്‍ തന്നെ ധാരാളമുണ്ടായി.  പരാജയത്തിന്‍റെ കയ്പുനീര്‍ വേണ്ടും  വണ്ണം  കുടിക്കുകയും ചെയ്തു.  എങ്കിലും പി.വി.സിന്ധുവും  സാക്ഷി മല്ലികും ഇരുട്ടിലുദിച്ച പൊന്‍താരകളായി ജ്വലിക്കുന്നു.  രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്പര്യമേഖലയായി  കായികലോകം മാരുന്നതു തടയേണ്ടിയിരിക്കുന്നു.  


                           പി.വി.സിന്ധുവിനും സാക്ഷിമല്ലികിനും  ഹൃദയഹാരങ്ങള്‍....



       

        


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ