മറന്നു പോകുന്ന ധര്‍മ്മം
വളരെ ലജ്ജാകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇന്ന് കേരളം കടന്നു പോകുന്നത്. അഭ്യസ്തവിദ്യരുടെയും സഹിഷ്ണുക്കളുടെയും കൂടായ കേരളത്തിന്‍റെ നട്ടെല്ല് തകര്‍ക്കുന്നതും എവിടെയൊക്കെയോ അഭിരമിക്കുന്ന ഭീകരതയ്ക്കു സമാനമായതുമായ ഒന്ന്, നമ്മുടെ കണ്‍മുമ്പില്‍ വിളയാടുകയാണ്.
വിഷയം ചൂണ്ടിക്കാണിക്കട്ടെ. ബഹുമാനപ്പെട്ട കോടതികളില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാനാവാത്ത അവസ്ഥ തന്നെയാണ് വിഷയം. കൊച്ചിയില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് എത്തി അരങ്ങു തകര്‍ത്ത കറുത്ത മനസ്സിന്‍റെ ആക്രോശം കോഴിക്കോട്ടും ദുര്‍മുഖം കാട്ടിയിരിക്കുന്നു.
അത് എന്തിന്‍റെ പേരിലാണെന്ന് സാധാരണക്കാര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു സര്‍ക്കാര്‍ വക്കീലിന്‍റെ സ്ത്രീ പീഡനം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെച്ചൊല്ലിയാണ് തര്‍ക്കം എന്നറിയാം. എന്നാല്‍ അതില്‍ തര്‍ക്കിക്കാന്‍ എന്തിരിക്കുന്നു ? ആ വാര്‍ത്ത വാസ്തവവിരുദ്ധമോ, അന്യായമോ ആണെങ്കില്‍ വക്കീലന്മാര്‍ക്ക് മാനനഷ്ടക്കേസോ മറ്റോ ഫയല്‍ ചെയ്താല്‍ പോരേ ? കയ്യാങ്കളിയില്‍ അതെത്തേണ്ടതുണ്ടോ ?
എത്രയോ വിവാദകരങ്ങളായ വിഷയങ്ങള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. എത്രയോ വിഷയങ്ങള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി പടച്ചു വിട്ടിട്ടുണ്ട് ! എന്നാല്‍, കാലചക്രത്തിന്‍റെ തിരിച്ചിലില്‍ പലതും അസംബന്ധങ്ങളാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. പല രാഷ്ട്രീയ നേതാക്കളെയും ക്രൂരമായി അപമാനിച്ചിട്ടുണ്ട് ! അഴിമതിയുടെയും അഹങ്കാരത്തിന്‍റെയും പുടവ ചാര്‍ത്തി അപഹസിച്ചിട്ടുണ്ട്. അണികളുടെ ആരവവും പ്രതിഷേധവും ഉയര്‍ന്നിട്ടും ഭാരതത്തിലെ നേതാക്കന്‍മാര്‍, ഇക്കാര്യത്തില്‍ അവരെ സമ്മതിക്കണം, മാനനഷ്ടക്കേസു പോലും കൊടുക്കാന്‍ മുതിര്‍ന്നിട്ടില്ല. അവരുടെ സഹിഷ്ണുതയും മാദ്ധ്യമബഹുമാനവും അപാരം തന്നെയാണ്. വിമര്‍ശിക്കുമ്പോള്‍ പോലും മാദ്ധ്യമങ്ങളെ സംബോധന ചെയ്യുന്നവരാണ്, സ്നേഹിക്കുന്നവരാണ് നമ്മുടെ ജനകീയ നേതാക്കള്‍. കെ.കരുണാകരന് ചാരക്കേസിലൂടെ നഷ്ടമായതിനെക്കുറിച്ച് ഓര്‍ക്കുക. രാജീവ് ഗാന്ധി താറടിക്കപ്പെട്ട സംഭവങ്ങളും നമ്മുടെ മുമ്പിലുണ്ട്. എന്നാല്‍ ഇവിടെ വക്കീലന്മാരുടെ നേതാവിനെതിരെ കോടതി തന്നെ പുറപ്പെടുവിച്ച അഭിപ്രായം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനു ശേഷം കോടതിവളപ്പുകളില്‍ ഉണ്ടായ കലഹങ്ങളും അക്രമവും ലജ്ജാകരം തന്നെയാണ്.
ഇതിനെ ജനാധിപത്യ മര്യാദ എന്നു വിളിക്കാം. ഈ ജനാധിപത്യ മര്യാദയുടെ നെടും തൂണുകള്‍ തമ്മിലാണ് കേരളത്തില്‍ തര്‍ക്കവും കലഹവും . ഇതിനിടയില്‍ കണ്ണുചിമ്മിയിരിക്കുന്ന കൂട്ടര്‍ ഉദ്ദേശിക്കുന്നതെന്താണാവോ ? അഭിഭാഷകര്‍ നിയമങ്ങളുടെ വ്യാഖ്യാതാക്കളും നീതിയുടെ കാത്തു സൂക്ഷിപ്പുകാരുമാണ്. മാദ്ധ്യമങ്ങള്‍ സമൂഹത്തിനു ഭീതിയുളവാക്കുന്ന ദുര്‍ന്നയങ്ങളും പീഡനങ്ങളും ജനാധിപത്യധ്വംസനങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നവരുമാണ്. ലോകരുടെ ക്ഷേമമത്രെ ഇക്കൂട്ടര്‍ ഉദ്ഘോഷിക്കുന്നത്. രണ്ടു കൂട്ടരുടെയും യഥാര്‍ത്ഥധര്‍മ്മം ഭംഗിയായി പുലരുമ്പോഴാണ് നാട്ടില്‍ ശാന്തിയും സമാധാനവും പുലരുക. അതേ സമയം ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെ ആക്രമിക്കുന്ന സ്ഥിതി വന്നാല്‍.......!! അപ്പോള്‍, ജനാധിപത്യത്തിന്‍റെ പരിപാലനമല്ല, ഫാസിസത്തിന്‍റെ ഉറയലാവും ഉണ്ടാവുക.
ഞാന്‍ മനസ്സിലാക്കുന്നത്, മാദ്ധ്യമങ്ങള്‍ വഴിവിട്ടൊന്നും ചെയ്തില്ല എന്നാണ്. റിപ്പോര്‍ട്ടു ചെയ്യുക അവരുടെ ഉത്തരവാദിത്തമാണ്. സ്ത്രീവിരുദ്ധ സമീപനം കാട്ടുന്ന ആള്‍ക്കാരുടെ ഉള്ളിലിരുപ്പ് പത്രങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നത് സ്വാഭാവികമാണ്. അയാള്‍ അതു ചെയ്തെന്നു സ്ഥാപിക്കാന്‍ പത്രങ്ങള്‍ക്കു കഴിയില്ല. കോടതിയിലാണ് വിഷയമിരിക്കുന്നത്. ബഹുമാനപ്പെട്ട കോടതി തീര്‍പ്പു പറയുമല്ലോ. പത്രങ്ങളല്ലല്ലോ തീര്‍പ്പു പറയുക. കഠിനമായ അമര്‍ഷമുണ്ടെങ്കില്‍ അഭിഭാഷകര്‍ക്ക് അതു വരെ ക്ഷമിക്കൂ എന്ന് പത്രങ്ങളോട് പത്രസമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞാല്‍ പോരേ ? അല്ലെങ്കില്‍ പലതരം കേസുകള്‍ അഭിജ്ഞരായ അഭിഭാഷകര്‍ക്ക് പ്രസ്തുത പത്രങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്യാം. ഇതൊക്കെയാണ് നല്ല രീതികളും നാട്ടുനടപ്പും.
ബഹുമാനപ്പെട്ട കോടതികളില്‍ കയറി കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ അനുവദിക്കാത്ത സ്ഥിതി വിശേഷം മോശം തന്നെ. അഭിഭാഷകരില്‍ തന്നെ പലതരം രാഷ്ട്രീയ മതങ്ങള്‍ ഉള്ളവരുണ്ട്. അവരൊക്കെ ഇതിനെ അനുകൂലിക്കുന്നു എന്നു വരുന്നത് കഷ്ടമാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടും അഭിഭാഷകര്‍ തങ്ങളുടെ ജനാധിപത്യത്തിന് അനുഗുണമല്ലാത്ത രീതികള്‍ അനുവര്‍ത്തിക്കുന്നു. ആര്‍ക്കു വേണ്ടി ? ഇതിനെക്കൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാകുന്നത് ? ഇത്തരം സംഘം ചേരലുകള്‍ നാടിനെ എവിടെ കാണ്ടെത്തിക്കും ? ഇതില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി എത്രയും വേഗം ഇടപെട്ട് മാദ്ധ്യമ പ്രവര്‍ത്തനം സാദ്ധ്യമാക്കണം. അക്രമങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അക്രമകാരികള്‍ക്കും എതിരെ നടപടികള്‍ മുഖം നോക്കാതെ ഉണ്ടാകണം. വെറും ഒത്തുതീര്‍പ്പല്ല വേണ്ടത്. നടപടികള്‍ തന്നെ. ഇനി ഇത്തരം തോന്നിയവാസം കോടതിവളപ്പുകളിലും പരിസരങ്ങളിലും ഉണ്ടാകാന്‍ പാടില്ല. നീതിന്യായ വ്യവസ്ഥയുടെ മുഖം സുന്ദരമായി പരിപാലിക്കാന്‍ നമുക്കു സാധിക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ