രോഹിത് വെമുലയ്ക്ക് ഒരാമുഖം (കവിതയല്ല)
രോഹിത് വെമുലയ്ക്ക്
രോഹിത്,
അണയാത്ത തിരിയെന്ന്
ചരിത്രം വാഴ്ത്തും
അധികാരഭ്രാന്ത് --
സമൂഹത്തിന്റെ സകല
നീറ്റലും
സമസ്തപുകച്ചിലും
തലകീഴായ്ക്കാണുന്ന,
മനോവിഭ്രാന്തിയുടെ
കരാളഭൂപടം.
അതില്‍
ഇന്നലെ രേഖപ്പെടുത്തിയത്
രോഹിത്തിന്റെ ജീവനായിരുന്നു.
അറിവിന്റെ ആലയങ്ങളില്‍
അന്ധകാരത്തിന്റെ ഭൂതങ്ങള്‍
നരമേധത്തിനിറങ്ങിയിരിക്കുന്നു.
സിംഹാസനങ്ങളില്‍
നീലത്തൊട്ടിയില്‍ വീണ
കുറുനരികള്‍ പതിയിരിക്കുന്നു.
ചിലപ്പോള്‍ അവയുടെ ഓരി,
സ്വന്തം
സ്വത്വം വെളിപ്പെടുത്തും.
ഇതാ, ശ്രേഷ്ഠന്‍ വാഴേണ്ടിടത്ത്,
ഭൂതദയയും സത്യവും
മേളിക്കേണ്ടിടത്ത്,
മനുഷ്യത്വത്തിന്റെ പാല്‍നുര
യുയരേണ്ടിടത്ത്,
സൃഗാലന്റെ 'ഗാനം'.
കണ്ടകന്മാര്‍ മുള്ളു വിടര്‍ത്തുന്നു.
വിദ്യാര്‍ത്ഥിയുടെ മീതേയുള്ള
ഉത്തരവിന്റെ ഭാഷയ്ക്ക്
ലോകത്തിലെവിടേയും
ഒരൊറ്റഅര്‍ത്ഥമേയുള്ളൂ,
അവ അധികാര പ്രമത്തതയുടെ
ചാട്ടകളാണ്.
അവ,
ശാസനകളുടെ ചൂട്ടിനാല്‍,
വിനയത്തിന്റെ മുഖത്ത്
ആഞ്ഞുപതിക്കുന്നു.
യാതനയും ദു:ഖവും ഇരമ്പുന്ന
എരിപൊരിജീവിതത്തെ
അറിവിന്റെ നീറ്റില്‍പ്പതയ്ക്കാന്‍,
ആത്മബോധത്തിന്റെ ദീപം
തൊട്ടുഴിയാന്‍,
രോഹിത്, നിനക്കു സാധിച്ചെന്ന്
നിന്റെ എഴുത്തു സാക്ഷ്യം നില്ക്കുന്നു.
സത്യമൊരു പടുകുഴിയും
സര്‍വകലാശാലയുമാകുന്നോ ?
ഭാരതം റോക്കറ്റുകള്‍ അയക്കേണ്ടത്
നമ്മിലെ
അസഹിഷ്ണുതയുടെ തുരുത്തുകളിലാണ്.
ജാതിയുടെയും മതത്തിന്റെയും മുറുകിയ ഞരമ്പുകളിലാണ്.
നാക്കിലയില്‍
പെരുവിരല്‍ അറുത്തു തരുന്ന
ശിഷ്യന്റെ കുലീനത
ദൌര്‍ബല്യത്തിന്റെ കയ്യൊപ്പെന്ന് കരുതരുത്.
ആരും......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ