ഗോപാലൻ നായരുടെ താടി - ഉറൂബ്
ഉറൂബ് എന്ന തൂലികാനാമത്തിൽ കഥയെഴുതുന്ന പി.സി.കുട്ടികൃഷ്ണൻ മാനവികതയുടെ ഉദ്ഘോഷകനാണ്. സ്നേഹവും സഹിഷ്ണുതയും സൗന്ദര്യവും മിടിക്കുന്ന പ്രമേയങ്ങളും കഥാഗാത്രവുമാണ് അദ്ദേഹം സജ്ജമാക്കുന്നത്. വളരെ കാവ്യാത്മകമായൊരു ഭാഷ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അകൃത്രിമമായ ആഖ്യാനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മർമ്മം. കലർപ്പറ്റ മാനുഷികതയുടെ ആഖ്യാതാവായി ഉറൂബിനെ വിശേഷിപ്പിക്കാം. പലതരത്തിൽ ബന്ധപ്പെട്ട മനുഷ്യരുടെ ആവാസത്താൽ ചൂടും ചൈതന്യവും ഭാവസൗരഭ്യവുമുള്ള ഒരന്തരീക്ഷമാണ് ഉറൂബിന്റെ കഥാസാഹിത്യത്തിൽ സ്പന്ദിക്കുന്നതെന്ന് എം.അച്യുതൻ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു:" ആ മാനുഷികബന്ധങ്ങളുടെ ലോകത്തിൽ സംഭവിക്കുന്ന ഇണക്കവും പിണക്കവും സുഖവും ദു:ഖവും വിദ്വേഷവും വാശിയും കാരുണ്യവും ക്രൗര്യവും വിഡ്ഢിത്തവുമെല്ലാം സഹാനുഭൂതിയോടും നർമ്മബോധത്തോടുംകൂടി നിരീക്ഷിച്ചു ചിത്രീകരിക്കുന്നതിലാണ് ഉറൂബിനു താല്പര്യം." മനുഷ്യന്റെ നന്മയാർന്ന വശത്തിനാണ് ഉറൂബ് എന്നും പ്രാധാന്യം കല്പിച്ചിട്ടുള്ളത്. സത്യവും നന്മയും തന്നെ സൗന്ദര്യം. എത്ര ചപലമായ മനസ്സിൽ പോലും നന്മയുടെ മുത്തുകൾ കണ്ടെത്താനുള്ള വ്യാഗ്രത അദ്ദേഹത്തിന്റെ എഴുത്തിനുണ്ടായിരുന്നു. നവോ...