ദുരവസ്ഥയും കൊമാലയും തമ്മിലെന്ത് ? (ലേഖനം)
ദുരവസ്ഥയും കൊമാലയും തമ്മിലെന്ത് ? ദുരവസ്ഥ പ്രശസ്തമായ ഒരു കാവ്യമാണ്. എഴുതിയത് എന്‍.കുമാരനാശാന്‍. 1922 ലാണ് രചന. എന്നാല്‍ കൊമാല ഒരു കഥയാണ്. എഴുതിയത് സന്തോഷ് ഏച്ചിക്കാനം. 2006 ല്‍ . ദുരവസ്ഥ എഴുതാന്‍ ആശാനെ പ്രേരിപ്പിച്ചത് മലബാര്‍ കലാപമായിരുന്നു എന്ന് ആ കൃതിയുടെ മുഖവുരയില്‍ ആശാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുജന്മികള്‍ക്കും പ്രതാപികള്‍ക്കും സമ്പന്നര്‍ക്കുമെതിരെ മുസ്ളിങ്ങളായ കര്‍ഷക തൊഴിലാളികള്‍ നടത്തിയ ലഹളയ്ക്ക് വര്‍ഗ്ഗീയലഹളയുടെ മുഖമുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ അതുവിശ്വസിച്ചു പോയി ആശാന്‍. പിന്നീട് ചരിത്രകാരന്മാര്‍ അതിനെ കര്‍ഷക കലാപം എന്ന നിലയ്ക്കുതന്നെ അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാതെ ശരിയായി വിലയിരുത്തി. സാവിത്രി എന്ന ബ്രാഹ്മണയുവതിയും ചാത്തന്‍ എന്ന പുലയയുവാവും തമ്മിലുള്ള പരിണയത്തിലാണ് ദുരവസ്ഥ ചെന്നവസാനിക്കുന്നത്. അങ്ങനെ, വ്യത്യസ്ത ജാതിയില്‍ പിറന്നവര്‍ക്ക് ഒന്നിക്കാനുള്ള സാഹചര്യസൃഷ്ടിയാണ് ആശാനെ സംബന്ധിച്ച് മലബാര്‍ കലാപം സാധിക്കുന്നത്. ചാത്തനെ സ്വാധ...