ഉളി പിടിച്ച കയ്യ്: അമ്പാടി നാരായണ പൊതുവാൾ (കഥാവിചാരം)
ചെറുകഥയെ വിനോദമായും ജീവിതത്തിൻ്റെ വിശകലനമായും കാണുന്ന സമീപനമാണ് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിലെ ചെറുകഥാകൃത്തുക്കൾ സ്വീകരിച്ചത്. ചെറുകഥയുടെ സമകാലിക പ്രയോഗസാദ്ധ്യതകളിലേക്ക് അവർ സാവധാനത്തിലാണ് മിഴി തുറന്നത്. പി.ജി. രാമയ്യർ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഓ എം. ചെറിയാൻ, അമ്പാടി നാരായണ പൊതുവാൾ മുതലായ ചെറുകഥാകൃത്തുക്കൾ മികവു തെളിയിച്ചവരാണ്. അമ്പാടി നാരായണ പൊതുവാൾ സ്വന്തമായ ഒരു കഥാലോകം പടുത്തുയർത്തിയ എഴുത്തുകാരനാണ്. ‘കഥകളുടെ അന്തരീക്ഷസൃഷ്ടിയിലും വർണ്ണനയിലും നാരായണ പൊതുവാളുടെ ഭാഷാപ്രയോഗവ്യഗ്രത വ്യക്തമാണെന്ന്’ ഡോ. എം.എം. ബഷീർ മലയാള ചെറുകഥാ സാഹിത്യ ചരിത്രമെന്ന കൃതിയിൽ പരാമർശിക്കുന്നു. മുണ്ടശ്ശേരിയും നാരായണപൊതുവാളുടെ കഥാസമീപനം പ്രശംസിക്കുന്നു. സംഭവം വർണ്ണിക്കുന്നതോടൊപ്പമുള്ള അന്തരീക്ഷ സൃഷ്ടിയാണ് മുണ്ടശ്ശേരിയുടെ മനസ്സു കവർന്നത്. ഭാഷയും ഭാവനയും അതിൻ്റെ പൊലിമയ്ക്കായി ഉപയോഗപ്പെടുത്തുന്നു. ആദ്യകാല ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ അമ്പാടി നാരായണ പൊതുവാളുടെ മികച്ച കഥയാണ് ‘ഉളി പിടിച്ച കയ്യ്’. കഥാവിഷയസ്വീകരണത്തിലും ശൈലിയിലും പ്രമുഖ സാഹിത്യകാരനും പണ്ഡിതനുമായ അപ്പൻതമ്പുരാനോട് വളരെയേറെ സാദൃശ്യം പുലർത്തുന്...