പൊൻകുന്നം വർക്കി': പുരോഗമന കലാപകാരി
സുഹൃത്തുക്കളേ, കലയും സാഹിത്യവും ഇന്നും ഭരണകൂടങ്ങളുടെയും അധികാരസ്ഥാപനങ്ങളുടെയും നോട്ടപ്പുള്ളികൾ തന്നെയാണ്. എഴുത്തുകാർക്കും കലാകാരന്മാർക്കും സ്വതന്ത്ര ഇന്ത്യയിൽ ഉള്ള ആവിഷ്കാരസ്വാതന്ത്ര്യം പോലും ആരുടെയൊക്കെയോ ഔദാര്യമാണെന്ന അവസ്ഥ വന്നുചേർന്നിരിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും ഭരണകൂടവിരുദ്ധവും ദേശദ്രോഹവുമായി മുദ്രകുത്തപ്പെടുന്നു. മത-ജാതി വിഭാഗങ്ങളിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും യുക്തിപൂർവം വിമർശിക്കുന്നവരെ മത-ജാതി ആക്ഷേപകരെന്ന് ബ്രാൻഡ് ചെയ്ത് പാരമ്പര്യവാദികൾ ക്രൂശിക്കുന്നു. അന്ധവിശ്വാസ നിർമ്മാർജ്ജനാർത്ഥം മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന പുരോഗമന പ്രവർത്തകർ വെടിയേറ്റ് കൊല്ലപ്പെടുന്നു. സിനിമകളിലും രംഗാവതരണങ്ങളിലും മത ദൂഷ്യപരാമർശമുണ്ടെന്ന് ആരോപിച്ച് സെറ്റുകളും വേദികളും തകർക്കുന്നു. എഴുത്തുകാരനെയും കലാകാരനെയും വിലക്കുവാനുള്ള തൻ്റേടം വർഗ്ഗീയ വാദികൾക്കും സ്ഥാപിത പാരമ്പര്യവാദികൾക്കും പ്രതിലോമകർക്കും കൈവന്നിരിക്കുന്നു. ഇന്ന് സ്വന്തം കൈപ്പത്തിയെക്കുറിച്ച് ഓരോ അദ്ധ്യാപകനും ബോധവാനാണ്. സ്വന്തം കുടുംബത്തെക്കുറിച്ചുള്ള വേ...