മൊയിൻകുട്ടി വൈദ്യർ - ഒരു ലഘു കുറിപ്പ്.

അറബിമലയാളത്തിലെ പദ്യശാഖയായ മാപ്പിളപ്പാട്ടുകൾ സംഗീത നിർഭരവും സ്വതന്ത്ര ഭാവനയാൽ അനുഗ്രഹീതവുമാണ്. വിശുദ്ധന്മാരെ പ്രകീർത്തിക്കുന്ന മാലപ്പാട്ടുകൾ, വീരാ പദാനങ്ങളും യുദ്ധ പരാക്രമങ്ങളും വർണ്ണിക്കുന്ന പടപ്പാട്ടുകൾ, ശൃംഗാരപ്രധാനമായ കെസ്സുപാട്ടുകൾ, കത്തു പാട്ടുകൾ, കല്യാണപ്പാട്ടുകൾ, സർക്കീട്ട് പാട്ടുകൾ എന്നിങ്ങനെ പുതുമയുള്ളതും തനിമയുള്ളതുമായ വിവിധവിഭാഗങ്ങൾ അതിനുണ്ട്. ഈ മേഖലയിൽ വിജയക്കൊടി നാട്ടിയ എഴുത്തുകാരനാണ് മൊയിൻകുട്ടി വൈദ്യർ( 1852-1892). മൊയിൻകുട്ടി വൈദ്യരെ സ്വാതന്ത്ര്യത്തിൻ്റെ പാട്ടുകാരനായാണ് കാരശ്ശേരി മാഷ് അവതരിപ്പിക്കുന്നത്. പ്രണയത്തെ ജീവിതാദർശമാക്കിയ ബദറുൽ മുനീർ - ഹുസ്നുൽ ജമാൽ എന്ന കാവ്യത്തിൻ്റെ രചയിതാവാണ് അദ്ദേഹം. നാട്ടുവൈദ്യരായ അഹമ്മദുകുട്ടി വൈദ്യരുടെ മകനാണ് മൊയിൻകുട്ടി. മതപാഠശാലയിൽ നിന്ന് അറബി, പാർസി ഭാഷകൾ പഠിച്ചു. പാരമ്പര്യ കുല വൃത്തി വൈദ്യമാണല്ലോ. അതിനായി സംസ്കൃതവും തമിഴും അഭ്യസിച്ചു. യാത്രാപ്രിയനാകയാലും വായനാ തൽപരനാകയാലും ഹിന്ദുസ്ഥാനി, കന്നഡ എന്നീ ഭാഷകൾ വശത്താക്കി. വിവിധ ഭാഷകളിലെ അറിവ് സ്വാഭാവികമായും സമൃദ്ധമായ തൻ്റെ കാവ്യഭാവനയെ ഒന്നു കൂടി പുഷ്കലമാക്കാൻ അദ്ദേഹം ഉപയോഗിച്ചു. കാവ്യങ...