നളചരിതം രണ്ടാം ദിനം - കലിയുടെ കഥ
പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്. കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ...