ഒളിമ്പിക്സ്......
ഒളിമ്പിക്സിന് തിരശ്ശീല വീണിരിക്കുന്നു. ഐക്യത്തിന്‍റെയും പരസ്പരസ്നേഹത്തിന്‍റെയും പുതിയഗാഥകള്‍ വിരചിക്കപ്പെട്ടിരിക്കുന്നു. ലോകം തീവ്രവാദഭീഷണിയിലും വംശീയവാദത്തിലും പതറി നില്ക്കുന്ന അവസരത്തിലാണ് പതിന്നാറു ദിവസം നീണ്ട റിയോ ഒളിമ്പിക്സ് അരങ്ങേറിയത്. തീവ്രവാദികളുടെ ആസുരമുഖം അവിടെ പത്തിനിവര്‍ത്തിയില്ലെന്നത് സന്തോഷകരമാണ്. 204 ലോകരാഷ്ട്രങ്ങളിലെ കായികതാരങ്ങള്‍ മത്സരത്തിനിറങ്ങി. 78 ലോകരാജ്യങ്ങള്‍ക്ക് എന്തെങ്കിലും മെഡല്‍ ലഭിക്കുകയും ചെയ്തു. ലോകരാജ്യങ്ങള്‍ ആരോഗ്യകരമായ മത്സരത്തിലേര്‍പ്പെട്ട ദിവസങ്ങളായിരുന്നു കടന്നു പോയത്. വിനാശകരമായ നിമിഷങ്ങളെ അകറ്റാനും വിവിധ സംസ്കാരങ്ങള്‍ തമ്മില്‍ ഐക്യപ്പെടാനും മാനവസൌഹാര്‍ദ്ദവും മാനവികചിന്തയും ഊട്ടിയുറപ്പിക്കാനും ഒളിമ്പിക്സ് കാരണമായി. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് ബ്രസീലില്‍ ഒളിമ്പിക്സ് അരങ്ങേറിയത്. എന്നിട്ടും തങ്ങളുടെ സാംസ്കാരിക മേന്മ വിളിച്ചോതാന്‍ അവര്‍ക്കു സാധിച്ചു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങളുടെ ഭാരം ഇനിയും ആ രാഷ്ട്രത്തിന് വഹിക്കേണ്ടതായി വരും. കുടിയൊഴിപ്പിക്കലും ചേരികളെ നിഷ്കാസനം ചെയ്തതും ചര്‍ച്ചയായി വരാം.